News
ടോക്കിയോയിലെ ആദ്യ കത്തോലിക്ക ദേവാലയം സ്ഥാപിതമായിട്ട് ഒന്നര നൂറ്റാണ്ട്
പ്രവാചകശബ്ദം 08-07-2024 - Monday
ടോക്കിയോ: ജപ്പാനിന്റെ തലസ്ഥാനമായ ടോക്കിയോയിലെ ആദ്യ കത്തോലിക്ക ദേവാലയത്തിന് തുടക്കം കുറിച്ചതിന് ഒന്നര നൂറ്റാണ്ട്. പാരീസ് ഫോറിൻ മിഷൻസ് സൊസൈറ്റി (എംഇപി) സ്ഥാപിച്ച സുകിജിയിലെ സെന്‍റ് ജോസഫ് പള്ളി 1874-ലാണ് കൂദാശ ചെയ്തത്. 1891-ൽ ടോക്കിയോ അതിരൂപത സ്ഥാപിതമായതോടെ ദേവാലയം കത്തീഡ്രൽ പദവിയിലേക്ക് ഉയർത്തപ്പെടുവാനുള്ള സാധ്യതകള്‍ തെളിഞ്ഞു. 1920-ൽ സെൻ്റ് മേരീസ് ചർച്ച് ടോക്കിയോ കത്തീഡ്രലായി ഉയര്‍ത്തപ്പെട്ടു. 1923-ൽ, കാൻ്റോ ഭൂകമ്പത്തിൽ സുകിജിയിലെ ദേവാലയത്തില്‍ കനത്ത നാശ നഷ്ട്ടങ്ങള്‍ ഉണ്ടായെങ്കിലും 1927-ൽ പുനർനിർമിച്ചു. 1999 ജൂൺ ഒന്നിന് ടോക്കിയോയിലെ ചരിത്ര നിര്‍മ്മിതിയായി ജാപ്പനീസ് ഗവൺമെൻ്റ് ഇത് അംഗീകരിച്ചു.
ആദ്യത്തെ മിഷ്ണറിമാർ അഭിമുഖീകരിച്ച വലിയ ബുദ്ധിമുട്ടുകളും വിദേശ മിഷ്ണറിമാരും ജാപ്പനീസ് വിശ്വാസികളും തമ്മിലുള്ള അചഞ്ചലമായ പ്രതീക്ഷയും സഹകരണവും ഊന്നിപ്പറയുന്നതായിരിന്നു സുക്കിജി ദേവാലയത്തിന്റെ സ്ഥാപനമെന്ന് കാരിത്താസ് ഇൻ്റർനാഷ്ണലിസിൻ്റെ പ്രസിഡൻ്റായ ടോക്കിയോ ആർച്ച് ബിഷപ്പുമായ ടാർസിഷ്യസ് ഈസാവോ കികുച്ചി പറഞ്ഞു. 150 വർഷങ്ങൾക്ക് മുന്‍പുള്ളതുപോലെ, ഇന്ന് നമ്മൾ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും എന്നാൽ പ്രതീക്ഷ അന്നത്തെപ്പോലെ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെസ്യൂട്ട് സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ സമകാലീനനായിരുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറാണ് 1549 -ല്‍ ജപ്പാനിൽ സുവിശേഷം എത്തിക്കുന്നത്.
ജപ്പാനിലെ ഭാഷ പഠിച്ച ഫ്രാൻസിസ് സേവ്യർ ആയിരക്കണക്കിന് ആളുകളെ കത്തോലിക്ക വിശ്വാസത്തിലേക്ക് നയിച്ചു. ഇതിനിടയിൽ ഫ്രാൻസിസ്കൻ, ഡൊമിനിക്കൻ, അഗസ്റ്റിനിയൻ സഭകളിലെ മിഷ്ണറിമാരും ജപ്പാനിലേക്കെത്തി. 1589-ൽ സമുറായി നേതാവായിരുന്ന ടൊയോട്ടമി ഹിടയോഷി ക്രൈസ്തവ വിശ്വാസത്തെ നിരോധിച്ചു. 1597 ഫെബ്രുവരി അഞ്ചാം തീയതി, വൈദികരും, കുട്ടികളും ഉൾപ്പെടെ 26 ക്രൈസ്തവ വിശ്വാസികളെ ദീർഘദൂരം നടത്തി നാഗസാക്കിയിൽവച്ച് കുരിശിൽ തറച്ച് കൊന്നത് ക്രൈസ്തവ വിശ്വാസികൾക്കെതിരെ നടന്ന ക്രൂരപീഡനങ്ങളുടെ ഉദാഹരണങ്ങളിൽ ഒന്നു മാത്രമായിരിന്നു. 1867 മുതൽ 1912 വരെ രാജ്യം ഭരിച്ച മീജി രാജാവാണ് ജപ്പാനിൽ മതസ്വാതന്ത്ര്യത്തിന്റെ വാതിലുകള്‍ വീണ്ടും തുറന്നു നൽകിയത്. ഏകദേശം ഒന്നര ശതമാനത്തോളം ക്രൈസ്തവ വിശ്വാസികളാണ് രാജ്യത്തു ഇന്നുള്ളത്.