News - 2025
ദൈവം സൃഷ്ടിച്ചതിൽ ഏറ്റവും സുന്ദരമായത് കുടുംബം : ഫ്രാൻസിസ് മാർപാപ്പ
ജേക്കബ് സാമുവേൽ 01-10-2015 - Thursday
സെപ്റ്റംബർ 26 ശനിയാഴ്ച, ഫിലാഡെൽഫിയായിൽ കൂടിച്ചേർന്ന ആയിരക്കണക്കിന് കുടുംബങ്ങളോട്, കുടുംബജീവിതത്തിന്റെ സൗന്ദര്യത്തേയും അതീവ പ്രാധാന്യത്തേയും കുറിച്ചുള്ള ചിന്തകളാണ് മുൻകൂട്ടി തയ്യറാക്കാത്ത പ്രസംഗത്തിൽ പോപ്പ് ഫ്രാൻസിസ് പ്രകടിപ്പിച്ചത്.
സെപ്റ്റംബർ 26-ന്, ബെഞ്ചമിൻ ഫ്രാങ്കിളിൻ പാർക്കുവേയിലെ വീഥികളിൽ കുടുംബാഘോഷ വേളയിൽ പിതാവ് ഇപ്രകാരം പറഞ്ഞു: “ദൈവം സൃഷ്ടിച്ചതിൽ ഏറ്റവും സുന്ദരമായത് കുടുംബമാണെന്നാണ് വേദപുസ്തകം പറയുന്നത്”.
“കുടുംബത്തെ വിലയുള്ളതാക്കുന്നതിൽ യഥാർത്ഥ സാക്ഷികളായ നിങ്ങളെല്ലാവരുടേയും സാന്നിദ്ധ്യത്തിന്” പോപ്പ് സന്ദി പ്രകാശിപ്പിച്ചു കൊണ്ട് പറഞ്ഞു! സൗന്ദര്യത്തിന്റേയും നന്മയുടേയും സത്യത്തിന്റേയും ശക്തവും ദൃഢവുമായ ആത്മീയമണിമാളികയാണ് സമൂഹം, അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിലാഡെൽഫിയായിലെ അതിരൂപത അതിഥേയത്വം വഹിച്ച അഖിലലോക കുടുംബ സംഗമത്തിൽ ലോകമെമ്പാടുമുള്ള കുടുംബങ്ങൾ പങ്കെടുത്തിരുന്നു. ഇതിൽ, നിരവധി കുടുംബാംഗങ്ങൾ ചെയ്ത ഹൃദയംഗവും തീവൃവുമായ സാക്ഷ്യപ്രസംഗങ്ങൾക്ക് ശേഷമാണ് പോപ്പ് സംസാരിച്ചത്. സെപ്റ്റംബർ 22 മുതൽ 27-വരെയുള്ള യു.എസ് യാത്രയിലെ, മൂന്നിൽ, അവസാനത്തെ നഗരസന്ദർശനമായിരുന്നു ഇവിടെ.
യാത്രയുടെ ആദ്യപാദത്തിൽ, അമേരിക്കൻ കോൺഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തെ പോപ്പ് അഭിസംബോധന ചെയ്തിരുന്നു. പിന്നീട്, വാഷിംഗ്ടൺ ഡിസിയിൽ പ്രസിഡന്റ് ഒബാമയുമായി ഒരു ഹൃസ്വകൂടിക്കാഴ്ച നടത്തി. ന്യൂയോർക്ക് സിറ്റിയിലുള്ളപ്പോൾ, ഐക്യരാഷ്ട്ര സഭയിൽ പ്രസംഗിച്ചു. ഹാർലെമിലെ സ്കൂൾ വിദ്യാർത്ഥികളേയും കണ്ടിരുന്നു.
പ്രസിദ്ധ നടൻ മാർക്ക് വാൾബെർഗ്ഗിന്റെ രംഗനിയന്ത്രണത്തിലും, അരീത്താ ഫ്രാങ്ക്ളിനും ആൻഡ്രിയാ ബൊസ്സെല്ലിയും അവതരിപ്പിച്ച പരിപാടികളും, നഗരത്തിന്റെ ബാലേ കമ്പനിയുടെ നൃത്തങ്ങലും, ‘ദഫ്രേ’ നടത്തിയ റോക്ക് സംഗീതമേളയും- എല്ലാം കൊണ്ടും ഫിലാഡെൽഫിയായിലെ സന്ധ്യാസമയം ഉഷാറായിരുന്നു.
വിദൂരരാജ്യങ്ങളായ നൈജീരിയാ, ആസ്ട്രേലിയ, ജോർദ്ദാൻ, അർജന്റീനാ, യുക്രൈൻ എന്നിവിടങ്ങളിൽ നിന്നുപോലുമുള്ള കുടുംബങ്ങൾ അവരുടെ അനുഭവ കഥകൾ പോപ്പുമായി പങ്കു വച്ചു; യുദ്ധവും, അംഗവൈകല്ല്യവും, സാമ്പത്തിക അനിശ്ചിതത്ത്വവും, വേർതിരിവുകളും, കുട്ടികളുടെ മരണവും- ഈ വിഷയങ്ങളേപ്പറ്റി അവർ പറഞ്ഞ കാര്യങ്ങൽ വളരെ ഹൃദയസ്പർശിയായിരുന്നു.
