News

മുഴുവൻ വൈദ്യുതിയും സൗരോർജ്ജത്തിൽ നിന്ന്: സമ്പൂർണ്ണ പരിസ്ഥിതി സൗഹൃദ രാജ്യമാകാൻ വത്തിക്കാൻ

പ്രവാചകശബ്ദം 28-06-2024 - Friday

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള മുഴുവൻ വൈദ്യുതിയും സൗരോർജ്ജത്തിൽനിന്ന് ഉത്പാദിപ്പിക്കാൻ നിർദ്ദേശം നൽകിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ. ജൂൺ 21-ന് “ഫ്രത്തെല്ലോ സോളെ” അഥവാ "സൂര്യസഹോദരൻ" എന്ന പേരിൽ എഴുതിയ അപ്പസ്തോലിക ലേഖനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. റോമിന്റെ പ്രാന്തപ്രദേശത്തുള്ള സാന്താ മരിയ ദി ഗലേറിയയിൽ സോളാർ പാനലുകൾ സ്ഥാപിച്ചുകൊണ്ടാണ് പരിശുദ്ധ സിംഹാസനത്തിന് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും സൗരോർജ്ജത്തിൽ നിന്ന് ലഭ്യമാക്കുക.

ഇതിനായി പ്രത്യേക ഉന്നതോദ്യോഗസ്ഥരെയും പാപ്പാ നിയമിച്ചു. അവിടെയുള്ള റേഡിയോ സ്റ്റേഷന്റെ പ്രവർത്തനങ്ങൾക്കുവേണ്ട വൈദ്യുതി ഉള്‍പ്പെടെ ഇതിൽനിന്ന് ലഭ്യമാക്കുമെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കിക്കൊണ്ടിരിക്കുന്ന ആഗോളതാപനം പോലെയുള്ള പ്രതിഭാസങ്ങൾക്ക് കടിഞ്ഞാണിടുന്നതിന്റെയും ആവശ്യകത ചൂണ്ടിക്കാട്ടി 2015 മെയ് 24-ന്, "ലൗദാത്തോ സി" എന്ന ചാക്രികലേഖനം പാപ്പ പുറത്തിറക്കിയിരിന്നു.

പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കിക്കൊണ്ടിരിക്കുന്ന ആഗോളതാപനം പോലെയുള്ള പ്രതിഭാസങ്ങൾക്ക് കടിഞ്ഞാണിടുന്നതിന്റെ ഭാഗമായി, പെട്രോൾ പോലെയുള്ള ഫോസിൽ ഇന്ധനങ്ങളുടെ ഉൽപാദനത്തിലും ഉപയോഗത്തിലും നിയന്ത്രണം കൊണ്ടുവരേണ്ടതിന്റെയും, ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ഇതില്‍ പരാമര്‍ശമുണ്ടായിരിന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ ഒരുക്കിയ ഉടമ്പടി പരിശുദ്ധ സിംഹാസനവും അംഗീകരിച്ചത് 2022 ജൂലായ് 6-നായിരിന്നുവെന്ന് പാപ്പ അനുസ്മരിച്ചു.

ഇത്തരമൊരു നീക്കം വഴി, മറ്റു രാജ്യങ്ങളെപ്പോലെ, നമ്മുടെ പൊതുഭവനമായ ഭൂമിയ്ക്കും മാനവികതയ്ക്കും നേരെ കാലാവസ്ഥ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾക്ക് ഉത്തരവാദിത്വപരമായും, തങ്ങളുടേതായ കഴിവനുസരിച്ചും ഉത്തരം നൽകാനുള്ള ശ്രമമാണ് താൻ നടത്തിയതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഹരിതഗൃഹവാതകഉത്പാദനം കുറയ്ക്കുന്നത് ലക്ഷ്യമാക്കിയുള്ള വികസനമാതൃകയിലേക്ക് നാമെല്ലാവരും മാറേണ്ടതുണ്ടെന്ന് പാപ്പാ തന്റെ അപ്പസ്തോലികലേഖനത്തിൽ എഴുതി.

ഭൂമി ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക പരിവർത്തനങ്ങളെയും, ധാർമ്മിക, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ അത് സൃഷ്ടിക്കാൻ സാധ്യതയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളെയും നേരിടാൻ ആവശ്യമായ സാങ്കേതികമാർഗ്ഗങ്ങൾ മാനവ സമൂഹത്തിനു മുന്നില്‍ ഉണ്ടെന്നും അത്തരം സാങ്കേതികമാർഗ്ഗങ്ങളിൽ അടിസ്ഥാനപരമായ ഒന്ന് സൗരോർജ്ജമാണെന്നും പാപ്പ കുറിച്ചു. ഈ ചിന്തകളുടെ അടിസ്ഥാനത്തിലാണ് വത്തിക്കാൻ രാജ്യത്തിൻറെ ഗവർണറേറ്റിന്റെ പ്രസിഡന്റ്, പരിശുദ്ധ സിംഹാസനത്തിന്റെ മുഴുവൻ പൈതൃകസ്വത്തും കൈകാര്യം ചെയ്യാൻ ഉത്തരവാദിത്വമുള്ള പ്രസിഡന്റ് എന്ന നിലയിലും, വത്തിക്കാൻ രാജ്യത്തിന്റെ സമ്പൂർണ്ണ ഊർജ്ജോത്പാദനത്തിനായുമുള്ള പദ്ധതി നടപ്പിലാക്കാൻ പാപ്പാ നിർദ്ദേശം നൽകിയിരിക്കുന്നത്.



More Archives >>

Page 1 of 976