News
വടക്കൻ ഗാസയിലേക്ക് 40 ടൺ ഭക്ഷണസാമഗ്രികളുമായി ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ്
പ്രവാചകശബ്ദം 26-07-2024 - Friday
ഗാസ: വടക്കൻ ഗാസയിലെ ജനങ്ങളിലേക്ക് അധിക സഹായ വിതരണത്തിന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ്. ഓർഡർ ഓഫ് മാൾട്ടയും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റും തമ്മിലുള്ള സംയുക്ത സഹകരണ കരാർ (എംഒയു) ഒപ്പുവെച്ച് രണ്ട് മാസത്തിനകം നടപ്പിലാക്കുന്ന ആദ്യ പദ്ധതിയുടെ സഹായം അനേകം കുടുംബങ്ങള്‍ക്ക് വലിയ താങ്ങാകും. ഗാസയിലെ ഹോളി ഫാമിലി ഇടവക വഴിയായിരിക്കും സഹായം ലഭ്യമാക്കുക. ഇവിടെ ക്രൈസ്തവരും ഇസ്ലാം മതസ്ഥരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് അഭയം തേടിയിരിക്കുന്നത്.
സുപ്രധാന ദുരിതാശ്വാസ സാമഗ്രികളുമായി ലാറ്റിൻ പാത്രിയാർക്കേറ്റ് നടത്തുന്ന രണ്ടാമത്തെ വിതരണമാണിത്. ഇക്കഴിഞ്ഞ ജൂലൈ 23-ന് വടക്കൻ ഗാസയിലെ പാത്രിയാർക്കേറ്റ് കോമ്പൗണ്ടിന് സമീപം ലാറ്റിൻ പാത്രിയാർക്കേറ്റ് സ്ഥാപിച്ച പുതിയ വിതരണ കേന്ദ്രത്തിൽ വിവിധ കിറ്റുകളിലായി 40 ടൺ കേടുകൂടാത്ത ഭക്ഷണസാമഗ്രികളാണ് എത്തിച്ചിരിക്കുന്നത്. ഒരു ദുരിതാശ്വാസ കിറ്റിൽ അഞ്ചംഗ കുടുംബത്തിന് ഒരു മാസത്തേ ഭക്ഷണത്തിന് സഹായിക്കുമെന്നാണ് അധികൃതരുടെ കണക്ക്.
വരും ദിവസങ്ങളിൽ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്യും. കേടുവരാത്ത ഭക്ഷണം, റെഡി-ടു-ഈറ്റ് ഭക്ഷണം, പോഷകാഹാരക്കുറവുള്ള കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക ഭക്ഷണം, മറ്റ് അവശ്യസാധനങ്ങൾ എന്നിവയ്ക്ക് പുറമേ, വൈദ്യസഹായം എന്നിവ ഉള്‍പ്പെടെയുള്ള സഹായങ്ങളും ലാറ്റിൻ പാത്രിയാർക്കേറ്റും ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയും ലഭ്യമാക്കുന്നുണ്ട്.
ഇസ്രായേലും ഹമാസും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബല്ല ഗാസ നഗരത്തിൽ സന്ദര്‍ശനം നടത്തിയിരിന്നു. സോവറിൻ ഓർഡർ ഓഫ് മാൾട്ടയുടെ ഗ്രാൻഡ് ഹോസ്പിറ്റലർ ഫ്രാ. അലസ്സാൻഡ്രോ ഡി ഫ്രാൻസിസും പ്രതിനിധി സംഘവും കർദ്ദിനാൾ പിസബല്ലയോടൊപ്പമുണ്ടായിരിന്നു. അന്ന് നടത്തിയ കൂടിക്കാഴ്ചയുടെ പ്രതിഫലനമായാണ് പുതിയ സഹായസംരഭത്തെ നോക്കികാണുന്നത്.