News - 2024

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ സ്വാധീനത്തില്‍ അധികാരികൾക്കു നിസംഗത: ആശങ്കയറിയിച്ച് ആഫ്രിക്കൻ സഭ

പ്രവാചകശബ്ദം 09-08-2024 - Friday

കേപ് ടൌണ്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുള്ള വ്യക്തികളുടെ സാന്നിധ്യവും സാമ്പത്തിക പ്രവർത്തനങ്ങളും സംബന്ധിച്ച് നടപടിയെടുക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടുവെന്ന് ആഫ്രിക്കന്‍ സഭ. സതേൺ ആഫ്രിക്കൻ കാത്തലിക് ബിഷപ്സ് കോൺഫറൻസ് (എസ്എസിബിസി) അംഗങ്ങളുടെ ഓഗസ്റ്റ് 5 - 9 പ്ലീനറി സെഷനിലെ ഉദ്ഘാടന പ്രസംഗത്തിലാണ് ബിഷപ്പ് സിതെംബെലെ സിപുക ഇക്കാര്യം ഉന്നയിച്ചത്. മൊസാംബിക്കിലെയും നൈജീരിയയിലെയും പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി സംഘം വലിയ വിപത്താണ് ഉണ്ടാക്കുന്നതെന്ന് ബിഷപ്പ് സിപുക്ക പറഞ്ഞു.

രാജ്യത്ത് വർദ്ധിച്ചുവരുന്ന സായുധ കവർച്ചകൾ, തട്ടിക്കൊണ്ടുപോകൽ, മറ്റ് ആക്രമണങ്ങള്‍ എന്നിവയ്‌ക്കു പുറമേ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ സാന്നിധ്യം അവഗണിക്കാൻ പാടില്ലാത്ത ആശങ്കയാണെന്ന് എസ്എസിബിസി പ്രസിഡൻ്റായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് വെളിപ്പെടുത്തി. മൊസാംബിക്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ബന്ധം ആശങ്കയുളവാക്കുന്നു. മൊസാംബിക്കിലെ ഉള്‍പ്പെടെ സാധാരണ ജനങ്ങൾക്കിടയിൽ വളരെയധികം ദുരിതമാണ് ഇവര്‍ കൊണ്ടുവരുന്നത്. രാജ്യത്തു സമാധാനം കൊണ്ടുവരുവാന്‍ എല്ലാവരും പരിശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന ജിഹാദി ആക്രമണങ്ങളേക്കുറിച്ച് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) നേരത്തെ മുന്നറിയിപ്പ് നല്‍കിയിരിന്നു. മാലി, ബുര്‍ക്കിനാ ഫാസോ, നൈജര്‍, ചാഡ്‌, കാമറൂണ്‍, നൈജീരിയ തുടങ്ങിയ വടക്ക് - പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രമായിരുന്നു ഇസ്ലാമിക തീവ്രവാദം വ്യാപിച്ചിരുന്നത്. എന്നാല്‍ ആഫ്രിക്കയിലെ മറ്റ് രാജ്യങ്ങളിലേക്ക് കൂടി ജിഹാദി ആക്രമണങ്ങള്‍ വ്യാപിക്കുന്നത് തുടരുകയാണെന്നും 2022 നവംബര്‍ മുതല്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബെനിന്‍ വരെ ജിഹാദി ആക്രമണങ്ങള്‍ എത്തിയിട്ടുണ്ടെന്നും എ‌സി‌എന്‍ വെളിപ്പെടുത്തിയിരിന്നു.

More Archives >>

Page 1 of 993