News - 2024

വിലയുള്ളത് വലിയ വിലകൊടുത്തു സ്വന്തമാക്കിയ ഇവൾ അൽഫോൻസാ | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 09

സിസ്റ്റർ റെറ്റി FCC 09-07-2024 - Tuesday

"ഞാൻ ഒരാളെ എന്റെ മണവാളനായി നേരത്തെ നിശ്ചയിച്ചു കഴിഞ്ഞു വാക്കു വ്യത്യാസം ചെയ്യുന്നതിനേക്കാൾ മരിക്കുന്നതാണ് എനിക്കിഷ്ടം" - വിശുദ്ധ അൽഫോൻസാ.

ശിഷ്യഗണങ്ങളോടുകൂടി ക്രിസ്തുനാഥൻ നയിച്ച ജീവിതം സന്യാസ ജീവിതത്തിന്റെ മഹനീയ മാതൃകയാണ്. അവിടുത്തെ ജീവിതവും പഠനവും ആണ് ക്രൈസ്തവ സന്യാസത്തിന്റെ ജീവനാഡി. സന്യാസ ജീവിതത്തിന്റെ അന്തസത്തെയും അച്ചുതണ്ടും ക്രിസ്തുവാണ്. സന്യാസത്തിലെ ഏറ്റവും അടിസ്ഥാനപരമായ നിയമം സുവിശേഷത്തിലെ ക്രിസ്തുവിനെ അനുകരിക്കുകയാണ് എന്ന് രണ്ടാം വത്തിക്കാൻ സൂനഹദോസ് വ്യക്തമാക്കുന്നു. കുരിശിന്റെ വഴിയെ ചരിച്ച് ലോകത്തിന് രക്ഷാപ്രദാനം ചെയ്ത നാഥനെപ്പോലെ കുരിശിന്റെ വഴികളിലൂടെ അമൂല്യമായ നിത്യജീവൻ കണ്ടെത്തണം. വയലിൽ ഒളിച്ചുവെച്ച നിധിക്കുവേണ്ടി, വിലയേറിയ രത്നം സ്വന്തമാക്കാനായി മറ്റെല്ലാം ഉപേക്ഷിക്കാൻ സന്യാസിമാർ തയ്യാറാകണം.

വളർത്തമ്മയുടെ അതിരില്ലാത്ത വാത്സല്യവും മുരിക്കൻ വീട്ടിലെ ആർഭാടവും ലോകത്തിന്റെ വശ്യതകളും മോഹന വാഗ്ദാനങ്ങളും എല്ലാം ഉപേക്ഷിച്ച് സ്നേഹ നാഥനെ അനുഗമിക്കാൻ അൽഫോൻസാമ്മ ചെറുപ്പം മുതൽ ആഗ്രഹിച്ചു. ചെറുപ്പത്തിൽ തന്നെ ഭൗതികതയോടുള്ള വിരക്തി അവളിൽ നിഴലിച്ചിരുന്നു. ഭൗതിക ലോകത്തിന്റ കമനീയങ്ങളായ സ്വർണാഭരണങ്ങളും വേഷഭൂഷാദികളും പേരമ്മ അവളെ അണിയിച്ചിരുന്നപ്പോഴും അവളുടെ ഹൃദയം അതിൽ നിന്നെല്ലാം ഏറെ അകലെയായിരുന്നു.

ദൈവം സന്യാസ ദൈവവിളി അനാദിയിലെ അവൾക്ക് നൽകിയിരുന്നു എന്ന് വ്യക്തമാക്കിയ ജീവിതമാണ് അന്നക്കുട്ടി നയിച്ചത്. ലോകത്തിലെ വിലകുറഞ്ഞ സന്തോഷങ്ങളെക്കാൾ അവളുടെ ഹൃദയത്തെ കീഴടക്കിയത് ക്രൂശിതനായ മിശിഹായെ അനുകരിക്കുവാനുള്ള അന്തർ ദാഹം ആയിരുന്നു. അന്നക്കുട്ടിയെ മടിയിൽ ഇരുത്തി പുണ്യവാന്മാരുടെ ജീവിതകഥകൾ പറഞ്ഞു കേൾപ്പിച്ച മുത്തശ്ശി ആ കുരുന്നു മനസ്സിൽ ആത്മീയതയുടെ വിത്തുകൾ പാകി.

