News

മദര്‍ തെരേസയുമായി 47 വര്‍ഷത്തെ ആത്മബന്ധമുണ്ടായിരുന്നുവെന്ന് പോപ് ഗായിക ഉഷാ ഉതുപ്പ്

സ്വന്തം ലേഖകന്‍ 22-08-2016 - Monday

മുംബൈ: പോപ് ഗായികയായ ഉഷാ ഉതുപ്പിനെ അറിയാത്തവരായി നമ്മില്‍ ആരും കാണില്ല. എന്നാല്‍ പലര്‍ക്കും അറിയാത്ത ഒരു വസ്തുതയുണ്ട്. വാഴ്ത്തപ്പെട്ട മദര്‍തെരേസ അന്തരിച്ച ദിവസം മദറിന്റെ കോണ്‍വെന്റിലേക്ക് പുറത്തു നിന്നും കടന്നു വന്ന ആദ്യത്തെ വ്യക്തി ഉഷാ ഉതുപ്പാണ്. പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയുമായി തനിക്ക് 47 വര്‍ഷം നീണ്ട ആത്മബന്ധം ഉണ്ടായിരിന്നുവെന്ന് കഴിഞ്ഞ ദിവസമാണ് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഉഷ തുറന്ന്‍ പറഞ്ഞത്.

"എന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് മദര്‍തെരേസ. ഞങ്ങള്‍ തമ്മില്‍ 47 വര്‍ഷത്തെ ആഴമായ ആത്മബന്ധമുണ്ട്. കാഴ്ചയിലെ പോലെ ആയിരുന്നില്ല മദര്‍. വളരെ ശക്തയും സേവനത്തില്‍ തീവ്രമായ താല്‍പര്യവും, അതേ സമയം തമാശ പറയുവാനുള്ള കഴിവും മദറിന് ഉണ്ടായിരുന്നു. മഹാത്മാ ഗാന്ധിയെ പോലെ തന്നെ വേഗത്തിലായിരുന്നു മദര്‍ നടന്നിരുന്നത്. മദറിന്റെ കൂടെ നടന്നെത്തുവാന്‍ ഞാന്‍ ഏറെ പണിപ്പെട്ടിരുന്നു. മദറിന്റെ പ്രേം ദാന്‍, ശിശുമന്ദിര്‍, മദര്‍ഹൗസ് എന്നീ മൂന്നു ആശ്രമങ്ങളില്‍ പാട്ടുപാടുവാന്‍ എല്ലായ്‌പ്പോഴും എന്നെ ക്ഷണിച്ചിരുന്നു". ഉഷാ ഉതുപ്പ് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

താന്‍ റെക്കോര്‍ഡിംഗിനായി പോകുന്ന സ്റ്റുഡിയോയുടെ മുമ്പിലായിരുന്നു മദറിന്റെ ആശ്രമമെന്നും 'ബ്യൂട്ടിഫുള്‍ സണ്‍ഡേ..' എന്ന ഗാനം മദര്‍ ഏറെ ആസ്വദിച്ചിരിന്നതായും ഉഷ പറയുന്നു. മദര്‍തെരേസയുടെ മിഷ്‌നറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണം കണ്ടെത്തുന്നതിനായി ഉഷാ ഉതുപ്പ് നിരവധി സംഗീത പരിപാടികള്‍ നടത്തിയിരുന്നു.

"മദര്‍ മരിച്ച ദിവസം ആശ്രമത്തിലേക്ക് പുറത്തു നിന്നും ചെല്ലുന്ന ആദ്യത്തെ വ്യക്തി ഞാനാണ്. ആശ്രമത്തിലെ കന്യാസ്ത്രീകള്‍ എല്ലാം ഇടയനെ നഷ്ടപ്പെട്ട ആടുകളെ പോലെ എന്തുചെയ്യണം എന്ന് അറിയാതെ കരയുകയായിരിന്നു. മദറിന്റെ കരങ്ങളിലേക്ക് ജപമാല ചേര്‍ത്തു പിടിപ്പിക്കുവാനുള്ള ഭാഗ്യം ദൈവം എനിക്കാണ് നല്‍കിയത്. പിന്നീടുള്ള അഞ്ച് ദിവസങ്ങളില്‍ മദറിന്റെ ശരീരം പൊതുദര്‍ശനത്തിന് വച്ചു. ഇത്രയും ദിവസവും മദറിന്റെ അരികില്‍ പാട്ടുകള്‍ പാടി ഞാന്‍ നിന്നു". ഉഷാ ഉതുപ്പ് തന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു.

2003-ല്‍ റോമില്‍ മദര്‍തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ചടങ്ങിലും ഉഷാ ഉതുപ്പ് പങ്കെടുത്തിരുന്നു. മിഷ്‌നറീസ് ഓഫ് ചാരിറ്റിയില്‍ നിന്നും വത്തിക്കാനില്‍ നിന്നും വിശുദ്ധ പ്രഖ്യാപന ചടങ്ങിലേക്ക് എത്താനുള്ള പ്രത്യേക ക്ഷണം ഉഷയ്ക്കു ലഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ മൂന്നാം തീയതി രാത്രിയില്‍ നടക്കുന്ന പരിപാടിയില്‍ ഉഷ ഗാനമാലപിക്കും. 'ലാക്ക് ലാക്ക് ഹസാര്‍ ഹസാര്‍' എന്ന ബംഗാളി ഗാനവും 'പുവറസ്റ്റ് ഓഫ് ദ പുവറര്‍' എന്ന ഇംഗ്ലീഷ് ഗാനവുമാണ് ഉഷാ ഉതുപ്പ് അന്നേ ദിവസം അവതരിപ്പിക്കുക. ഇതിനായുള്ള പരിശീലനത്തിലാണ് ഉഷ ഇപ്പോള്‍. ഈ മാസം 31-ന് പോപ് ഗായിക റോമിലേക്ക് യാത്ര തിരിക്കും.

More Archives >>

Page 1 of 71