News

90 മിനിറ്റിനുള്ളിൽ 32,000 ടിക്കറ്റ്; ബ്രസല്‍സിലെ പാപ്പയുടെ ബലിയര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ ജനപ്രവാഹം

പ്രവാചകശബ്ദം 22-08-2024 - Thursday

ലക്സംബര്‍ഗ്: സെപ്റ്റംബർ അവസാനം ബെൽജിയത്തിലെ ബ്രസൽസിലെ കിംഗ് ബൗഡോയിൻ സ്റ്റേഡിയത്തിൽ ഫ്രാൻസിസ് മാർപാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ കുർബാനയില്‍ പങ്കെടുക്കുവാന്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയ സൌജന്യ ടിക്കറ്റുകൾ ക്ഷണനേരം കൊണ്ട് തീര്‍ന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച റെക്കോർഡ് സമയത്തിലാണ് പേപ്പല്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേരാന്‍ വിശ്വാസികള്‍ ഒന്നിച്ച് ഓണ്‍ലൈനില്‍ എത്തിയത്. ടിക്കറ്റുകള്‍ സൗജന്യമായി ഓൺലൈനിൽ ലഭ്യമായ ശേഷം 32,000 ടിക്കറ്റുകൾ വെറും 90 മിനിറ്റിനുള്ളിൽ തീരുകയായിരിന്നുവെന്ന് സംഘാടകര്‍ പറയുന്നു.

പേപ്പല്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേരാന്‍ ഇത്രയധികം തിരക്ക് ഉണ്ടെന്ന് കരുതിയിരിന്നില്ലായെന്നും ഇത് തങ്ങളെ ഏറെ ആശ്ചര്യപ്പെടുത്തിയെന്നും ബെൽജിയൻ ബിഷപ്പ് കോൺഫറൻസിൻ്റെ വക്താവ് ടോമി ഷോൾട്ട്സ് ഫ്രഞ്ച് കത്തോലിക്ക മാധ്യമമായ ലാ ക്രോയിക്സിനോട് പറഞ്ഞു. അന്നു നടക്കുന്ന ബലിയര്‍പ്പണത്തിനിടെ ആവിലയിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ ആത്മീയ മകളും സെൻ്റ് ജോൺ ഓഫ് ദി ക്രോസിൻ്റെ സുഹൃത്തുമായ കർമ്മലീത്ത സന്യാസിനി സിസ്റ്റർ അന ഡി ജീസസിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങും നടക്കുന്നുണ്ട്.

ഏകദേശം 50,000 പേർക്ക് ഇരിക്കാവുന്ന ബെൽജിയത്തിലെ ഏറ്റവും വലിയ സോസർ സ്റ്റേഡിയമാണ് കിംഗ് ബൗഡോയിൻ. ദേശീയ ടീമിൻ്റെ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനു പുറമേ ലോകോത്തര സംഗീത കലാകാരന്മാരുടെ കച്ചേരികൾക്കും ഇത് വേദിയായിട്ടുണ്ട്. സിറ്റി കൌണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിൽ അവശേഷിക്കുന്ന 18,000 സീറ്റുകൾ ഇടവകകൾ, രൂപതകൾ, സംഘടനകള്‍ എന്നിവയിൽ നിന്നുള്ള ഗ്രൂപ്പുകൾക്കായി നീക്കിവച്ചിട്ടുണ്ട്. ഗ്രൂപ്പ് രജിസ്ട്രേഷൻ അവസാനിച്ചതിന് ശേഷം ബാക്കിയുള്ള ടിക്കറ്റുകള്‍ കൂടി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

പത്രോസിന്റെ സിംഹാസനത്തില്‍ അധികാരമേറ്റെടുത്തതിന് ശേഷമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനമാണ് സെപ്റ്റംബറിൽ നടക്കുക. സെപ്റ്റംബർ 2 മുതൽ 13 വരെ നടക്കുന്ന തീയതികള്‍ക്കിടെ ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യ, ഈസ്റ്റ് ടിമൂർ, പാപ്പുവ ന്യൂഗിനിയ, സിംഗപ്പുർ എന്നീ നാലു രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ട്. സെപ്റ്റംബർ 26 മുതല്‍ 29 വരെയാണ് പാപ്പ ബെല്‍ജിയം സന്ദര്‍ശിക്കുക.

More Archives >>

Page 1 of 997