News - 2024

'ക്രോസ് ഓഫ് ഓണര്‍' പുരസ്‌കാരം ബംഗ്ലാദേശികളായ രണ്ടു പേര്‍ക്ക്

സ്വന്തം ലേഖകന്‍ 23-08-2016 - Tuesday

ധാക്ക: സഭയ്ക്കും സമൂഹത്തിനും നല്‍കുന്ന സംഭാവന കണക്കിലെടുത്ത് മാര്‍പാപ്പ നല്‍കുന്ന സഭയിലെ ഏറ്റവും പരമോന്നത പുരസ്‌കാരമായ ക്രോസ് ഓഫ് ഓണറിന് ബംഗ്ലാദേശ് സ്വദേശികളായ രണ്ടു കത്തോലിക്കര്‍ അര്‍ഹരായി. കാരിത്താസ് ബംഗ്ലാദേശിന്റെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ബനഡിക്റ്റ് അലോ ഡീ റൊസാരിയോ, അന്തരിച്ച കത്തോലിക്ക രാഷ്ട്രീയ നേതാവ് പ്രമോദ് മാന്‍കിന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഇതാദ്യമായാണ് ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് ക്രോസ് ഓഫ് ഓണര്‍ പുരസ്‌കാരം ലഭിക്കുന്നത്.

ബംഗ്ലാദേശിലെ അപ്പോസ്‌ത്തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് കൊച്ചേരി ക്രോസ് ഓഫ് ഹോണര്‍ പുരസ്‌കാരം ബനഡിക്റ്റ് അലോ ഡീ റൊസാരിയോയ്ക്കും പ്രമോദ് മാന്‍കിന്റെ ഭാര്യക്കും സമ്മാനിച്ചു. കത്തോലിക്ക വിശ്വാസിക്ക് മാര്‍പാപ്പ നല്‍കുന്ന സഭയിലെ പരമോന്നത പുരസ്‌കാരമാണ് ക്രോസ് ഓഫ് ഹോണര്‍. 1987-ല്‍ ആണ് അലോ ഡീ റൊസാരിയോ കാരിത്താസിലൂടെ തന്റെ സേവന ജീവിതം ആരംഭിക്കുന്നത്. 11 വര്‍ഷക്കാലം കാരിത്താസ് ബംഗ്ലാദേശിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനം ചെയ്ത അദ്ദേഹം ഈ വര്‍ഷം ജൂണ്‍ 23-നാണ് വിരമിച്ചത്.

മുസ്ലീം ഭൂരിപക്ഷരാജ്യമായ ബംഗ്ലാദേശില്‍ ജനസംഖ്യയുടെ ചെറിയ ഒരു ഭാഗം മാത്രമാണ് ക്രൈസ്തവര്‍. 160 മില്യണ്‍ ആളുകള്‍ അതിവസിക്കുന്ന രാജ്യത്ത് തങ്ങളുടെ സേവന പ്രവര്‍ത്തനങ്ങളിലൂടെ അനേകരുടെ കണ്ണീരൊപ്പാന്‍ കാരിത്താസിനായി. രണ്ടു മില്യണ്‍ ആളുകള്‍ക്ക് പാര്‍പ്പിടവും, വിദ്യാഭ്യാസവും, ഭക്ഷണവും,വെള്ളവും, തൊഴില്‍പരിശീലനവുമെല്ലാം 95 പദ്ധതികളിലൂടെ കാരിത്താസ് എത്തിക്കുന്നു. ഇവയുടെ എല്ലാം നടത്തിപ്പിന് നേതൃത്വം വഹിച്ച വ്യക്തിയാണ് അലോ ഡീ റൊസാരിയോ.

അന്തരിച്ച കത്തോലിക്ക രാഷ്ട്രീയ നേതാവായ പ്രമോദ് മാന്‍കിന്‍ കത്തോലിക്ക സഭ നടത്തുന്ന ഒരു സ്‌കൂളില്‍ അധ്യാപകനായിട്ടാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് നിയമ ബിരുദം നേടിയ അദ്ദേഹം സാമൂഹ്യപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നു. 1991-ല്‍ അവാമി ലീഗ് പാര്‍ട്ടിയുടെ നേതാവായി മത്സരിച്ച് അദ്ദേഹം പാര്‍ലമെന്റില്‍ എത്തി. 2009 മുതല്‍ 2012 വരെയുള്ള വര്‍ഷങ്ങളില്‍ ബംഗ്ലാദേശിന്റെ സാംസ്‌കാരിക മന്ത്രിയായി അദ്ദേഹം സേവനം അനുഷ്ടിച്ചു.

2012 മുതല്‍ സാമൂഹികക്ഷേമ വകുപ്പിന്റെ ചുമതല വഹിച്ചു വരികയായിരിന്നു പ്രമോദ് മാന്‍കിന്‍. ദളിത് ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. മെയ് 11നാണ് പ്രമോദ് മാന്‍കിന്‍ അന്തരിച്ചത്. ബംഗ്ലാദേശ് കത്തോലിക്ക സഭയിലെ എട്ടു ബിഷപ്പുമാരും 60-ല്‍ അധികം കത്തോലിക്ക വിശ്വാസികളുടെ പ്രതിനിധികളും പങ്കെടുത്ത ചടങ്ങിലാണ് ക്രോസ് ഓഫ് ഓണര്‍ പുരസ്‌കാരം സമ്മാനിച്ചത്.

More Archives >>

Page 1 of 72