India - 2026
സഭ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അടിമയല്ല: മാർ ജോസ് പുളിക്കൽ
പ്രവാചകശബ്ദം 04-05-2026 - Monday
കാഞ്ഞിരപ്പള്ളി: സഭ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അടിമയല്ലെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ. സീറോ മലബാർ സഭ 2026 വർഷം സാമുദായിക ശക്തീകരണ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്‌സ് കത്തീഡ്രൽ ഇടവകയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് പ്രസംഗിക്കുകയാ യിരുന്നു ബിഷപ്പ്.
സഭയ്ക്ക് കക്ഷിരാഷ്ട്രീയമില്ല. സമുദായ കാഴ്‌ചപ്പാട് വർഗീയതയല്ല. തെറ്റായ നിലപാടാണ് വർഗീയത. വർഗീയതയ്ക്കെതിരേയാണ് സഭ. ഇന്ന് പരക്കെ പ്രചരിക്കുന്ന കാര്യങ്ങൾ അസത്യങ്ങളും, അർദ്ധസത്യങ്ങളുമാണ്. അതൊക്കെ പ്രചരിപ്പിച്ച് സ്വാർത്ത ലാഭം കൊയ്യാൻ ശ്രമിക്കുന്ന പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രങ്ങളും സംഘടനകളും സംവിധാനങ്ങളും ഏറി വരുന്നുവെന്നത് സമകാലിക ലോകത്തിൻ്റെ ദുര്യോഗമാണെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
മെത്രാന്മാർ നിസംഘടിതരായിരിക്കേണ്ടവരല്ല. അവർക്ക് നിലപാടുകളുണ്ട്. സഭയ്ക്ക് നേതൃത്വം കൊടുക്കേണ്ടവർ കൃത്യമായ കാഴ്ചപ്പാടുകൾ ഉള്ളവരാകണം. അത് പറയുകയും വേണം, പറയുകയും ചെയ്യും. വ്യക്തികൾക്ക്, സമൂഹത്തിന് ദിശാബോധം നൽകേണ്ടവരാണ് നേതൃത്വത്തിലുള്ളവർ. അവരത് ചെയ്യാതിരുന്നാലേ കുറ്റം പറയേണ്ടതുള്ളൂ. അതിനെതിരേ വിമർശനം ഉന്നയിക്കുന്നവർക്ക് പുല്ലുവില മാത്രമേ കല്പിക്കുന്നുള്ളൂ. കത്തീഡ്രൽ വികാരിയും ആർച്ച്പ്രീസ്റ്റുമായ ഫാ.ഡോ. കുര്യൻ താമരശേരി അധ്യക്ഷത വഹിച്ചു.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശത്തിനായി നിയമപോരാട്ടം നടത്തുന്ന അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ വിഷയാവതരണം നടത്തി. കൈക്കാരൻ ടി.സി. ചാക്കോ വാവലുമാക്കൽ, ജനറൽ കൺവീനർ ജേക്കബ് ചെറിയമുക്കട എന്നിവർ പ്രസംഗി ച്ചു. തുടർന്ന് സമുദായശക്തീകരണ പ്രതിജ്ഞയും വിവിധ കലാപരിപാടികളും നടത്തി. സമ്മേളനത്തിനു മുന്നോടിയായി കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി മൈതാനത്തുനിന്ന് ആരംഭിച്ച റാലി ടൗൺ ചുറ്റി മഹാ ജൂബിലി ഹാളിൽ സമാപിച്ചു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ.ഡോ. ജോസഫ് വെള്ളമറ്റം റാലി ഫ്ലാഗ് ഓ ഫ് ചെയ്തു.

















