News - 2024

പാരീസ് ഒളിമ്പിക്സിലെ ക്രൈസ്തവ അവഹേളനത്തില്‍ വ്യാപക പ്രതിഷേധം; ഇലോണ്‍ മസ്ക് ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്

പ്രവാചകശബ്ദം 27-07-2024 - Saturday

പാരീസ്: ഫ്രാന്‍സില്‍ നടക്കുന്ന പാരീസ് ഒളിമ്പിക് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ നടന്ന ക്രൈസ്തവ അവഹേളനത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. അന്ത്യ അത്താഴ രംഗങ്ങളെ അതീവ മോശമായ വിധത്തില്‍ അനുകരിച്ച് ഡ്രാഗ് ക്വീൻസിന്റെ പാരഡി പ്രകടനത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.

ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും ടെസ്ല കമ്പനിയുടെ മേധാവിയുമായ ഇലോണ്‍ മസ്ക്, അമേരിക്കന്‍ നാഷ്ണല്‍ ഫുട്ബോള്‍ ലീഗിലെ താരങ്ങള്‍, സ്‌പെയിനിൻ്റെ പ്രൊഫഷണൽ ഫുട്‌ബോൾ ലീഗ് എന്ന് അറിയപ്പെടുന്ന ലാ ലിഗയുടെ പ്രസിഡൻ്റ്, ഗവേഷകർ, വിവിധ മെത്രാന്‍മാര്‍ അടക്കം നിരവധി പേരാണ് സംഭവത്തെ അപലപിച്ചു രംഗത്തുവന്നിരിക്കുന്നത്. ഇത് ക്രൈസ്തവരോടു അങ്ങേയറ്റം അനാദരവു നിറഞ്ഞതാണെന്നു മസ്ക് തന്റെ ഉടമസ്ഥതയിലുള്ള 'എക്സില്‍' (മുന്‍പ് ട്വിറ്റര്‍) കുറിച്ചു.



വിഷയത്തില്‍ പ്രതികരണവുമായി ഫ്രഞ്ച് മെത്രാന്‍ സമിതിയും രംഗത്തുവന്നിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തെ പരിഹാസ രൂപത്തില്‍ അവതരിപ്പിച്ച സംഭവത്തെ അപലപിക്കുകയാണെന്ന് മെത്രാന്‍ സമിതി കുറിച്ചു. സംഭവം മൂലം മുറിവേറ്റ എല്ലാ ഭൂഖണ്ഡങ്ങളിലെയും ക്രൈസ്തവരെ കുറിച്ച് ചിന്തിക്കുകയാണെന്നും ഐക്യദാർഢ്യം പ്രകടിപ്പിച്ച മറ്റ് മതവിശ്വാസികൾക്കു കൃതജ്ഞത അര്‍പ്പിക്കുകയാണെന്നും മെത്രാന്‍ സമിതി പ്രസ്താവിച്ചു.

സ്‌പെയിനിൻ്റെ പ്രൊഫഷണൽ ഫുട്‌ബോൾ ലീഗ് എന്ന് അറിയപ്പെടുന്ന ലാ ലിഗയുടെ പ്രസിഡൻ്റ് ജാവിയർ ടെബാസ് മെഡ്‌റാനോ സംഭവത്തെ ദൈവനിന്ദ എന്നു വിശേഷിപ്പിച്ചു. പാരീസ് ഒളിമ്പിക്‌സില്‍ അന്ത്യ അത്താഴ സംഭവത്തെ വികലമായി അവതരിപ്പിച്ചത് അംഗീകരിക്കാന്‍ കഴിയില്ലായെന്നും ക്രൈസ്തവരായ നമ്മെ അപമാനിക്കുന്നതാണെന്നും വിശ്വാസങ്ങളോടുള്ള ബഹുമാനം എവിടെയാണെന്നും അദ്ദേഹം 'എക്സി'ല്‍ കുറിച്ചു.

അമേരിക്കന്‍ ബിഷപ്പും പ്രമുഖ പ്രഭാഷകനുമായ മിനസോട്ടയിലെ വിനോന റോച്ചെസ്റ്റർ ബിഷപ്പ് റോബർട്ട് ബാരൺ സംഭവത്തെ അപലപിച്ചു 'എക്സി'ല്‍ വീഡിയോ പങ്കുവെച്ചു. ക്രൈസ്തവ വിശ്വാസത്തെ ശത്രുവായി കാണുന്ന അഗാധമായ മതേതരവൽക്കരിക്കപ്പെട്ട ഉത്തരാധുനിക സമൂഹത്തിന്റെ പ്രവര്‍ത്തിയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.



അമേരിക്കയിലെ മാഡിസൺ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡൊണാൾഡ് ഹൈയിംഗൂം സംഭവത്തെ അപലപിച്ചു രംഗത്ത് വന്നിട്ടുണ്ട്. ദൈവനിന്ദയ്ക്കു പകരമായി ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്നും വിശുദ്ധ കുർബാനയോടും തിരുഹൃദയത്തോടും കന്യാമറിയത്തോടുമുള്ള ഭക്തി പുതുക്കാൻ ആഹ്വാനം ചെയ്യുകയാണെന്നും പറഞ്ഞു. സംഭവത്തിന് പിന്നാലെ അമേരിക്കന്‍ ഫുട്ബോള്‍ നാഷ്ണല്‍ ലീഗിലെ പ്രമുഖ താരമായ ഹാരിസന്‍ ബട്കര്‍ ബൈബിളിലെ വചനം പങ്കുവെച്ചാണ് തന്റെ പ്രതികരണം അറിയിച്ചത്.

"നിങ്ങള്‍ക്കു വ്യാമോഹം വേണ്ടാ; ദൈവത്തെ കബളിപ്പിക്കാനാവില്ല. മനുഷ്യന്‍ വിതയ്ക്കുന്നതുതന്നെ കൊയ്യും. എന്തെന്നാല്‍, സ്വന്തം ജഡത്തിനായി വിതയ്ക്കുന്നവന്‍ ജഡത്തില്‍നിന്ന് നാശം കൊയ്‌തെടുക്കും. ആത്മാവിനായി വിതയ്ക്കുന്നവനാകട്ടെ ആത്മാവില്‍നിന്നു നിത്യജീവന്‍ കൊയ്‌തെടുക്കും". (ഗലാത്തി 6:7-8) എന്ന ബൈബിള്‍ വാക്യമാണ് വീഡിയോയോടൊപ്പം താക്കീതായി പങ്കുവെച്ചിരിക്കുന്നത്.

ഗവേഷകനും യഹൂദനുമായ എലി ഡേവിഡ് ഉള്‍പ്പെടെ അനേകം പ്രമുഖരും സംഭവത്തെ അപലപിച്ചു രംഗത്തുവരുന്നുണ്ട്. യൂറോപ്പിന്റെ ക്രിസ്തീയ അസ്തിത്വത്തെ ഫ്രാന്‍സ് ബലികഴിച്ചെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വരും ദിവസങ്ങളില്‍ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


Related Articles »