News - 2024

സമാധാന ദൗത്യവുമായി ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധി വീണ്ടും റഷ്യയില്‍

പ്രവാചകശബ്ദം 15-10-2024 - Tuesday

മോസ്കോ: ഫ്രാൻസിസ് മാർപാപ്പ ഭരമേൽപ്പിച്ച സമാധാന ദൗത്യത്തിൻ്റെ ഭാഗമായി ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസ് (സിഇഐ) പ്രസിഡന്‍റും കർദ്ദിനാളുമായ മത്തേയോ സൂപ്പി വീണ്ടും റഷ്യയില്‍. തിങ്കളാഴ്ച മോസ്കോയിൽ എത്തിച്ചേര്‍ന്ന അദ്ദേഹം റഷ്യൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തി സമാധാന ദൗത്യം തുടരുകയാണ്. യുക്രൈന്‍ കുട്ടികള്‍ക്ക് മാതാപിതാക്കളോട് ഒപ്പം ഒന്നിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ബന്ദികളാക്കി തടവില്‍ കഴിയുന്നവരുടെ കൈമാറ്റവും ചര്‍ച്ച ചെയ്യുന്നത് തുടരുകയാണെന്ന് വത്തിക്കാന്‍ അറിയിച്ചു.

റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി കർദ്ദിനാൾ കൂടിക്കാഴ്ച നടത്തുന്ന ചിത്രം റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിരിന്നു. കഴിഞ്ഞ ആഴ്ച വത്തിക്കാനിലെ അപ്പസ്‌തോലിക് കൊട്ടാരത്തിൽ ഫ്രാൻസിസ് മാർപാപ്പ യുക്രൈന്‍ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് കർദ്ദിനാളിൻ്റെ മോസ്‌കോ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. ഒക്‌ടോബർ 11 വെള്ളിയാഴ്ച നടന്ന സ്വകാര്യ കൂടിക്കാഴ്ച 35 മിനിറ്റ് നീണ്ടു.

റഷ്യ - യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിന് വേണ്ടിയുള്ള ഫ്രാൻസിസ് പാപ്പയുടെ പരിശ്രമങ്ങളുടെ ഭാഗമായി ദ്വിദിന സന്ദർശനത്തിനായി കർദ്ദിനാൾ സൂപ്പി കഴിഞ്ഞ വര്‍ഷം ജൂണിലും റഷ്യയില്‍ സന്ദര്‍ശനം നടത്തിയിരിന്നു. റഷ്യൻ ഓർത്തഡോക്സ് പാത്രിയാർക്കീസ് ​​കിറിൽ, പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ വിദേശ നയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥരുമായി അന്ന് കര്‍ദ്ദിനാള്‍ ചര്‍ച്ച നടത്തിയിരിന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



More Archives >>

Page 1 of 1011