News - 2024

കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പുനരധിവാസ പ്രവർത്തനങ്ങൾ മഹനീയം: ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണർ

പ്രവാചകശബ്ദം 20-09-2024 - Friday

മാനന്തവാടി: ചൂരൽമല മുണ്ടക്കൈ ദുരിതബാധിതർക്ക് കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾ മഹനീയമെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണർ ജെയിംസ് ഗോഡ്ബെർ അഭിപ്രായപെട്ടു. ദുരിത ബാധിതർക്ക് മാനന്തവാടി രൂപതയുടെ സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി വഴി നൽകി വരുന്ന ബാക്ക് റ്റു ഹോം കിറ്റുകളുടെ വിതരണ ഉത്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് ആശ്വാസമാകുവാൻ സർവ്വരും ഒന്നായി നിൽക്കണമെന്നും, കൂട്ടായ പ്രവർത്തനങ്ങളിലൂടെ അതിജീവനം സാധിതമാക്കണമെന്നും ഡെപ്യൂട്ടി ഹൈകമ്മീഷണർ ഓർമ്മിപ്പിച്ചു.

ദുരന്തം നടന്ന ദിനം മുതൽ ഇന്നുവരെ മാനന്തവാടി, സുൽത്താൻ ബത്തേരി, കോഴിക്കോട് രൂപതകൾ അവരുടെ സാമൂഹ്യ സേവന വിഭാഗങ്ങൾ വഴി മാതൃകാപരമായ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾ ആണ് നടപ്പിലാക്കിവരുന്നതെന്നും,കത്തോലിക്ക സഭയ്ക്കുവേണ്ടി കേരള സോഷ്യൽ സർവീസ് ഫോറം കാരിത്താസ് ഇന്ത്യ, കാത്തലിക് റിലീഫ് സർവീസസ് തുടങ്ങിയവ കാര്യക്ഷമമായ നേതൃത്തവും പിന്തുണയുമാണ് നൽകി വരുന്നതെന്നും ഡെപ്യൂട്ടി ഹൈക്കമ്മീഷണർ അഭിപ്രായപ്പെട്ടു.

ചൂരൽമല സെന്റ് സെബാസ്ററ്യൻസ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജേക്കബ് മാവുങ്കൽ അധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ നേതൃത്വത്തിൽ കാരിത്താസ് ഇന്ത്യ, കാത്തലിക് റിലീഫ് സർവീസസ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ശ്രേയസ് സുൽത്താൻ ബത്തേരി, ജീവന കോഴിക്കോട് എന്നിവയുടെ നേതൃത്വത്തിൽ ആണ് ജില്ലയിൽ കത്തോലിക്ക സഭ ദുരിതാശ്വാസപുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നത്.

കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 175 കുടുബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. 10000 രൂപയോളം വിലവരുന്ന കിറ്റിൽ കിടക്ക, ബെഡ് ഷീറ്റ്, തലയിണ, പാത്രങ്ങൾ, ബക്കറ്റുകൾ, കുക്കർ, ഗ്ലാസ്, പ്ലേറ്റ്, കൊതുക് വല, സോളാർ ടോർച്, ടൂത്ത് ബ്രഷ്, ബാത്ത് സോപ്പ്, വാഷിംഗ് പൗഡർ എന്നിവ അടങ്ങിയിട്ടുണ്ട്. കിറ്റ് വിതരണത്തിന് തെരഞ്ഞെടുക്കപെട്ട കുടുബങ്ങൾക്ക് അവരുടെ അക്കൗണ്ടിലേക്ക് 9500 രൂപ വീതം നൽകി വരുന്നു. കാരിത്താസ് ഇന്ത്യ ടീം ലീഡർ ഡോക്ടർ വി.ആർ. ഹരിദാസ് മുഖ്യ പ്രഭാക്ഷണം നടത്തി.

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജിനോജ് പാലത്തടത്തിൽ, ശ്രെയസ് ബത്തേരി എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ഡേവിഡ് ആലുങ്കൽ, ജീവന എക്സിക്യൂട്ടിവ് ഡയറക്ർ റവ. ഫാ. ആൽബർട്ട് വി സി, ചൂരൽമല പള്ളി വികാരി റെവ.ഫാ. ജിബിൻ വട്ടുകുളത്തിൽ, കാരിത്താസ് സ്റ്റേറ്റ് ഓഫീസർ അഭീഷ് ആന്റണി, ഫിനാൻസ് ഓഫീസർ നിക്സൺ മാത്യു, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ ജോസ്.പി.എ എന്നിവർ സംസാരിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ടീം അംഗങ്ങളായ റോബിൻ ജോസഫ്, ദീപു ജോസഫ്, ചിഞ്ചു മരിയ, ആലിസ് സിസിൽ, ഷീന ആന്റണി, ബിൻസി വർഗീസ്, ജിനി ഷിനു എന്നിവർ നേതൃത്വം നൽകി

More Archives >>

Page 1 of 1003