News - 2024

ദാരിദ്ര്യം: അൽഫോൻസാ സ്നേഹിച്ചു സ്വന്തമാക്കിയ നിധി | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 11

സിസ്റ്റർ റെറ്റി എഫ് സി സി 11-07-2024 - Thursday

"എനിക്ക് എന്റെ ഈശോയെ മാത്രം മതി മറ്റൊന്നും എനിക്ക് വേണ്ട. പറഞ്ഞറിയിക്കാൻ വയ്യാത്ത മാധുര്യമായ എൻ്റെ ഈശോയെ, ലോക സന്തോഷങ്ങൾ എല്ലാം എനിക്ക് കൈപ്പായി പകർത്തണമെ എന്നതാണ് എന്റെ നിരന്തര പ്രാർത്ഥന" വിശുദ്ധ അൽഫോൻസാ.

സന്യാസിക്കു ദാരിദ്യം ദൈവത്തിൻ്റെ കൈയ്യിൽപിടിക്കാനുള്ള സാതന്ത്രമാണ്. അതവനെ/അവളെ ദൈവരാജ്യത്തിൽ ഭാഗ്യമുള്ളവരാക്കുന്നു. "ദരിദ്രരെ നിങ്ങൾ ഭാഗ്യവാന്മാർ എന്തെന്നാൽ സ്വർഗ്ഗരാജ്യം നിങ്ങളുടേതാകുന്നു"(Lk:6/20). എന്ന യേശുവിന്റെ വാക്കുകൾ ദാരിദ്രത്തിന് അർത്ഥവും ആനന്ദവും പകരുന്നു. എല്ലാ പ്രത്യാശയും ദൈവത്തിൽ സമർപ്പിക്കുവാനുള്ള ഒരു പാതയാണ് ദാരിദ്ര്യം. "ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം അവരുടേതാണ്"(Mt:5/3).

ദൈവത്തോട് സഹോദരരായ മനുഷ്യഗണത്തോടും പ്രപഞ്ചത്തിലെ സകല സൃഷ്ടിജാലങ്ങളോട് തന്നെയും പ്രത്യേക വിധത്തിൽ നമ്മെ ബന്ധിപ്പിക്കുന്ന ഈ സുവിശേഷാത്മക ദാരിദ്ര്യം ഒരു നിധിയും സൗഭാഗ്യവുമാണ്.ദാരിദ്ര്യത്തിന്റെ ഈ സൗഭാഗ്യ അവസ്ഥ സന്തോഷഭരിതമായ നമ്മുടെ ജീവിതത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും പ്രകാശിതം ആകുമ്പോഴാണ് സുവിശേഷാത്മക ദാരിദ്ര്യം അർത്ഥപൂർണ്ണമാകുന്നത്. ശ്രേഷ്ഠമായ ഈ ദാരിദ്ര്യം വിലകൊടുത്ത് വാങ്ങേണ്ടതും അധ്വാനിച്ച് കരസ്ഥമാക്കേണ്ടതുമായ ഒരു രത്നമാണ്. ഈ ദാരിദ്ര്യം ജാഗ്രതയോടെ പാലിച്ചിരുന്നവളാണ് വിശുദ്ധ അൽഫോൻസാമ്മ.

ലൗകിക വസ്തുക്കളെല്ലാം മായയാണെന്നും മോക്ഷ ഭാഗ്യമാണ് യഥാർത്ഥ സമ്പത്ത് എന്നും അറിയുന്നതിനുള്ള അനുഗ്രഹം ലഭിച്ചതിനാൽ അവൾ ശൈശവത്തിൽ തന്നെ ദാരിദ്ര്യ ശീലമുള്ളവൾ ആയിരുന്നു. ദാരിദ്ര്യത്തോടുള്ള സ്നേഹത്താൽ തനിക്ക് ലഭിച്ചിരുന്ന പുതിയ വസ്തുക്കൾ പോലും ഇല്ലാത്തവർക്ക് നൽകുവാനും പഴയ വസ്തുക്കൾ തനിക്കായി സൂക്ഷിക്കുവാനും അവൾ ശ്രദ്ധിച്ചു. "ലൗകിക ആശ്വാസങ്ങളെല്ലാം എനിക്ക് കൈപ്പായി പകർത്തണം"എന്ന് അൽഫോൻസാമ്മ പ്രാർത്ഥിച്ചിരുന്നതായി കൂട്ടു സഹോദരികൾ സാക്ഷ്യപ്പെടുത്തുന്നു. ദരിദ്രനും വിനീതിനും ക്രൂശിതനുമായി ഈശോയെ അനുഭവിച്ചറിഞ്ഞവർക്ക് മാത്രം പ്രാവർത്തികമാക്കാൻ സാധിക്കും വിധം വിരോചിതമായ ദാരിദ്ര്യം അവൾ പാലിച്ചു.

എല്ലാം ഉണ്ടായിരുന്നിട്ടും ഒന്നുമില്ലാതിരുന്ന ക്രിസ്തുവിനെപോലെ അൽഫോൻസാമ്മയും ദരിദ്രയായിരുന്നു. സുവിശേഷത്മകമായ ദാരിദ്ര്യം അതിന്റെ തനിമയിൽ ജീവിതത്തിൽ പകർത്തി.അവളുടെ ജീവിതത്തിൽ ദാരിദ്ര്യം കർത്താവായ ഈശോയുമായുള്ള ഐക്യത്തിന്റെ അച്ചാരമായി പരിണമിച്ചു. തനിക്കുള്ളതെല്ലാം മറ്റുള്ളവർക്കായി വേഗം ചെയ്തു കൊണ്ട് ഒന്നിനും ആവലാതിപ്പെടാതെ യാതൊന്നിനോടും മമത കാണിക്കാതെ അവൾ ദാരിദ്ര്യത്തിൽ വളർന്നു വിലയേറിയത് സ്വന്തമാക്കാനായി വിലകുറഞ്ഞതെല്ലാം അവൾ ത്യജിച്ചു.

അകം ഭാവമില്ലാതെ എല്ലാവരെയും സ്നേഹിക്കുവാനുള്ള ആന്തരിക സ്വാതന്ത്ര്യത്തിലേക്ക് ദൈവം ദാരിദ്ര്യത്തിലൂടെ അവളെ വളർത്തി. രോഗിണിയായി കഴിഞ്ഞ കാലഘട്ടത്തിൽ പോലും ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടെ ഒന്നും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ തരത്തിൽ തനിക്ക് വിശേഷമായി ലഭിക്കണമെന്ന് അവൾ ആഗ്രഹിച്ചില്ല.

ഒരിക്കൽ ഒരു പുതിയ തലമുണ്ട് കിട്ടിയപ്പോൾ അൽഫോൻസാമ്മ അത് മറ്റൊരു സിസ്റ്ററിന് കൊടുത്തുകൊണ്ട് പറഞ്ഞു :'ആ സഹോദരിക്കാണത് തന്നെക്കാൾ ആവശ്യമുള്ളത് എന്ന്.' മിതവ്യയത്തിന്റെ ഏറ്റവും വലിയ മാതൃകയായിരുന്നു അവളുടെ മുറി, വിലപിടിച്ചതൊന്നും ആ മുറിയിൽ ഇല്ലായിരുന്നു തലയണയും കിടക്ക വിരിയും ഇല്ലാതെ വെറുമൊരു ത ഴപ്പായിലാണ് അൽഫോൻസാമ്മ കിടന്നിരുന്നത്. " അങ്ങയുടെ സ്വന്തം എന്നപോലെ എന്നോട് എന്തും ചെയ്തു കൊള്ളുക" എന്ന് യേശുവിന് സ്വയം അടിയറ വച്ചുകൊണ്ട് അവൾ ദാരിദ്ര്യവ്രതം സാക്ഷാത്കരിച്ചു.

അൽഫോൻസാമ്മ ഹൃദയപൂർവ്വം സ്നേഹിച്ചു സ്വന്തമാക്കിയ നിധിയായിരുന്നു ദാരിദ്യം അസീസിയിലെ ഫ്രാൻസീസിനെപ്പോലെ തമ്പുരാനിൽ പൂർണ്ണമായി ആശ്രയിക്കാൻ അവൾകണ്ടെത്തിയ മാർഗമായിരുന്നു സുവിശേഷത്തിലെ ദരിദ്രനായ ഈശോയെ അനുകരിക്കുക അവനെ മണവാളനായി സ്വീകരിക്കുക എന്നത്. സി. റെറ്റി FCC

More Archives >>

Page 1 of 981