News

തട്ടിക്കൊണ്ടുപോകലിന് 6 വര്‍ഷത്തിന് ശേഷം മിഷന്‍ ദൗത്യം പുനരാരംഭിക്കാന്‍ ഫാ. പിയർ നൈജറില്‍ മടങ്ങിയെത്തി

പ്രവാചകശബ്ദം 07-10-2024 - Monday

നിയാമി: നൈജറിലും, മാലിയിലുമായി ഇസ്ലാമിക തീവ്രവാദികളുടെ തടവില്‍ കഴിഞ്ഞ ശേഷം മോചിതനായ ഇറ്റാലിയന്‍ മിഷ്ണറി വൈദികന്‍ ഫാ. പിയര്‍ ലൂയിജി മക്കാല്ലി തന്റെ മിഷന്‍ ദൗത്യം പുനരാരംഭിക്കാന്‍ നൈജറില്‍ മടങ്ങിയെത്തി. 2018 സെപ്റ്റംബര്‍ 17നാണ് ‘സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷന്‍സ്’ സന്യാസ സമൂഹാംഗമായ ഫാ. മക്കാല്ലിയെ സൗത്ത് - വെസ്റ്റ്‌ നൈജറിലെ തന്റെ ഇടവകയില്‍ നിന്നും അല്‍ക്വയ്ദയുമായി ബന്ധപ്പെട്ട ഇസ്ലാമിക ജിഹാദികള്‍ കടത്തിക്കൊണ്ടുപോയത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2020 ഒക്ടോബര്‍ 8നു അദ്ദേഹവും ഇറ്റലി സ്വദേശി തന്നെയായ നിക്കോള ചിയാസ്സിയോയും ഉള്‍പ്പെടെ നാലുപേര്‍ വടക്കന്‍ മാലിയില്‍ നിന്നും മോചിപ്പിക്കപ്പെടുകയായിരിന്നു.

ഇവരെ നേരെ റോമിലേക്കാണ് എത്തിച്ചത്. സമാധാനത്തിനും സാഹോദര്യത്തിനും സഹനത്തിനും സാക്ഷ്യം വഹിക്കണമെന്ന് തന്നെയാണ് ഒരു മിഷ്ണറി എന്ന നിലയില്‍ ഇപ്പോഴും തന്റെ ആഗ്രഹമെന്നു പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ ഫാ. മക്കാല്ലി നേരത്തെ വ്യക്തമാക്കിയിരിന്നു. കഴിഞ്ഞ ദിവസം നൈജറില്‍ മടങ്ങിയെത്തിയപ്പോള്‍ വൈദികന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. അത്താഴത്തിന് മുമ്പ്, തന്റെ സഹപ്രവര്‍ത്തകനായ വൈദികന്‍ ഫാ. മൗറോ അർമാനിനോ വീട്ടിലേക്ക് തിരികെ സ്വാഗതം എന്ന വാക്കുകളോടെയാണ് തന്നെ വരവേറ്റതെന്ന് ഫാ. പിയര്‍ ലൂയിജി പറയുന്നു.

നഗരത്തിലെ താമസം ഒരുക്കി നിയാമിയിലെ ബിഷപ്പ്, ജാൽവാന ലോറൻ്റ് ലോംപോ, എന്നെ ക്ഷണിച്ചിരിന്നു. എൻ്റെ വരവ് അറിഞ്ഞിരുന്ന പഴയ പരിചയക്കാരെയും അടുത്ത സഹപ്രവർത്തകരെയും ഇവിടെ കാണാൻ സാധിച്ചു. ദീർഘകാലമായി കാത്തിരുന്നതും പ്രതീക്ഷിക്കുന്നതുമായ ഒരു കണ്ടുമുട്ടൽ അനശ്വരമാക്കാൻ ഒത്തിരിപേരുണ്ടായിരിന്നുവെന്നും സെപ്തംബർ 21-ന് ശനിയാഴ്ച വൈകുന്നേരം നടന്ന വിശുദ്ധ കുർബാനയിൽ, പുതുതായി പട്ടം സ്വീകരിച്ച വൈദികർ നൃത്ത ചുവടുകളോടെയാണ് വരവേറ്റതെന്നും ഫാ. പിയര്‍ ലൂയിജി പറയുന്നു. വെല്ലുവിളികളെ അതിജീവിച്ച് അനേകര്‍ക്ക് ക്രിസ്തുവിനെ പകരാനുള്ള തയാറെടുപ്പിലാണ് ഇറ്റലിയിലെ ക്രീമ സ്വദേശിയായ ഫാ. പിയര്‍.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



More Archives >>

Page 1 of 1009