News - 2024
കുട്ടികളുടെ സ്വന്തം അൽഫോൻസാമ്മ | വിശുദ്ധയോടോപ്പം ഒരു പുണ്യയാത്ര | 27
സി. റെറ്റി FCC 27-07-2024 - Saturday
"എല്ലാവരോടും എനിക്ക് സ്നേഹമാണ് ആരെയും വെറുക്കാൻ എനിക്ക് ഒരിക്കലും സാധിക്കുകയില്ല" വിശുദ്ധ അൽഫോൻസ.
യേശു അവരെ തന്‍റെ അടുത്തേക്കു വിളിച്ചിട്ടു പറഞ്ഞു: ശിശുക്കള്‍ എന്‍റെ അടുത്തു വരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, "ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല" (ലൂക്കാ 18 : 16-17) അൽഫോൻസ എന്നും ഒരു ശിശുവായിരുന്നു. ശിശുക്കളെ അവൾ ഒത്തിരിയേറെ സ്നേഹിച്ചു ശിശുക്കളും അവളെ വളരെയധികം ഇഷ്ടപ്പെട്ടു.
ഒരു കുട്ടി ഒരിക്കൽ പറഞ്ഞു. അൽഫോൻസാമ്മയെ കണ്ടിട്ട് മാതാവിനെ കാണുകയാണ് എന്ന് ഓർത്തുപോയി. കുട്ടികളോട് വളരെ സ്നേഹം ഉണ്ടായിരുന്ന അൽഫോൻസാമ്മ അവരെ നന്മയിലേക്കും വിശുദ്ധിയിലേക്കും നയിക്കാൻ തന്റേതായ വഴി കണ്ടുപിടിച്ചു. ചെറിയ പ്രാർത്ഥനകളും സുകൃതജപങ്ങളും ചെല്ലാൻ കുട്ടികളെ പരിശീലിപ്പിച്ചു. സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നുവെങ്കിലും സ്കൂളിൽ പഠിക്കുന്ന കാലത്ത് ദരിദ്രരായ കുട്ടികളോട് കൂടുതൽ സ്നേഹവും കരുണയും കാണിച്ചിരുന്നു.
പാവപ്പെട്ട കുട്ടികൾക്ക് ഇല്ലാത്ത വസ്തുക്കളും ഭക്ഷണവും നൽകി അവരെ സഹായിച്ചു. അൽഫോൻസാമ്മയുടെ ഒരു സഹപാഠിക്ക് ആദ്യം ജനിച്ച ഒരു കുഞ്ഞ് വികലാംഗയായിരുന്നു. ആ കുഞ്ഞിനെയും എടുത്തു കൊണ്ട് അവൾ മഠത്തിൽ വന്നു. പഴയ കൂട്ടുകാരിയോട് അൽഫോൻസാമ്മ പറഞ്ഞു. കുഞ്ഞിനെ ഇവിടെ വിട്ടിട്ട് പൊയ്ക്കോ, ഞാൻ നോക്കിക്കൊള്ളാം. രോഗിണിയായ അൽഫോൻസാമ്മ എങ്ങനെയാണ് കുഞ്ഞിന്റെ കാര്യം നോക്കുക എന്ന ആശ്ചര്യപ്പെട്ട് ആ സ്ത്രീയോട് അവൾ പറഞ്ഞു അതൊക്കെ ഞാനേറ്റു. കുട്ടികളെ കൈകാര്യം ചെയ്യാൻ എനിക്കറിയാം. സംസാരിക്കാനും നടക്കാനും കഴിവില്ലാത്ത ആ കുഞ്ഞിനെ അൽഫോൻസാമ്മയെ ഏൽപ്പിച്ചിട്ട് ആ സ്ത്രീ സന്തോഷപൂർവ്വം തിരിച്ചുപോയി.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം (CCC) നമ്പർ 2225ൽ തങ്ങളുടെ കുട്ടികളെ സുവിശേഷവൽക്കരിക്കാനുള്ള ഉത്തരവാദിത്വവും ആനുകൂല്യവും വിവാഹം എന്ന കൂദാശയുടെ കൃപയിലൂടെ മാതാപിതാക്കൾക്ക് ലഭിക്കുന്നു. തങ്ങളുടെ കുട്ടികൾക്ക് വിശ്വാസ രഹസ്യങ്ങളുടെ പ്രഥമ മുന്നോടികളായ മാതാപിതാക്കൾ അവരെ ആ രഹസ്യത്തിലേക്ക് ചെറുപ്രായത്തിൽ തന്നെ പ്രവേശിപ്പിക്കണം. ചെറുപ്രായത്തിൽ തന്നെ സഭാ ജീവിതവുമായി ബന്ധിപ്പിക്കണം.
