News - 2024

യുവജനങ്ങളുടെ ക്രമാതീതമായ കുടിയേറ്റം: ആഫ്രിക്കൻ രാജ്യമായ ഗിനി-ബിസൗയില്‍ പ്രാര്‍ത്ഥനാദിനം പ്രഖ്യാപിച്ച് കത്തോലിക്ക സഭ

പ്രവാചകശബ്ദം 25-10-2024 - Friday

ബിസൗ: യുവജനങ്ങളുടെ ക്രമാതീതമായ കുടിയേറ്റത്തിന്റെയും മറ്റ് പ്രാദേശിക പ്രതിസന്ധികളുടെയും പശ്ചാത്തലത്തില്‍ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ ഗിനി-ബിസൗയില്‍ പ്രാര്‍ത്ഥനാദിനം പ്രഖ്യാപിച്ച് കത്തോലിക്ക സഭാനേതൃത്വം. "സത്യം നിങ്ങളെ സ്വതന്ത്രരാക്കും" എന്ന പ്രമേയത്തിലൂന്നി ഗിനിയ-ബിസാവിലെ കത്തോലിക്ക സഭ നവംബർ നാലിനാണ് ദേശീയ ഉപവാസ പ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനം ചെയ്തത്.

യൂറോപ്പിലേക്ക് യുവജനങ്ങളുടെ കൂട്ട കുടിയേറ്റം, സാമൂഹിക ഐക്യത്തില്‍ ഉണ്ടായ കുറവ്, രാഷ്ട്രീയ സംഘർഷങ്ങൾ, വിവിധ മേഖലകളിലെ അസ്ഥിരത, പൊതുവിഭവങ്ങളുടെ ദുരുപയോഗം എന്നിവയുടെ പശ്ചാത്തലത്തിലാണ് പ്രാര്‍ത്ഥനാദിനം. ബിസാവു കത്തോലിക്ക രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസ് ലാംപ്രയും ബഫാത്ത കത്തോലിക്ക രൂപതയുടെ രൂപത അഡ്മിനിസ്‌ട്രേറ്ററും ഒപ്പിട്ട സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനം.

ദൈവത്തിൻ്റെ മാർഗനിർദേശം തേടുക എന്നതാണ് തങ്ങളുടെ ദൌത്യം. അതുകൊണ്ടാണ് തങ്ങൾ ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ദിനം ആവശ്യപ്പെടുന്നത്. നമുക്ക് ദൈവത്തെ ശ്രവിക്കുകയും രാജ്യത്ത് ഐക്യവും സമാധാനവും പരസ്പര ധാരണയും പൊതു വിഭവങ്ങളുടെ ശരിയായ പരിപാലനം എന്നിവയ്ക്കായി അപേക്ഷിക്കുകയും ചെയ്യാമെന്നും ബിഷപ്പ് ജോസ് ലാംപ്ര പറഞ്ഞു. ദിനാചരണത്തിൽ പൂർണ്ണമായി പങ്കെടുക്കാൻ വിദ്യാർത്ഥികളെയും അധ്യാപകരെയും സഹായിക്കുന്നതിനു രാജ്യത്തുടനീളമുള്ള കത്തോലിക്കാ സ്കൂളുകൾക്കു നവംബർ 4ന് അവധിയാണ്. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഗിനി-ബിസൗയിലെ ജനസംഖ്യയുടെ 18% ആണ് ക്രൈസ്തവര്‍.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



More Archives >>

Page 1 of 1015