News
ഉള്ളതില്‍ കൂടുതല്‍ മേന്മ ആരും ഭാവിക്കരുത് : കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
സ്വന്തം ലേഖകൻ 03-10-2015 - Saturday
ഇംഗ്ലണ്ടിലെ സീറോമലബാര്‍ സഭാ വിശ്വാസികള്‍ തര്‍ക്കങ്ങള്‍ പരിഹരിച്ചുകൊണ്ട് പരസ്പരം സ്നേഹത്തിലും സഹിഷ്ണുതയിലും ഒന്ന് ചേര്‍ന്ന് ജീവിക്കുകയും ഇംഗ്ലണ്ടിലെ സഭയുമായി സഹകരിച്ച് വിശ്വാസജീവിതം കെട്ടിപ്പെടുക്കുകയും ചെയ്യണമെന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി വിശ്വസികളെ ഉത്ബോധിപ്പിച്ചു.
ഇംഗ്ലണ്ടില്‍ സീറോമലബാര്‍ സഭയുടെ കീഴിലുള്ള ആദ്യത്തെ ഇടവക ദേവാലയം വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്റ്റണിലെ സെന്‍റെ് ഇഗ്നേഷ്യസ് ദേവാലയത്തില്‍ വച്ച് ഇന്നലെ രാവിലെ നടന്ന പ്രൌഢഗംഭീരമായ ചടങ്ങിന്‍റെ ഭാഗമായി ദിവ്യബലി അര്‍പ്പിച്ചു കൊണ്ട് വചന സന്ദേശം നല്കുകയിരുന്നു. അദ്ദേഹം.
"അതി മനോഹരമായ ഈ ദേവാലയം നമുക്കു ലഭിച്ചത് ദൈവത്തിന്റെ വലിയ അനുഗ്രഹമാണ്" എന്ന് അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു.
UK യുടെ നാനാഭാഗങ്ങളില്‍ നിന്ന്‍ എത്തിച്ചേര്‍ന്ന നൂറുകണക്കിന് വിശ്വസികളുടേയും നിരവധി വൈദികരുടേയും ലങ്കാസ്റ്റര്‍ രൂപത ബിഷപ്പ് മൈക്കിള്‍ കാംബെലിന്‍റെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സീറോമലബാര്‍ സഭയുടെ UK കോഡിനേറ്റര്‍ ഫാ. തോമസ് പാറയടിയിലും ലങ്കാസ്റ്റര്‍ രൂപത സീറോമലബാര്‍ ചാപ്ലയിന്‍ ഫാ. മാത്യു ചൂരപ്പൊയ്കയിലും നേതൃത്വം നല്‍കി.
ദിവ്യബലി മധ്യേ നടന്ന വചന സന്ദേശത്തില്‍ കൂടുതല്‍ സമയവും UK യിലെ സീറോമലബാര്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളെയും വഴക്കുകളെയും കുറിച്ചാണ് അദ്ദേഹം മുന്നറിയിപ്പു നല്‍കിയത്. ഇവിടുത്തെ തര്‍ക്കങ്ങളെയും വഴക്കുകളെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തനിക്ക് നിരന്തരം ലഭിച്ചു കൊണ്ടാണിരിക്കുന്നത് എന്ന് വെളിപ്പെടുത്തിയ അദ്ദേഹം ഉള്ളതില്‍ കൂടുതല്‍ മഹിമ ആരും ഭാവിക്കരുത് എന്ന് ശക്തമായി നിര്‍ദ്ദേശിച്ചു.
മലയാള ഭാഷയില്‍ കട്ടികൂടിയ വാക്കുകള്‍ ഉപയോഗിച്ചുകൊണ്ട് ഇതിനെതിരെ മുന്നറിയിപ്പു നല്‍കാമെങ്കിലും മൃദുലമായ ഭാഷയില്‍ എല്ലാവരോടും പരസ്പര സ്നേഹത്തിലും സഹിഷ്ണുതയിലും ജീവിക്കുവാന്‍ താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അല്‍മായന്‍ സ്വയം വൈദികനാണെന്നും വൈദികന്‍ സ്വയം മെത്രാനാണെന്നും ഒരിക്കലും ഭാവിക്കരുതെന്ന് അദ്ദേഹം ദേവാലയത്തില്‍ തിങ്ങിനിറഞ്ഞുനിന്ന വിശ്വാസി സമൂഹത്തോട് നിര്‍ദ്ദേശിച്ചു.
അല്‍മായ സമൂഹം വൈദികരെ അനുസരിച്ചും വൈദികര്‍ കുറവുകളുള്ള അല്‍മായ സമൂഹത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടും ജീവിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. കുറവുകളുള്ള ഈ സമൂഹത്തില്‍ നിന്നു തന്നെയാണ് തങ്ങളും കടന്നു വന്നിരിക്കുന്നത് എന്ന്‍ വൈദികര്‍ ഒരിക്കലും മറന്നു പോകരുത് എന്ന് അദ്ദേഹം വൈദികരെ ഓര്‍മ്മിപ്പിച്ചു.
തര്‍ക്കങ്ങളും വഴക്കുകളും ഇവിടെ നിലനില്‍ക്കുന്നിടത്തോളം ഇംഗ്ലണ്ടിലെ സീറോമലബാര്‍ സഭാ വിശ്വാസികളെ സന്ദര്‍ശിക്കുവാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ല എന്ന് തുറന്ന് പറഞ്ഞ അദ്ദേഹം തര്‍ക്കങ്ങള്‍ പരിഹരിച്ചുകൊണ്ട് സ്നേഹത്തിലും, സഹിഷ്ണുതയിലും ജീവിക്കുകയാണെങ്കില്‍ വീണ്ടും ഇവിടേക്കു വരുവാനും കൂടുതല്‍ സമയം വിശ്വസികളോടൊപ്പം ചിലവഴിക്കാനും താന്‍ തയ്യാറാണെന്നും പറഞ്ഞു.