News

പ്രാർത്ഥനയുടേയും പഠനത്തിന്റെയും നിറവിൽ സീറോമലബാർ അസംബ്ലി

പ്രവാചകശബ്ദം 23-08-2024 - Friday

പാലാ: അഞ്ച് ദശലക്ഷം സിറോമലബാർ സഭാതനയരുടെ പ്രതിനിധികൾ കൂട്ടായ പ്രാർത്ഥനയുടെയും പഠനത്തിന്റേയും നിറവിൽ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലി രണ്ട് ദിനങ്ങൾ പിന്നിട്ടു. ബിഷപ്പുമാരും വൈദികരും സമർപ്പിതരും അൽമായരുമടക്കം 348 അംഗങ്ങൾ പങ്കെടുക്കുന്ന അസംബ്ലിയുടെ രണ്ടാംദിനം ഔദ്യോഗിക ഉദ്ഘാടനത്തോടെ ആരംഭിച്ചു. ഉദ്ഘാടകനായി എത്തിയ ഇന്ത്യയുടെ അപ്പോസ്തോലിക്ക് ന്യുൺഷോ ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറെല്ലിയുടെ സാന്നിധ്യവും വാക്കുകളും ആവേശത്തോടെയാണ് അംഗങ്ങൾ ഏറ്റുവാങ്ങിയത്.

മേജർ ആർച്ചു ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. കാലോചിതമായ സഭാനവീകരണമെന്ന വിഷയത്തിലൂന്നി സീറോമലബാർസഭയിലെ വിശ്വാസപരിശീലന നവീകരണം, സുവിശേഷ പ്രഘോഷണത്തിൽ അല്മായരുടെ സജീവ പങ്കാളിത്തം എന്നീവിഷയങ്ങളിൽ നടന്ന പ്രബന്ധാവതരണങ്ങൾ രണ്ടാം ദിനത്തിൽ ഏറെ ചിന്തകൾക്കും പഠനത്തിനും ചർച്ചകൾക്കും വഴിതുറന്നു. ഫാ. സെബാസ്റ്റ്യൻ ചാലക്കൽ, ഫാ. തോമസ് മേൽവെട്ടത്ത്, ഡോ. പി.സി അനിയൻകുഞ്ഞ്, ഫാ. മാത്യു വാഴയിൽ, പ്രഫ. കെ.എം ഫ്രാൻസിസ്, റവ.ഡോ. സിബിച്ചൻ ഒറ്റപ്പുരയ്ക്കൽ, ഫാ. ജോമോൻ അയ്യങ്കനാൽ എംഎസ്ടി, ഡോ.കൊച്ചുറാണി ജോസഫ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

പൊതുചർച്ചയിൽ കാഞ്ഞിരപ്പിള്ളി ബിഷപ് മാർ ജോസ് പുളിക്കൽ, ഡോ. ജോസ് തോമസ് എന്നിവർ മേഡറേറ്റർമാരായി. മേജർ ആർച്ചുബിഷപ്പായി ഒരു വ്യാഴവട്ടക്കാലം സഭയെ നയിച്ച കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കുള്ള ആദരവ് ഏറെ ഹൃദ്യമായി. ആലഞ്ചേരി പിതാവിന്റെ നേതൃത്വശുശ്രൂഷയുടെ കാലയളവിൽ സഭയ്ക്കുണ്ടായ വളർച്ചയെ വ്യക്തമാക്കുന്ന വീഡിയോ പ്രദർശനം നടത്തി. അസംബ്ലി രണ്ട് ദിനങ്ങൾ പിന്നിടുമ്പോൾ ആതിഥേയ രൂപതയുടെ സംഘാടക മികവ് ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു.

രാമപുരം മാർ അഗസ്തിനോസ് കോളേജ്, അന്തീനാട് ശാന്തിനിലയം സ്പെഷ്യൽ സ്കൂൾ, കടപ്ലാമറ്റം മാരിമാതാ പബ്ലിക് സ്കൂൾ, അരുണാപുരം സെന്റ് തോമസ് ഇടവക എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാസന്ധ്യയോടെയാണ് രണ്ടാംദിനം സമാപിച്ചത്.

More Archives >>

Page 1 of 997