News

ഇറ്റലിയിലെ ഭൂകമ്പം: പ്രതിവാര പ്രസംഗം ഉപേക്ഷിച്ച് പതിനായിരങ്ങളോടു കൂടി ജപമാല ചൊല്ലി ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 25-08-2016 - Thursday

വത്തിക്കാന്‍: തന്റെ പ്രതിവാര പ്രസംഗത്തെ ഇറ്റലിയിലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷയാക്കി മാറ്റി ഫ്രാന്‍സിസ് പാപ്പ. പതിനൊന്നായിരത്തില്‍ അധികം തീര്‍ത്ഥാടകര്‍ തിങ്ങി നിറഞ്ഞ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ എത്തിയ മാര്‍പാപ്പ, ഇറ്റലിയെ പിടിച്ചുലച്ച ഭൂചലനത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ തീര്‍ത്ഥാടകരോട് ആഹ്വാനം ചെയ്തു. ജപമാലയിലെ ദുഃഖകരമായ രഹസ്യങ്ങളുടെ ഭാഗം ചൊല്ലിയാണ് മാര്‍പാപ്പ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചത്. മധ്യ ഇറ്റലിയിലെ അംബ്രിയ, മാര്‍ച്ചേ, ലാസിയോ മേഖലകളിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 240 പേര്‍ മരിക്കുകയും, അഞ്ഞൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പം നടന്ന പല സ്ഥലങ്ങളും പൂര്‍ണ്ണമായും നാമാവശേഷമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗം നടത്താതെയാണ് ഭൂചലനത്തില്‍ മരിച്ചവര്‍ക്ക് വേണ്ടിയും ദുരിതത്തിലായിരിക്കുന്ന ജനങ്ങള്‍ക്കു വേണ്ടിയും മാര്‍പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചത്. ഭൂചലനം നടന്ന പ്രദേശങ്ങളിലേക്ക് വത്തിക്കാനില്‍ നിന്നും ആറ് അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു നല്‍കിയിരുന്നു. ആദ്യത്തെ വന്‍ ഭൂചലനത്തിനു ശേഷം ചെറു ചലനങ്ങളും ഇടവിട്ട് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

"ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ ആത്മാക്കള്‍ക്കായും പരിക്ക് പറ്റിയ നിരവധി പേരുടെ ആശ്വാസത്തിനായും പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു. ബന്ധുക്കളേയും മിത്രങ്ങളേയും പലര്‍ക്കും നഷ്ടമായി. തീവ്രദുഃഖത്തില്‍ ആയിരിക്കുന്ന ആളുകളോട് ഞാന്‍ ചേര്‍ന്നു നില്‍ക്കുന്നു. ദൈവം അവരുടെ ഹൃദയങ്ങളിലേക്ക് ആശ്വാസം നല്‍കട്ടെ. ഒരു നഗരം തന്നെ ഇല്ലാതായി എന്ന് അമാട്രിസ് മേയര്‍ പറയുന്നതു ഞാന്‍ കേട്ടു. നിരവധി കുഞ്ഞുങ്ങള്‍ മരിക്കുവാനിടയായി. ഇത് എല്ലാം എന്നെ ഏറെ ദുഃഖത്തിലേക്ക് ആഴ്ത്തുന്നു. ആശ്വാസത്തിനും സംരക്ഷണത്തിനുമായി നമ്മുക്കെല്ലാവര്‍ക്കും ചേര്‍ന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാം". ഫ്രാന്‍സിസ് പാപ്പ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തിങ്ങി കൂടിയ പതിനൊന്നായിരത്തില്‍ പരം വിശ്വാസികളോടായി പറഞ്ഞു. രക്ഷാപ്രവര്‍ത്തനം നടത്തുന്ന എല്ലാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഫ്രാന്‍സിസ് പാപ്പ തന്റെ പ്രത്യേക കൃതജ്ഞതയും പ്രാര്‍ത്ഥനയും അറിയിച്ചു.

വിശുദ്ധ ബനഡിക്ടറ്റ് ജനിച്ച സ്ഥലത്തിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം. ഭൂചലനമുണ്ടായി അര മണിക്കൂറിനുള്ളില്‍ തന്നെ നോര്‍സിയായിലെ ബനഡിക്ടറ്റ് ആശ്രമത്തിനു മുന്നിലുള്ള വിശാലമായ ചത്വരത്തിലേക്ക് ആളുകള്‍ ഓടികൂടിയെന്നു ആശ്രമ വൈദികന്‍ ഫാദര്‍ നിവാക്കോഫ് കാത്തലിക് ന്യൂസ് സര്‍വ്വീസിനോട് പറഞ്ഞു. "ഈ പ്രദേശം മുഴുവനും തകര്‍ന്നു തരിപ്പണമായപ്പോഴും സുരക്ഷിത സ്ഥലമായി ആശ്രമം നിലകൊണ്ടു. ഇതിനെ തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ ഇവിടേയ്ക്ക് ഓടിക്കൂടി. ഇവിടെയുള്ള കെട്ടിടങ്ങള്‍ ഒന്നും തകര്‍ന്നിട്ടില്ല. അതിനാല്‍ ആളുകളെ പാര്‍പ്പിക്കുന്ന ഒരു അഭയാര്‍ത്ഥി കേന്ദ്രമാക്കി ആശ്രമം മാറ്റുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയാണ്". ഫാദര്‍ നോക്കോഫ് പറഞ്ഞു.

More Archives >>

Page 1 of 72