News - 2024

റഷ്യയിലെ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷയുമായി കർദ്ദിനാൾ പരോളിൻ ചര്‍ച്ച നടത്തി

പ്രവാചകശബ്ദം 23-09-2024 - Monday

റോം: റഷ്യ - യുക്രൈൻ യുദ്ധം അവസാനമില്ലാതെ തുടരുന്നതിനിടെ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ റഷ്യയിലെ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷയുമായി കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസ് നടത്തി. റഷ്യൻ ഫെഡറേഷന്റെ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷ തത്തിയാന മോസ്കാൽകോവയുവമായാണ് ചര്‍ച്ച നടത്തിയത്. റഷ്യന്‍ തടങ്കലില്‍ കഴിഞ്ഞ രണ്ട് യുക്രൈൻ വൈദികരുടെ സ്വാതന്ത്ര്യത്തിനായി ഓംബുഡ്‌സ്‌ലേഡി നടത്തിയ പരിശ്രമങ്ങൾക്ക് കർദ്ദിനാൾ പരോളിൻ നന്ദി പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം തുടരുന്ന അവസ്ഥയിൽ, അന്താരാഷ്ട്ര കരാറുകൾ അനുസരിച്ച്, അടിസ്ഥാനമനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ റഷ്യൻ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷയോട് കർദ്ദിനാൾ ആവശ്യപ്പെട്ടു. റഷ്യൻ ഫെഡറേഷന്റെ കീഴിൽ തടവുകാരായി കഴിയുന്ന യുക്രൈൻ മിലിട്ടറി അംഗങ്ങൾക്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിനും റഷ്യയും യുക്രൈനും തമ്മിൽ യുദ്ധത്തിൽ തടവുകാരാക്കപ്പെട്ട പട്ടാളക്കാരെ കൈമാറുന്നതിനും വേണ്ട സഹായങ്ങൾ ഉറപ്പാക്കണമെന്നും കർദ്ദിനാൾ അഭ്യർത്ഥിച്ചതായി പരിശുദ്ധ സിംഹാസനം അറിയിച്ചു.

റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയിരക്കണക്കിന് ആളുകൾ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനെക്കുറിച്ചും, അവർക്കുവേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ഇതേദിവസം ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലും സംസാരിച്ചിരുന്നു.

More Archives >>

Page 1 of 1004