News - 2024

ബൾഗേറിയൻ ഓർത്തഡോക്സ് സഭയ്ക്ക് പുതിയ പാത്രിയാർക്കീസ്

പ്രവാചകശബ്ദം 02-07-2024 - Tuesday

സോഫിയ: ബൾഗേറിയൻ ഓർത്തഡോക്സ് സഭയുടെ പുതിയ തലവനായി വിദിനിലെ ഡാനിൽ (അതനാസ് ട്രെൻഡഫിലോവ് നിക്കോലോവ്) മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് കൗൺസിലിന് സമർപ്പിച്ച മൂന്നു സ്ഥാനാർത്ഥികളിൽ ഏറെ പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ഡാനിൽ മെത്രാപ്പോലീത്ത. 140 അംഗങ്ങളുള്ള തെരഞ്ഞെടുപ്പ് കൗൺസിലില്‍ 138 പേരാണ് പങ്കെടുത്തത്. കഴിഞ്ഞ ജൂൺ 20നാണ് 14 മെത്രാപ്പോലീത്തമാർ സഭാ തെരഞ്ഞെടുപ്പ് കൗൺസിലിലേക്ക് വിദിനിലെ ഡാനിൽ മെത്രാപ്പോലീത്തയുടെ പേര് നിർദേശിച്ചത്.

മറ്റു ക്രൈസ്തവ മേലധ്യക്ഷന്മാരുടെ സാന്നിധ്യത്തിൽ പുതിയ പാത്രിയാർക്കീസിന്റെ സ്ഥാനാരോഹണം നടന്നു. കത്തീഡ്രൽ ദേവാലയത്തിൽവെച്ചു നടന്ന പുതിയ പാത്രിയാർക്കീസിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ, കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയാർക്കീസ്, ബർത്തലോമിയോ ഒന്നാമൻ, വത്തിക്കാൻ പ്രതിനിധിയായി മതസൗഹാർദ്ദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ കുർട്ട് കോച്ച്, അപ്പസ്തോലിക് ന്യൂൺഷ്യോ മോൺ. ലുച്ചാനോ സുറിയാനി, ബൾഗേറിയയുടെ പ്രസിഡന്റ് റുമെൻ രദേവ് എന്നിവർ പങ്കെടുത്തു.

1972 മാർച്ച് 2ന് സ്മോളിയൻ നഗരത്തിലാണ് ഡാനിൽ മെത്രാപ്പോലീത്തയുടെ ജനനം. 2004 ൽ വൈദികനായ അദ്ദേഹം 2008-ൽ മെത്രാനായി തിരഞ്ഞെടുക്കപ്പെടുകയും, 2018 ൽ വിദിനിലെ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെടുകയും ചെയ്തു. വിദിനിലെ മെത്രാപ്പോലീത്തയായി സേവനം അനുഷ്ഠിച്ചുവരുന്നതിനിടെയാണ് ഈ പുതിയ നിയോഗത്തിനായി സഭ അദ്ദേഹത്തെ തിരഞ്ഞെടുത്തത്. 6.6 ദശലക്ഷം വരുന്ന ബൾഗേറിയൻ ജനസംഖ്യയുടെ 80% ഓർത്തഡോക്സ് ക്രിസ്ത്യാനികളാണ്. അമേരിക്ക, കാനഡ, യൂറോപ്യൻ യൂണിയൻ, അർജൻ്റീന, റഷ്യ, ഗ്രീസ്, തുർക്കി എന്നിവിടങ്ങളിലായി ആകെ 7 ദശലക്ഷം അംഗങ്ങളുമുള്ള ബൾഗേറിയൻ ഓർത്തഡോക്സ് സഭയില്‍ രണ്ടായിരം വൈദികരും 2600 ഇടവകകളും 120 ആശ്രമങ്ങളുമുണ്ട്.



More Archives >>

Page 1 of 978