News - 2025
കരുണാസമ്പന്നനായ ദൈവത്തെ പരിചയപ്പെടുത്തി കൊടുക്കുവാൻ മറ്റുള്ളവരിലേക്ക് ഇറങ്ങി ചെല്ലുവിൻ: ഫ്രാൻസിസ് മാർപാപ്പാ
ജേക്കബ് സാമുവേൽ 29-09-2015 - Tuesday
സെപ്റ്റംബർ 25-ന് ന്യൂയോർക്കിലെ മാഡിസൺ സ്ക്ക്വയറിൽ, ഫ്രാൻസിസ് മാർപാപ്പാ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. “സർവ്വവ്യാപിയായ ദൈവം നമ്മുടെ നഗരങ്ങളിൽ വസിക്കുന്നു” എന്ന് കുർബ്ബാനയിൽ സംബന്ധിച്ച വിശ്വാസികൾക്ക് അദ്ദേഹം ഉറപ്പ് നൽകി.
സെൻട്രൽ പാർക്കിലൂടെ ‘പോപ്പ്മൊബൈൽ’ വാഹനത്തിൽ സഞ്ചരിച്ച് നഗരമദ്ധ്യേ ഉള്ള മൈതാനത്ത് എത്തി. മാഡിസൺ സ്ക്ക്വയറിൽ പ്രവേശനം ലഭിക്കാത്ത ന്യൂയോർക്ക്കാർക്ക് താൻ കടന്നു പോകുമ്പോൾ കാണുവാനുള്ള അവസരം നൽകുവാനായിട്ടാണ്, വാഷിംഗ്ടണ്ണിലും ന്യൂയോർക്കിലുമുള്ള സന്ദർശനം ഫിയറ്റിന്റെ ഏറ്റവും ചെറിയ വാഹനം ‘പോപ്പ്മൊബൈലാ’യി ഉപയോഗിക്കുവാൻ അദ്ദേഹം സമ്മതിച്ചത്.
അമേരിക്കയിലെ യാത്രകളെല്ലാം അതിശക്തമായ സുരക്ഷാസന്നാഹങ്ങളുടെ വലയത്തിലായിരുന്നു. ഇത് അൽപം കൂടിപ്പോയതായി പ്രകടിപ്പിച്ചുവെങ്കിലും, ഇരു വശങ്ങളിലും തിങ്ങി നിന്ന് സ്വാഗതാശംസകൾ നേർന്നുകൊണ്ടിരുന്ന ജനാവലിയെ കൈവീശി ആശിർവദിക്കാൻ പിതാവിന് ഉൽസാഹമായിരുന്നു.
വൈകുന്നേരത്തെ, വെള്ളിയാഴ്ച കുർബാന മദ്ധ്യേ സ്പാനിഷ് ഭാഷയിൽ ചെയ്ത പ്രസംഗത്തിൽ ദൈനംദിന ജീവിതത്തിലെ ദൈവസാന്നിദ്ധ്യം തിരിച്ചറിയാനും അത് അയൽക്കാരുമായി പങ്കു വക്കാനും പോപ്പ് വിശ്വാസികളെ പ്രോൽസാഹിപ്പിച്ചു.
പോപ്പ് ഉദ്ദരിച്ചു: “പോകുവിൻ, പുറത്തേക്ക് പോകുവിൻ, എന്ന് യേശു തന്റെ ശിഷ്യന്മാരോട് ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. പോയി, അവർ ആയിരിക്കുന്നിടത്ത്- അവർ എവിടെ ഉണ്ടായിരിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നിടത്തല്ല- അവിടെ പോയി അവരെ കാണുവിൻ”.
അദ്ദേഹം തുടർന്നു, “പോയി, വിളംബരം ചെയ്യുവിൻ, കരുണാസമ്പന്നനായ ഒരു പിതാവായി ദൈവം നമ്മുടെ ഇടയിൽ തന്നെ ഉണ്ടെന്ന് ബോദ്ധ്യപ്പെടുത്തുക; തന്റെ മകൻ വീട്ടിൽ തിരിച്ചെത്തിയോയെന്ന് നോക്കാൻ രാവും പകലും പുറത്തേക്ക് പോകുന്ന, തിരിച്ചെത്തിയത് കാണുമ്പോൾ, ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്യുന്ന പിതാവായ ദൈവത്തെ, അവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുക”.
വിശ്വാസികൾ ദൈവസ്നേഹത്തെപ്പറ്റി അതീവ ബോധവാന്മാരായിരിക്കുകയും, നമ്മുടെ ജീവിതത്തിനുള്ളിലുള്ള- നമ്മുടെ നഗരത്തിനുള്ളിലുള്ള- ദൈവത്തിന്റെ ജീവനുള്ള സാന്നിദ്ധ്യം ധ്യാനിക്കുകയും ചെയ്യണം.
ഇപ്രകാരമായിരുന്നു ന്യൂയോർക്ക് നിവാസികൾക്ക് നൽകിയ സന്ദേശത്തിൽ, അദ്ദേഹം പറഞ്ഞത്. അദ്ദേഹം തുടർന്നു; വൻനഗരങ്ങളിലെ ജീവിതം അത്ര എളുപ്പമുള്ളതല്ല, എന്നിരുന്നാലും, ഈ ലോകപ്പരപ്പിൽ കുഴിച്ചിട്ടിരിക്കുന്ന നിധികളുണ്ടെന്ന് വൻനഗരങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്“.
പരിശുദ്ധ പിതാവ് നിരീക്ഷിച്ചു, “അതേസമയം, ആശയക്കുഴപ്പത്തിൽ അകപ്പെട്ടുകൊണ്ടിരിക്കുന്ന അപകടകരമായ അവസ്ഥയിലുള്ള ധാരാളം ആളുകൾ വൻനഗരങ്ങളിലുണ്ട്. അവർ കൂടുതലും വിദേശികളാണ്, സ്കൂളിൽ പോകാത്ത കുട്ടികൾ, മെഡിക്കൽ ഇൻഷ്യുറൻസ് നിഷേധിക്കപ്പെട്ടവർ, വീടില്ലാത്തവർ, അവഗണിക്കപ്പെട്ട പ്രായമായവർ”. സ്നേഹവും സഹായവുമായി ഇവരുടെ അടുത്തേക്കും എത്തിപ്പെടണമെന്നാണ് പിതാവ് വിശ്വാസികൾക്ക് നൽകിയ ദൂത്.