News - 2024

നൈജീരിയയില്‍ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ വൈദികന് മോചനം

പ്രവാചകശബ്ദം 09-07-2024 - Tuesday

അബൂജ: നൈജീരിയയില്‍ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം. ജൂൺ 22 ന് തട്ടിക്കൊണ്ടുപോയ വൈദികനെ രണ്ടാഴ്ചയ്ക്കു ശേഷം ഇക്കഴിഞ്ഞ ജൂലൈ 7 ഞായറാഴ്ചയാണ് അക്രമികള്‍ മോചിപ്പിച്ചത്. മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, ഫാ. മിക സുലൈമാൻ പറഞ്ഞു. "ദൈവത്തിന് നന്ദി, ഞാൻ കൊള്ളക്കാരുടെ കൈകളിൽ നിന്ന് മോചിതനാണ്” എന്ന വാക്കുകളോടെയാണ് വീഡിയോ സന്ദേശം ആരംഭിക്കുന്നത്.

സാംഫറ സംസ്ഥാനത്തിലെ ഗുസാവുവിലുള്ള സെൻ്റ് റെയ്മണ്ട് ഡാംബ കത്തോലിക്കാ പള്ളിയിലെ ഇടവക വികാരിയായ ഫാ. സുലൈമാനെ ജൂൺ 22ന് പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിൽ റെക്‌ടറിയിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. ദൈവത്തിന്റെ സംരക്ഷണത്തിന് ഞങ്ങൾ അഗാധമായ നന്ദിയുള്ളവരാണെന്ന് സോകോട്ടോ രൂപത പ്രസ്താവിച്ചു. ഈ പ്രയാസകരമായ സമയത്ത് പ്രാർത്ഥനയും പിന്തുണയുമായി ഞങ്ങളെ അനുഗമിച്ച എല്ലാവരോടും നന്ദി അറിയിക്കുകയാണ്. അധികാരികൾക്കും ഫാ. മികയുടെ മോചനത്തിന് സഹകരിച്ച എല്ലാവർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു. അദ്ദേഹത്തിന് ഇപ്പോൾ ആവശ്യമായ പരിചരണവും പിന്തുണയും ലഭിക്കുന്നുണ്ടെന്നും രൂപതയുടെ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ജൂൺ 16 ഞായറാഴ്ച പുലർച്ചെ തട്ടിക്കൊണ്ടുപോയ അനമ്പ്ര സംസ്ഥാനത്തെ മറ്റൊരു കത്തോലിക്ക വൈദികനു ഇതുവരെ മോചനം ലഭിച്ചിട്ടില്ല. അജല്ലിയിലെ സെൻ്റ് മാത്യൂസ് പള്ളിയിലെ ഇടവക വികാരി ഫാ. ക്രിസ്റ്റ്യൻ ഇകെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. വൈദികന്റെ മോചനത്തിന് വേണ്ടി സഭ പല ഇടപെടലുകളും നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. ഫാ. ക്രിസ്റ്റ്യനു വേണ്ടി സഭാനേതൃത്വം പ്രാര്‍ത്ഥന യാചിച്ചിരിന്നു.

More Archives >>

Page 1 of 980