News - 2024
മാര്‍പാപ്പയുടെ സന്ദർശനത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ഇന്തോനേഷ്യൻ കത്തോലിക്ക ദേവാലയങ്ങളെ ലക്ഷ്യമിട്ട് തീവ്രവാദികള്‍
പ്രവാചകശബ്ദം 07-08-2024 - Wednesday
ജക്കാർത്ത: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കേ രണ്ട് കത്തോലിക്കാ ദേവാലയങ്ങളെ ലക്ഷ്യമാക്കി ഇസ്ലാമിക തീവ്രവാദികള്‍ നടത്താനിരിന്ന ആക്രമണം തീവ്രവാദ വിരുദ്ധ യൂണിറ്റ് പരാജയപ്പെടുത്തി. സെപ്‌റ്റംബർ 2 മുതൽ 13 വരെ തെക്കുകിഴക്കൻ ഏഷ്യയിലേക്കും ഓഷ്യാനിയയിലേക്കും നടത്താനിരിക്കുന്ന പാപ്പയുടെ അപ്പസ്‌തോലിക യാത്രയ്‌ക്ക് മുന്നോടിയായി ആസൂത്രണം ചെയ്ത ആക്രമണമാണ് ഇന്തോനേഷ്യയുടെ ദേശീയ പോലീസിൻ്റെ തീവ്രവാദ വിരുദ്ധ യൂണിറ്റായ ഡെൻസസ്-88 പരാജയപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് ബ്രിഗേഡിയർ ജനറൽ ട്രൂനോയുഡോ വിസ്നു ആൻഡിക്കോ നല്‍കിയ പ്രതികരണത്തില്‍ "രണ്ട് പള്ളികൾ ലക്ഷ്യമിട്ടിരുന്നു" എന്നു മാത്രമായിരിന്നു വെളിപ്പെടുത്തല്‍. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. തീവ്രവാദ പ്രവർത്തനത്തിന് മാർപാപ്പയുടെ സന്ദർശനവുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങളെ പോലീസ് തള്ളിയെങ്കിലും ആശങ്ക ശക്തമാണ്. കിഴക്കൻ ജാവയിലെ കത്തോലിക്ക വിശ്വാസികള്‍ ഏറെയുള്ള ഭാഗത്താണ് ആക്രമണം പരാജയപ്പെടുത്തിയത്. അറസ്റ്റിലായ മൂന്ന് പ്രതികളും തീവ്രവാദ രാഷ്ട്രീയ ബന്ധമുള്ളവരാണെന്ന് ജനറൽ ആൻഡിക്കോ വിശദീകരിച്ചു. ദൗല ഇസ്ലാമിയ എന്ന ഇസ്ലാമിക് സംഘടനയിലെ അംഗങ്ങളാണ് ഇവര്‍.
ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ സെപ്തംബർ 3 മുതൽ 6 വരെയുള്ള തീയതികളിലാണ് ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തുന്നത്. ഇന്തോനേഷ്യന്‍ ദ്വീപ് സമൂഹത്തിലേക്ക് ആദ്യമായി സന്ദര്‍ശനം നടത്തിയത് പോൾ ആറാമൻ പാപ്പയായിരിന്നു. 1970 ഡിസംബർ 3-നായിരിന്നു സന്ദര്‍ശനം. 1989 ഒക്ടോബർ 8 മുതൽ 12 വരെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇന്തോനേഷ്യ സന്ദര്‍ശിച്ചു. 28 കോടിയോളം വരുന്ന ജനസംഖ്യയുടെ 87.02% ആളുകളാണ് ഇസ്ലാം മതം പിന്തുടരുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 3% മാത്രമാണ് കത്തോലിക്കര്‍.