News - 2024

മംഗോളിയന്‍ വിശ്വാസ സമൂഹത്തിനു ഇത് ധന്യനിമിഷം; ആദ്യത്തെ തദ്ദേശീയ വൈദികന്‍ അഭിഷിക്തനായി

സ്വന്തം ലേഖകന്‍ 30-08-2016 - Tuesday

ഉലാന്‍ബാറ്റാര്‍: മംഗോളിയായുടെ ആദ്യത്തെ തദ്ദേശീയ വൈദികനായി ഫാദര്‍ ജോസഫ് എന്‍ക് ബാറ്റര്‍ അഭിഷിക്തനായി. വിശുദ്ധ പത്രോസ് പൗലോസ് ഗ്ലീഹന്‍മാരുടെ നാമധേയത്തിലുള്ള ഉലാന്‍ബാറ്റാറിലെ കത്തീഡ്രല്‍ ദേവാലയത്തിലാണ് മംഗോളിയന്‍ കത്തോലിക്ക വിശ്വാസികള്‍ക്ക് ആത്മീയ ആഹ്ലാദം പകര്‍ന്ന ചടങ്ങുകള്‍ നടന്നത്. തിരുപട്ടം സ്വീകരിച്ച ശേഷം തന്റെ പ്രഥമ ദിവ്യബലി ഫാദര്‍ ജോസഫ് എന്‍ക് ബാറ്റര്‍ അര്‍പ്പിച്ചു.

ബിഷപ്പ് വെന്‍സിസ്‌ലാവോ പാഡില തിരുപട്ട ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. അദ്ദേഹം ബിഷപ്പായതിന്റെ 12-ാം വാര്‍ഷിക ദിനത്തില്‍ തന്നെയാണ് മംഗോളിയക്കാരുടെ സ്വന്തം വൈദികനെ അഭിഷേകം ചെയ്തതും. ദക്ഷിണകൊറിയയിലെ ഡാജിയോണ്‍ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ലാസറോ യൂ ഹുയിന്‍സികും തിരുപട്ട ശുശ്രൂഷകളിലും പ്രഥമ ദിവ്യബലിയിലും പങ്കെടുക്കുവാന്‍ എത്തിയിരിന്നു. ഫാദര്‍ ജോസഫ് എന്‍ക് ബാറ്റര്‍ പഠനം പൂര്‍ത്തിയാക്കിയത് ദക്ഷിണകൊറിയയിലാണ്.

"പൗരോഹിത്യമെന്നത് ദൈവത്തില്‍ നിന്നുള്ള ദാനമാണ്. അതൊരു വലിയ കൃപയുമാണ്. വിശുദ്ധ ബലി അര്‍പ്പിക്കുവാന്‍ കഴിയുന്നത് എത്രയോ സന്തോഷകരവും ആത്മാവിന് ആനന്ദം നല്‍കുന്നതുമായ ഒന്നാണ്. അതിനാല്‍ തന്നെ ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ് എന്റെ ജീവിതത്തില്‍ വന്നു ചേര്‍ന്നിരിക്കുന്നത്. ഇനിയുള്ള ദിനങ്ങളില്‍ ദൈവത്തിന്റെ പരിപാലനയില്‍ മുന്നോട്ട് നീങ്ങുവാന്‍ ഞാന്‍ എന്നെ സമര്‍പ്പിക്കുന്നു". ഫാദര്‍ ജോസഫ് എന്‍ക് ബാറ്റര്‍ തന്റെ പ്രഥമ ദിവ്യബലിക്കിടെ പറഞ്ഞു.

ഡാഷി ലിന്‍ ചോയിയില്‍ സ്ഥിതി ചെയ്യുന്ന ബുദ്ധ ആശ്രമത്തിന്റെ മഠാധിപതി ഡാംബാജാവ് ശുശ്രൂഷകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ എത്തിയിരിന്നു. കത്തോലിക്കരുമായി തങ്ങള്‍ നല്ല ബന്ധമാണ് കാത്ത് സൂക്ഷിക്കുന്നതെന്നും മംഗോളിയക്കാരനായ ഒരാള്‍ വൈദികനാകുന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്നും മഠാധിപതിയുടെ സെക്രട്ടറി പറഞ്ഞു. മകന്‍ മംഗോളിയായുടെ ആദ്യത്തെ വൈദികനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഫാദര്‍ ജോസഫ് എന്‍ക് ബാറ്ററിന്റെ അമ്മ പ്രതികരിച്ചു. മംഗോളിയന്‍ സഭയുടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ ചടങ്ങില്‍ ആയിരത്തിലധികം വിശ്വാസികള്‍ സംബന്ധിച്ചു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 74