News

നിയുക്ത കര്‍ദ്ദിനാള്‍ മോൺ. ജോർജ് കൂവക്കാട്ട് നിസിബിസ് കൽദായ രൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്ത

പ്രവാചകശബ്ദം 25-10-2024 - Friday

ചങ്ങനാശേരി: നിയുക്ത കര്‍ദ്ദിനാള്‍ മോൺ. ജോർജ് ജേക്കബ് കൂവക്കാട്ടിനെ നിസിബിസ് കൽദായ രൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു. ഇന്ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 ന് വത്തിക്കാനിലും ചങ്ങനാശേരിയിലും ഒരേ സമയം പ്രഖ്യാപനം നടന്നു. ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടമാണ് പ്രഖ്യാപനം നടത്തിയത്.

എല്ലാ മെത്രാന്മാർക്കും ഒരു രൂപത വേണമെന്നാണ് കാനൻ നിയമം അനുശാസിക്കുന്നത്. എന്നാൽ സ്വന്തമായി രൂപതയില്ലാത്തവർക്ക് - സഹായ മെത്രാന്മാർക്കും കൂരിയയിൽ ജോലി ചെയ്യുന്ന മെത്രാന്മാർക്കും സ്ഥാനിക രൂപത നൽകുന്ന പതിവ് കത്തോലിക്ക സഭയിലുണ്ട്. സ്ഥാനിക രൂപതയെന്നാൽ, പണ്ടുണ്ടായിരുന്നതും എന്നാൽ പിന്നീട് പല കാരണങ്ങളാൽ നിന്നുപോയതുമായ രൂപത എന്നാണർത്ഥമാക്കുന്നത്. മതപീഡനം മൂലമോ ആളുകൾ ഇല്ലാതായതുമൂലമോ നിന്നുപോയ രൂപതയാണ് ഇപ്പോൾ സ്ഥാനിക രൂപതയായി മെത്രാന്മാർക്ക് നൽകുന്നത്.

നിന്നുപോയി എങ്കിലും ആ രൂപതയുടെ പ്രാധാന്യവും മഹത്വവും നിലനിർത്താൻ വേണ്ടിയാണ് സ്ഥാനിക രൂപതകളില്‍ മെത്രാന്‍മാരേ നൽകുന്നത്. തുര്‍ക്കിയിലെ നിസിബിസ് കൽദായ അതിരൂപത പൗരസ്ത്യ ദേശത്തെ പുരാതന അതിരൂപതയായിരുന്നു. നിസിബിസ് കൽദായ അതിരൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായിട്ടാണ് നിയുക്ത കർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ നിയമിച്ചിരിക്കുന്നത്.

ബംഗ്ലാദേശിന്റെ മുന്‍ അപ്പസ്തോലിക് ന്യൂണ്‍ഷോയും ചങ്ങനാശേരി അതിരൂപതാംഗവുമായ ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, പാലാ രൂപത അധ്യക്ഷന്‍ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ ആശംസകൾ നേർന്നു. പ്രഖ്യാപനത്തിനിടെ അദേഹത്തിന് അരപ്പട്ടയും മോതിരവും ധരിപ്പിച്ചു. അതിരൂപതാ ചാനസലർ ഡോ. ഐസക്ക് ആലഞ്ചേരി മംഗളപത്രം വായിച്ചു. മോൺ. ജോർജ് കൂവക്കാട്ടിന്റെ മെത്രാഭിഷേക ചടങ്ങുകൾ സഭയുടെ തലവനായ മാർ റാഫേൽ തട്ടിലിൻ്റെ നേതൃത്വത്തിൽ നവംബർ 24ന് ചങ്ങനാശേരി കത്തീഡ്രൽ ദേവാലയത്തിൽവെച്ചു നടക്കും. ഡിസംബർ ഏഴിനാണ് ഫ്രാൻസിസ് മാർപാപ്പയില്‍ നിന്നു കര്‍ദ്ദിനാള്‍ പദവി സ്വീകരിക്കുക.

1973 ആഗസ്റ്റ് പതിനൊന്നാം തീയതി, ചങ്ങനാശേരി അതിരൂപതയിലെ ചെത്തിപ്പുഴ ഇടവകയിലാണ് മോൺ. ജോര്‍ജ് ജനിച്ചത്. 2004 ൽ ചങ്ങനാശേരി അതിരൂപതയിൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടർന്ന് ഉന്നത വിദ്യാഭ്യാസത്തിനു ശേഷം, പരിശുദ്ധ സിംഹാസനത്തിൻ്റെ നയതന്ത്ര സേവനത്തിൽ പ്രവേശിക്കുകയും, അൾജീരിയ, കൊറിയ, ഇറാൻ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ വത്തിക്കാൻ പ്രതിനിധികേന്ദ്രങ്ങളിൽ വിവിധ തസ്തികകളിൽ സേവനം ചെയ്തു. 2021 മുതൽ ഫ്രാൻസിസ് പാപ്പയുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ മുഖ്യസംഘാടകനാണ് മോൺ. കൂവക്കാട്. വത്തിക്കാനിലെ നയതന്ത്രവിഭാഗത്തിൽ വർഷങ്ങളായി അദ്ദേഹം പ്രവർത്തിച്ചു വരികെയാണ് അദ്ദേഹത്തെ തേടി കര്‍ദ്ദിനാള്‍ പദവിയെത്തിയത്.

More Archives >>

Page 1 of 1015