News - 2025
രാത്രി നന്നായി വിശ്രമിച്ചു; പാപ്പായുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലായെന്ന് വത്തിക്കാന്‍
പ്രവാചകശബ്ദം 05-03-2025 - Wednesday
വത്തിക്കാന്‍ സിറ്റി: ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ രാത്രിയിൽ നന്നായി ഉറങ്ങി വിശ്രമിച്ചുവെന്നും ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലായെന്നും വത്തിക്കാന്‍. മുൻദിവസങ്ങളെ അപേക്ഷിച്ച് ചൊവ്വാഴ്ച ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടില്ല. പാപ്പ രാവിലെ വിശ്രമിച്ചുവെന്നും, പകൽസമയം ഉണർവോടെ ചിലവഴിച്ചുവെന്നും ഇന്നലെ വൈകീട്ട് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ പ്രസ് ഓഫീസ് അറിയിച്ചിരിന്നു. രാത്രിയിൽ ശക്തമല്ലാത്ത രീതിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ഓക്സിജൻ നൽകിയിരുന്നു.
തിങ്കളാഴ്ച ഉണ്ടായ ശ്വാസ തടസവും കടുത്ത അണുബാധയും കഫകെട്ടും കാരണം ഇന്നലെ പകൽ പാപ്പയ്ക്ക് ഓക്സിജൻ നൽകേണ്ടിവന്നിരുന്നുവെന്നും രാത്രിയിൽ ശക്തമല്ലാത്ത രീതിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ഓക്സിജൻ നൽകുന്നത് തുടരുന്നുണ്ടെന്നും പരിശുദ്ധസിംഹാസനം വ്യക്തമാക്കി. എന്നാൽ പാപ്പയുടെ ആരോഗ്യനിലയിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങളെ സംബന്ധിച്ച് വത്തിക്കാൻ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.
ചൊവ്വാഴ്ച പകൽ പാപ്പ പ്രാർത്ഥനയും വിശ്രമവുമായി കഴിച്ചുകൂട്ടിയെന്നും, രാവിലെ വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും വത്തിക്കാൻ അറിയിച്ചു. ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യത്തിനുവേണ്ടി ഫെബ്രുവരി 24 തിങ്കളാഴ്ച മുതൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ആരംഭിച്ച ജപമാല പ്രാർത്ഥന ഇന്നലെയും നടന്നിരുന്നു. ദൈവാരാധനയ്ക്കും കൂദാശാക്രമകാര്യങ്ങൾക്കുമായുള്ള വത്തിക്കാൻ ഡികാസ്റ്ററി അധ്യക്ഷൻ കർദ്ദിനാൾ ആർതർ റോഷാണ് കഴിഞ്ഞ ദിവസത്തെ ജപമാല പ്രാർത്ഥന നയിച്ചത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️