ഇന്നത്തെ മാതാപിതാക്കളും അവരെ നയിക്കുന്നവരും കിളിയെ മറന്ന് കിളിക്കൂടിനെ ശ്രദ്ധിക്കുന്നവർ ആയിരിക്കുന്നു. കിളിക്കൂടിനെ പറ്റിയുള്ള ശ്രദ്ധയിൽ കിളി നഷ്ടപ്പെട്ട കാര്യം അറിയുന്നില്ല.എന്നാൽ അൽഫോൻസാമ്മ ആത്മജ്ഞാനത്തിന്റെ നിറവുള്ള ഹൃദയം കുഞ്ഞുങ്ങളുടെ മുമ്പിൽ തുറന്നുവച്ചു. തന്റെ അടുക്കലേക്ക് വരുന്ന കുഞ്ഞുങ്ങളിൽ ഈശ്വരാഭിലാഷം കണ്ടു അവരുടെ മനസ്സിലേക്ക് സ്നേഹത്തിന്റെ പ്രവാഹം ജനിപ്പിച്ചു. എപ്പോഴും ഓടി നടക്കുന്നവരെയും ഉരുണ്ടു വീഴുന്നവരെയും, ഒച്ച വയ്ക്കുന്നവരെയും, സഹപാഠികളെ ഉപദ്രവിക്കുന്നവരെയും, കരയുന്നവരെയും മെരുക്കുവാനുള്ള വൈഭവം അൽഫോൻസാമ്മയ്ക്ക് ഉണ്ടായിരുന്നു. സത്യവും,സ്നേഹവും, കാരുണ്യവും, ക്ഷമയുമെല്ലാംഅവൾ കുട്ടികൾക്ക് നൽകി.
മഠത്തിലെ മാങ്ങാ കുട്ടികൾ കല്ലെറിഞ്ഞ വീഴ്ത്തുമ്പോൾ അവരെ ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്നതിനു പകരം അവരെ നല്ല സ്വഭാവ രീതികൾ ശീലിപ്പിക്കുന്നതിനും സുകൃതജപം ഉരുവിടുന്ന ശീലം അവരിൽ വളർത്തിയെടുക്കുന്നതിനും അൽഫോൻസാമ്മ പരിശ്രമിച്ചു. വേലക്കാരെ കൊണ്ട് മാങ്ങ പറിപ്പിച്ചുവെച്ച് കുട്ടികളെ കാത്തിരിക്കുമായിരുന്നു അവൾ. സുകൃതജപം ചെല്ലുന്നതിന് പ്രതിഫലമായി അവർക്ക് മാങ്ങ കൊടുക്കും അതുപോലെ ചാമ്പങ്ങയും. കൂടുതൽ സുകൃത ജപം ചൊല്ലിയാൽ കൂടുതൽ കൊടുക്കും. പരീക്ഷയ്ക്ക് മുമ്പ് കുട്ടികൾ അൽഫോൻസാമ്മയോട് തങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് പറയുമായിരുന്നു.
സ്കൂളിൽ പഠിക്കുന്ന കുട്ടികൾ അൽഫോൻസാമ്മയുടെ ജനലിന്റെ അരികിൽ വന്നു നിന്നുകൊണ്ട് അൽഫോൻസാമ്മയോട് സംസാരിക്കുക പതിവായിരുന്നു. കുട്ടികളെ സ്നേഹിച്ച അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന അമ്മയെ അവർ അൽഫോൻസാമ്മയിൽ കണ്ടു. അൽഫോൻസാമ്മയിലെ വിശുദ്ധിയുടെ മഹത്വം ജീവിച്ചിരുന്നപ്പോൾ തന്നെ സ്വാഭാവിക ബന്ധത്തിലൂടെ അനുഭവിച്ചറിഞ്ഞത് കുട്ടികളായിരുന്നു. അവർ തന്നെയായിരുന്നു അൽഫോൻസാമ്മയുടെ കൂട്ടുകാർ. ശിശുക്കൾക്ക് ലഭിക്കുന്ന അസാധാരണ വെളിപാടുകളെ കുറിച്ച് ഈശോ പറഞ്ഞ വചനങ്ങൾ ഇവിടെ പ്രസക്തമാണ്. സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ, അവിടുത്തെ ഞാൻ സ്തുതിക്കുന്നു എന്തെന്നാൽ അങ്ങ് ഇവ ജ്ഞാനങ്ങളിൽ നിന്നും ബുദ്ധിമാന്മാരിൽ നിന്നും മറച്ചുവയ്ക്കുകയും ശിശുക്കൾക്ക് വെളിപ്പെടുത്തുകയും ചെയ്തു. അതേപിതാവേ അതായിരുന്നു അവിടുത്തെഅഭിഷ്ടം. (ലൂക്കാ: 10/21).
കുഞ്ഞുങ്ങളെസ്നേഹിച്ച, ശിശുനൈർമ്മല്യം മരണം വരെ കാത്തുസൂക്ഷിച്ച അൽഫോൻസാമ്മയുടെ ജീവിതമാതൃക ഈശോയെ സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും നമുക്കു പ്രചോദനമാകട്ടെ.