എല്ലാം സൂക്ഷ്മമായി കണ്ടറിയുന്ന അവളുടെ കണ്ണുകൾ തപസ്സിന്റെ ഒരു വലിയ പാഠം അപ്പനിൽ നിന്ന് അന്നേ നോക്കി പഠിച്ചു. മറ്റാരും അറിയാതെ പ്രാർത്ഥനാമുറിയിൽ വിരിച്ച മണലിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന അപ്പന്റെ ചിത്രം തപശ്ചരിയുടെ ആദ്യപാഠങ്ങൾ അവൾക്കു മനസ്സിലാക്കി കൊടുത്തു.ഉപവാസവും പരിത്യാഗവും അനുഷ്ഠിച്ച അന്നക്കുട്ടി പ്രാർത്ഥിച്ചു. ഏതെങ്കിലും ഒരു പാവപ്പെട്ട മഠത്തിൽ വിടുന്നതിന് വീട്ടുകാർക്ക് മനസ്സ് വരുത്തണം വിവാഹം കഴിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് എനിക്കിഷ്ടം ഒരു ദിവസം തന്റെ വളർത്തപ്പനെ ധൈര്യപൂർവ്വം സമീപിച്ച് കരഞ്ഞുകൊണ്ട് അന്നക്കുട്ടി അപേക്ഷിച്ചു:

"എന്റെ പേരപ്പാ, ഈശോമിശിഹായുടെ 5 തിരുമുറുവുകളെ പ്രതി എന്നെ കല്യാണത്തിന് നിർബന്ധിക്കരുത്" - ഇത്രയും പറഞ്ഞു തീരും മുമ്പ് അവൾ പ്രജ്ഞയറ്റു നിലത്ത് വീണു. അവളെ ആരും കല്യാണത്തിന് നിർബന്ധിക്കരുതെന്ന് പേരപ്പൻ അഭിപ്രായപ്പെട്ടു.

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവചരിത്രം വായിച്ചത് മൂലമാണ് ക്ലാര മഠത്തോട് തനിക്ക് ആഭിമുഖ്യം തോന്നിയത് എന്ന് അൽഫോൻസാമ്മ പറഞ്ഞിട്ടുണ്ട്. സന്യാസി ജീവിതത്തിൽ പ്രവേശിക്കാൻ വേണ്ടി വലിയ വിലയാണ് അൽഫോൻസാമ്മ നൽകിയത്. സന്യാസജീവിതം സ്വീകരിക്കുന്നതിന് തന്റെ ശരീര സൗന്ദര്യം പ്രതിബന്ധമാണെന്ന് മനസ്സിലാക്കിയപ്പോൾ വൈരൂപ്യത്തിന്റെ പിൻവലം ആർജ്ജിക്കുവാൻ ആഗ്രഹിക്കുന്ന അനിതരസാധാരണമായ ധീരതയാണ് അവൾ പ്രകടമാക്കിയത്. ശരീരത്തെ ദുർബലപ്പെടുത്താനും സൗന്ദര്യത്തിന്റെ ആകർഷണത്തെ പ്രതിരോധിക്കുവാനും അൽഫോൻസാമ്മ കണ്ടെത്തിയ മാർഗങ്ങളുടെ തീവ്ര രൂപം ആയിരുന്നു അഗ്നിശുദ്ധി.

സന്യാസ ജീവിതം കൈവരിക്കുവാൻ അൽഫോൻസാമ്മ തന്റെ കുടുംബത്തോടും ചുറ്റുപാടുകളോടും കൈക്കൊണ്ട കടുത്ത സമീപനം സന്യാസത്തിന്റെ മഹത്വമാണ് ഉദ്ഘോഷിക്കുന്നത്. എല്ലാ ഭൗതിക സുഖങ്ങളും എത്തിപ്പിടിക്കാൻ ആധുനിക ലോകം വെമ്പൽകൊള്ളുമ്പോൾ ഭൗതികതയുടെ നശ്വരതയെ കുറിച്ച് അൽഫോൻസാമ്മ ലോകത്തോട് വിളിച്ചു പറയുന്നു. സന്യാസത്തെ വിലകുറച്ചു കാണിക്കുകയും സമൂഹമധ്യത്തിൽ കരിതേച്ചു കാണിക്കുവാൻ വെമ്പൽ കൊള്ളുകയും ചെയ്യുന്ന വർത്തമാനകാല സ്ഥിതിയിൽ സന്യാസ ദൈവവിളിയെ ത്യാഗോജ്വലമായ വലിയ വില കൊടുത്ത് സ്വന്തമാക്കിയ അൽഫോൻസാമ്മയുടെ ജീവിതം ഒരു മാതൃകയാണ്. വിവാഹത്തിന്റെ സമ്മതം പറച്ചിലിൽ നിന്ന് രക്ഷനേടാനായി അഗ്നിയിൽ ശരീരം വിരൂപമാക്കിയ അന്നക്കുട്ടി ദിവ്യ മണവാളനുമായി സമ്മതം പറച്ചിൽ നടത്തി ക്ലാര മഠത്തിൽ അൽഫോൻസ എന്നപേരിൽ അർത്ഥിനിയായി.

വിലയുള്ള സന്യാസം വലിയ വിലയും ജീവനും നൽകി സ്വന്തമാക്കിയ അൽഫോൻസാ ഈശോയെ വിലകൊടുത്തു സ്വന്തമാക്കാൻ സഹായിക്കട്ടെ. സി. റെറ്റി FCC

More Archives >>

Page 1 of 980