അവരുടെ സാക്ഷിസംഭാഷണങ്ങൾ കഴിഞ്ഞപ്പോൾ, പോപ്പ് അവരെ ആലിംഗനം ചെയ്യുകയും, ഓരോരുത്തരുമായി സംസാരിക്കുകയും ചെയ്തു. തന്റെ പ്രസംഗസമയം ആകുമ്പോൾ ഇവയെ പറ്റിയെല്ലാം കൂടുതൽ സംസാരിക്കാനായി മാറ്റിവക്കുകയും ചെയ്തു.
“ദൈവസ്നേഹം കരകവിഞ്ഞൊഴുകുന്നതാകയാൽ, അത് സ്വാർത്ഥമായി ഒരിടത്ത് കെട്ടിക്കിടക്കുന്നതല്ല. അത് അവനിൽ നിന്നും നിറഞ്ഞൊഴുകുക തന്നെ വേണം. ഇതാണ് ലോകസൃഷ്ടിക്ക് കാരണമായിത്തീർന്നത്. കൈകൾ വിരിച്ച് സ്നേഹിക്കുന്നവരെയെല്ലാം സ്വീകരിക്കുമ്പോഴാണ് കുടുംബം യഥാർത്ഥ കുടുംബമാകുന്നത്”. അദ്ദേഹം പ്രസംഗിച്ചു. എന്നാൽ. “ദൈവം നൽകിയ ഈ സ്നേഹം മിക്കവാറും നഷ്ടപ്പെട്ടു. ഞൊടിയിടയിൽ, ആദ്യത്തെ കുറ്റകൃത്യം, ആദ്യത്തെ സഹോദരഹത്യ, ആദ്യത്തെ യുദ്ധരംഗം.... പുരുഷനും സ്ത്രീയും സാത്താന്റെ കുതന്ത്രത്താൽ തമ്മിൽ തമ്മിൽ വിഭജിക്കാൻ ദൗർഭാഗ്യവശാൽ പഠിച്ചു”.
എന്നാൽ ദൈവം “അവരെ കൈവെടിഞ്ഞില്ല”. പോപ്പ് ഊന്നിപ്പറഞ്ഞു; “അവൻ മനുഷ്യനോടൊത്ത് നടക്കുവാൻ തുടങ്ങി, അത്രമാത്രം വലുതായിരുന്നു അവന്റെ സ്നേഹം. കാലം തികയുന്നതു വരെ അവന്റെ ജനത്തോടൊത്ത് നടന്നു; അവസാനം, സ്നേഹത്തിന്റെ പരമമായ പ്രകടനം നടത്തി, സ്വന്തം പുത്രനെ”. “എപ്രകാരമാണ് സ്വന്തം മകനെ അയച്ചത്?” അദ്ദേഹം സ്വയം ചോദ്യോത്തരങ്ങൾ പങ്ക് വച്ചു; “ഒരു കുടുംബത്തിലൂടെ”!
പോപ്പ് ഈ സമയത്ത് തമാശയായി പറഞ്ഞു, “പലപ്പോഴും ആളുകൾ എന്നോട് പറയും, ‘പിതാവേ, അങ്ങ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് വിവാഹം കഴിച്ചിട്ടില്ലാത്തത് കൊണ്ടാണ്. വീടുകളിൽ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്... ഞങ്ങൾ വഴക്കിടും. ചിലപ്പോഴൊക്കെ ചട്ടീം കലോം ഒക്കെ പൊട്ടിക്കും, കുട്ടികൾ തലവേദന ഉണ്ടാക്കും, അമ്മായിയമ്മയെപറ്റി ഞാൻ മിണ്ടാറേയില്ല...“
പോപ്പ് പ്രതിവിധിയായി ഉപദേശിച്ചു: ”കുടുംബങ്ങളിൽ എപ്പോഴും ബുദ്ധിമുട്ടുകളുണ്ട്; എന്നാൽ സ്നേഹം കൊണ്ട് ഈ ബുദ്ധിമുട്ടുകളെല്ലാം തരണം ചെയ്യാം. ഒരു ബുദ്ധിമുട്ടും പരിഹരിക്കാനുള്ള കഴിവ് വെറുപ്പിനില്ല. സ്നേഹത്തിന് മാത്രമേ അത് പരിഹരിക്കാനുള്ള കഴിവ് ഉള്ളൂ“.
അവസാന ആശിർവാദം നൽകുന്നതിന് തൊട്ട് മുൻപായി പിതാവ് ജനക്കൂട്ടത്തോട് പറഞ്ഞു; ”നാളത്തെ കൂർബ്ബാനയിൽ നമുക്ക് വീണ്ടും കാണാം. ഒരു നിമിഷം, നാളത്തെ കുർബ്ബാന എത്ര മണിക്കാണ്?“ ”നാലു മണിക്ക്“, കൂട്ടവിളിച്ചുപറയലിന്റെ ആരവത്തോട് യോജിച്ചു കൊണ്ട് അദ്ദേഹം ഹൃദയംഗമമായി ചിരിച്ചു.
തുടർന്ന്, പരിശുദ്ധ കന്യമറിയത്തിനോടും വിശുദ്ധ യൗസേപ്പിനോടും ഇപ്രകാരം അപേക്ഷിച്ചു, ”ഈ വഴക്കും ബുദ്ധിമുട്ടുകളുമെല്ലാം വിലയുള്ളതായി തോന്നുന്നത് കുടുംബത്തിന് മേന്മ ലഭിക്കുമ്പോഴാണ് എന്ന് വിശ്വസിക്കുവാൻ ഞങ്ങളെ സഹായിക്കണമേ!“