News - 2024

മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തിന് വത്തിക്കാന്‍ ഒരുങ്ങി; 'പാവങ്ങളുടെ തിരുനാളിന്' ഇന്നു തുടക്കമാകും

സ്വന്തം ലേഖകന്‍ 01-09-2016 - Thursday

വത്തിക്കാന്‍: വത്തിക്കാനില്‍ ഞായറാഴ്ച നടക്കുന്ന മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തോടനുബന്ധിച്ച്, മദര്‍ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം സംഘടിപ്പിക്കുന്ന 'പാവങ്ങളുടെ തിരുനാളിന്' ഇന്നു തുടക്കമാകും. പ്രാദേശിക സമയം വൈകിട്ട് 5 മണിക്കാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുക. മദർ തെരേസയുടെ ജീവിതം ചിത്രീകരിക്കുന്ന ഇന്ത്യൻ നൃത്തരൂപമായ ബാലെ ഇന്ന്‍ വൈകീട്ട് അരങ്ങേറും. റോമിലെ ഒളിംപിക്കോ തിയറ്ററിലാണു ബാലെ അവതരിപ്പിക്കുക. സ്കൂൾ അധ്യാപികയായി കൊൽക്കത്തയിലെത്തി പിന്നീടു പാവങ്ങളുടെ അമ്മയായി മാറിയ മദറിന്റെ ജീവിതകഥയാണു ബാലെയിൽ അവതരിപ്പിക്കപ്പെടുക.

ഇന്ന്‍ മുതല്‍ സെപ്റ്റംബർ എട്ടുവരെ നീളുന്ന വിവിധ പരിപാടികളും ഇതോടൊപ്പം നടക്കും. കര്‍ദിനാള്‍ ആഞ്ചലോ കോമാസ്റ്റ്റിയും മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമയും റോമിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയിലെ ഒന്‍പതു സമൂഹങ്ങളുടെ പ്രതിനിധികളും ചേര്‍ന്നു ചടങ്ങുകള്‍ക്കു തുടക്കം കുറിച്ചു നിലവിളക്കു കൊളുത്തും. തുടര്‍ന്നു മദറിന്‍റെ നന്മനിറഞ്ഞ ജീവിതത്തെക്കുറിച്ചു കര്‍ദിനാള്‍ ആഞ്ചലോ കോമാസ്റ്റ്റിയും ആധ്യാത്മികജീവിതത്തെക്കുറിച്ച് സിസ്റ്റര്‍ മേരി പ്രേമയും അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും.

ചടങ്ങിന്റെ രണ്ടാം ഭാഗത്ത് മദറിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കി രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബാലെ അവതരിപ്പിക്കും. ചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള സമൂഹവിരുന്നില്‍ രണ്ടായിരം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുക. പാവങ്ങള്‍ക്കൊപ്പമുള്ള വിരുന്നില്‍ ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കും. മദര്‍ തെരേസയുടെ മുഖം പിന്നിലും മഹദ് വചനകള്‍ മുന്നിലും ആലേഖനം ചെയ്ത ടി-ഷര്‍ട്ടുകള്‍ ധരിച്ച 1110 സന്നദ്ധസേവകരുടെ സംഘം പരിപാടികള്‍ക്കു നേതൃത്വം നല്‍കും.

മൂന്നിനു സെന്റ് ആൻഡ്രിയ ഡെല്ലാവാലി ബസിലിക്കയിൽ മദർ തെരേസയെക്കുറിച്ചുള്ള കലാപരിപാടികൾ നടക്കും. സംഗീത നിശയില്‍ ഉഷ ഉതുപ്പ് മദർ തെരേസയെക്കുറിച്ചുള്ള ഗാനങ്ങൾ ആലപിക്കും. മദറിനെക്കുറിച്ച് ഇംഗ്ലിഷിലും ബംഗാളിയിലുമുള്ള ഓരോ ഗാനങ്ങളാണു പാടുക. സെപ്റ്റംബർ നാലിനു സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന ചടങ്ങിലാണ് ഫ്രാൻസിസ് മാർപാപ്പ മദർ തെരേസയെ വിശുദ്ധരുടെ നിരയിലേക്കു ഉയര്‍ത്തുക.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 75