News

ജോര്‍ജ്ജിയന്‍ പാത്രിയാർക്കീസിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ലെയോ പാപ്പ

പ്രവാചകശബ്ദം 24-03-2026 - Tuesday

ടിബിലിസി: ജോര്‍ജ്ജിയായിലെ ഓർത്തഡോക്സ് പാത്രിയാർക്കീസ് ഇലിയ രണ്ടാമന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ലെയോ പതിനാലാമൻ പാപ്പ. വിശ്വാസജീവിതത്തിൽ ജോര്‍ജ്ജിയായിലെ ഓർത്തഡോക്സ് സഭയെ നയിച്ച അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖിതരായിരിക്കുന്നവർക്ക് പ്രാർത്ഥനകളും അനുശോചനവും അറിയിച്ചാണ് പാത്രിയാർക്കേറ്റിന്റെ താത്കാലിക ചുമതലയുള്ള സെനാക്കി, ഖോർസ്‌കി അതിരൂപതാദ്ധ്യക്ഷനുമായ ഷിയോ മെത്രാപ്പോലീത്തയ്ക്ക് പാപ്പ കത്തയച്ചത്. കരുണയോടും വിവേകത്തോടും, സുവിശേഷാത്മകമായ ശക്തിയോടും കൂടിയാണ് അദ്ദേഹം ജോർജ്ജിയായിലെ സഭയെ നയിച്ചതെന്ന് പാപ്പ അനുസ്മരിച്ചു.

വേദനയുടെ നിമിഷത്തിൽ അവിടുത്തെ ഓർത്തഡോക്സ് വിശ്വാസിസമൂഹത്തിന്റെ ഇടയനും പിതാവുമായിരുന്ന അദ്ദേഹത്തിനുവേണ്ടിയുള്ള പ്രാർത്ഥനകളിൽ താനും പങ്കുചേരുന്നുവെന്ന് പാപ്പ അറിയിച്ചു. ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ഉറച്ച സാക്ഷിയായാണ് അഭിവന്ദ്യ ഇലിയ രണ്ടാമൻ. ഏറെ ബുദ്ധിമുട്ടേറിയ സമയങ്ങളിലും മാറ്റത്തിന്റെ കാലഘട്ടത്തിലും ജോര്‍ജ്ജിജിയയിലെ വിശ്വാസികളെ അദ്ദേഹം അനുഗമിച്ചുവെന്നും, പാരമ്പര്യം സ്നേഹപൂർവ്വം കാത്തുസൂക്ഷിച്ചുവെന്നും പ്രത്യാശയിലേക്ക് ഹൃദയങ്ങളെയും സമൂഹത്തെയും തുറന്നുവെന്നും കൂട്ടിച്ചേർത്തു.

തന്റെ മുൻഗാമികളായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ, ഫ്രാൻസിസ് പാപ്പ എന്നിവരുമായി ഇലിയ രണ്ടാമനുണ്ടായിരുന്ന സൗഹാർദ്ദപരവും സഹോദര്യപരവുമായ ബന്ധവും പാപ്പാ അനുസ്മരിച്ചു. 1977 മുതൽ ജോർജിയൻ ഓർത്തഡോക്സ് സഭയുടെ തലവനായ ഇലിയ രണ്ടാമൻ, ലോകത്തിലെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചതും ഏറ്റവും സ്വാധീനമുള്ളതുമായ ഓർത്തഡോക്സ് നേതാക്കളിൽ ഒരാളായിരിന്നു. ജോർജിയയിലെ ആത്മീയ നേതൃത്വത്തിനും ദേശീയ സ്വത്വം ശക്തിപ്പെടുത്തുന്നതിലെ പങ്കിനും അദ്ദേഹം ഏറെ പ്രശംസ നേടി. മാർച്ച് പതിനേഴിനാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »