News

2025 ജൂബിലി; 'വിശുദ്ധ വാതില്‍' ഇറ്റലിയിലെ റെബിബിയ ജയിലിലും തുറക്കുമെന്ന് വത്തിക്കാന്‍

പ്രവാചകശബ്ദം 28-10-2024 - Monday

വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെ ഭാഗമായി വിശുദ്ധ വാതില്‍ റോമൻ തടവറയിലുള്ള റെബിബിയയിലും തുറക്കുമെന്ന് വത്തിക്കാന്‍. സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ പ്രീഫെക്റ്റ് ആർച്ച് ബിഷപ്പ് സാൽവത്തോർ ഫിസിചെല്ലയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഡിസംബർ 26ന് പ്രത്യാശയുടെ പ്രഘോഷണത്തിൻ്റെ അടയാളമായി വിശുദ്ധ വാതില്‍ തുറക്കാൻ ഫ്രാൻസിസ് മാർപാപ്പ റോമൻ തടവറയിലുള്ള റെബിബിയയിൽ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

ജൂബിലി വര്‍ഷാചരണത്തിന് മുന്നോടിയായി റോമിൽ സംഘടിപ്പിക്കാനിരിക്കുന്ന പരിപാടികളെ കുറിച്ചുള്ള വാർത്താ സമ്മേളനത്തിലാണ് ആര്‍ച്ച് ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബർ 24-ന് സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ വിശുദ്ധ കുർബാനയ്ക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കുമെന്നും അതിനുശേഷം 2025- ജൂബിലിയുടെ വിശുദ്ധ വാതിൽ തുറക്കുന്ന ചടങ്ങ് നടക്കുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സ്വാതന്ത്ര്യം നഷ്ടപ്പെട്ട തടവുകാരുടെ അവസ്ഥ, തടവറയുടെ കാഠിന്യം, വൈകാരിക ശൂന്യത, നിയന്ത്രണങ്ങൾ എന്നിവ പരിഗണിച്ചാണ് തടവറയില്‍ വിശുദ്ധ വാതില്‍ തുറക്കുവാന്‍ തീരുമാനമായിരിക്കുന്നത്.

"സ്‌പേസ് നോൺ കൊൺഫൂന്തിത്" എന്ന ഔദ്യോഗികരേഖ വഴി ഫ്രാൻസിസ് പാപ്പ നൽകിയ നിർദ്ദേശമനുസരിച്ച്, വിശുദ്ധ പത്രോസിന്റെ ബസിലിക്ക, റോമിൽത്തന്നെയുള്ള വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്ക, മേരി മേജർ ബസിലിക്ക, റോമൻ മതിലിന് പുറത്തുളള വിശുദ്ധ പൗലോസിന്റെ ബസിലിക്ക എന്നീ പേപ്പൽ ബസിലിക്കകളില്‍ ജൂബിലി വര്‍ഷത്തില്‍ വിശ്വാസികള്‍ക്കായി വിശുദ്ധ വാതില്‍ തുറക്കുന്നുണ്ട്. 1300-ൽ ആഘോഷിക്കപ്പെട്ട ജൂബിലി വർഷം മുതൽ സഭയിലുള്ള പതിവുപോലെ, ഇത്തവണയും വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുന്നവര്‍ക്ക് ദണ്ഡവിമോചനത്തിനുള്ള അവസരമുണ്ടെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി വ്യക്തമാക്കിയിരിന്നു.

2000-ലെ മഹാ ജൂബിലിക്ക് ശേഷമുള്ള ആദ്യത്തെ സാധാരണ ജൂബിലി വര്‍ഷമായ 2025-ല്‍ 35 ദശലക്ഷം ആളുകൾ വത്തിക്കാനിലെ നിത്യനഗരത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ഇരുപത്തിയഞ്ചാം വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാരത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതു ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്.

Tags: Catholic Church , Pope Francis , Holy Door , Pravachaka Sabdam Catholic News Portal, Pravachaka Sabdam

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

More Archives >>

Page 1 of 1016