News

ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിദ്ധ്യത്തിൽ കുടുംബങ്ങൾ അവരുടെ അനുഭവങ്ങൾ പങ്കുവച്ചപ്പോൾ സദസ്സിലുണ്ടായിരുന്നവരുടെ കണ്ണു നനഞ്ഞു

അഗസ്റ്റസ് സേവ്യർ 01-10-2015 - Thursday

സെപ്തംബർ 26-ന് ഫിലഡെൽഫിയയീലെ കുടുംബ സംഗമ വേദിയിൽ കഠിന പരീക്ഷണ ഘട്ടങ്ങളിലൂടെ വിശ്വാസം കാത്തു സൂക്ഷിച്ചവരുടെ കഥകൾ സദസ്സിലുണ്ടായിരുന്നവരുടെ കണ്ണു നനച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിദ്ധ്യത്തിലാണ് കുടുംബങ്ങൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആറ് കുടുംബങ്ങളാണ് സംഗമ വേദിയിൽ പ്രാർത്ഥനാ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ അവരുടെ കുടുംബങ്ങളെ കീറി മുറിക്കാൻ പര്യാപ്തമായിരുന്ന ദുരന്താനുഭവങ്ങൾ വിവരിച്ചത്. ക്രൂരമായ മതപീഠനങ്ങളും രാഷ്ട്രീയ അസ്ഥിരതകളും സൃഷ്ടിച്ച പട്ടിണിയുടെയും ദുരവസ്ഥകളുടെയും കഥ അവർ വിവരിച്ചു

ഫിലഡെൽഫിയ അതിരൂപതയുടെ വാർത്താ വെബ് സൈറ്റായ CatholicPhilly.com, പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ നഗരത്തിൽ തന്നെ താമസ്സിക്കുന്ന തോമസ് അനുഭവസാക്ഷ്യങ്ങൾ കേട്ടിട്ട് ഇങ്ങനെ പറയുന്നു: ' ഹൃദയം നിലച്ചുപോകുന്ന അനുഭവങ്ങളാണ് ഞാൻ കേട്ടത്. സഹായം ആവശ്യമുള്ളവർക്ക് അത് അടിയന്തിരമായി എത്തിച്ചു കൊടുക്കേണ്ടത് ആ അനുഭവങ്ങളിലൂടെ കടന്നുപോകുന്നവർക്ക് എത്ര നിർണ്ണായകമാണെന്ന് ഞാൻ മനസിലാക്കുന്നു.

ഉക്രേനിയൻ സ്വദേശിനിയായ സ്ത്രീ തന്റെ രണ്ട് മക്കളുമൊത്താണ് സ്റ്റേജിൽ എത്തിയത്. ക്രിസ്തീയ വിശ്വാസം മുറുകെ പിടിച്ച് ജീവിച്ച അവരെ ഭർത്താവ് ഉപേക്ഷിച്ചു. അമേരിക്കയിൽ എത്തിച്ചേർന്ന ആ കുടുംബം നിലനിറുത്താനായി ആ അമ്മ വർഷങ്ങളായി കഠിനാദ്ധ്വാനം ചെയ്യുകയാണ്. മൂത്ത മകൻ പൗരോഹിത്യ ജീവിതത്തിനു വേണ്ടി തെയ്യാറെടുക്കുകയാണ്. 17 വയസുള്ള ഇളയ മകൻ സെറിബ്രൽ പാൽസി എന്ന രോഗം ബാധിച്ച് ചികിത്സയിലാണ്.

ദൈവപരിലാളനയിൽ പൂർണ്ണമായി വിശ്വസിച്ചു കൊണ്ട് അവർ ജീവിക്കുന്നു. വീൽച്ചെയറിൽ ജീവിക്കുന്ന ഇളയ മകൻ പോലും ദൈവപരിപാലനയിൽ സുരക്ഷിതനാണ് എന്ന് ആ അമ്മ വിശ്വസിക്കുന്നു. അവൻ പഠനം തുടരുകയാണ്. കോളേജിൽ ചേർന്നു പഠിക്കാനാണ് അവന്റെ ആഗ്രഹം. ഞങ്ങളുടെ ദുരന്താനുഭവങ്ങൾക്കിപ്പുറം എന്റെ മക്കൾ എന്റെ കൂടെ ഇപ്പോഴും ഉണ്ട് എന്നത് ദൈവത്തിന്റെ അനുഗ്രഹം ഒന്നുകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു.' അവർ പറഞ്ഞു.

പിതാവ് അവരുടെ അടുത്തെത്തി അവരെയും മൂത്ത മകനെയും അഭിവാദനം ചെയ്തു. പിന്നീട് ഇളയ മകനെ ആലിംഗനം ചെയ്തു.

അതിനു ശേഷം മാതാപിതാക്കളും രണ്ട് പെൺകുട്ടികളുമടങ്ങുന്ന ഒരു ജോർഡാനിയൻ കുടുംബം സ്റ്റേജിലെത്തി. മത പീഠനത്തെ തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്നും അഭയാർത്ഥികളായി തങ്ങളുടെ നാട്ടിലെത്തിയിട്ടുള്ള ആയിരക്കണക്കിന് കുടുംബങ്ങളുടെ കഥകൾ അവർ വിവരിച്ചു.

താനും കുടുംബവും മറ്റു ക്രിസ്തീയ കുടുംബങ്ങളും അഭയാർത്ഥികൾക്ക് ഭക്ഷണവും താമസസ്ഥലവും മരുന്നും വിദ്യാഭ്യാസ സൗകര്യങ്ങളും നൽകാനായി കിണഞ്ഞ് പരിശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടുംബ സംഗമത്തിന് എത്തിച്ചേർന്നവർ ശക്തമായ തണുത്ത കാറ്റ് വകവെയ്ക്കാതെ അനുഭവസാക്ഷ്യങ്ങൾ ശ്രവിച്ചുകൊണ്ട് അർദ്ധരാത്രിയിലും യോഗസ്ഥലത്തുണ്ടായിരുന്നു.

കഴിഞ്ഞ മൂന്നു വർഷമായി ഫില ഡെൽഫിയ ലോക കുടുംബ സംഗമം നടത്താനുള്ള ഒരുക്കം നടത്തി കൊണ്ടിരിക്കുന്നു. സംഗമത്തിൽ 18000 പേർ പങ്കെടുക്കുകയുണ്ടായി.

കഴിഞ്ഞ ലോക കുടുംബ സമ്മേളനം ഇറ്റലിയിലെ മിലനിൽവെച്ച് നടത്തിയപ്പോൾ 7000 പേരാണ് പങ്കെടുത്തിരുന്നത്.

1994-ൽ ലോക കുടുംബ സമ്മേളനം തുടങ്ങിയതിനു ശേഷം ഏറ്റവും വിജയകരമായി സംഘടിപ്പിക്കപ്പെട്ട സമ്മേളനം ഇതായിരുന്നു എന്നു കരുതപ്പെടുന്നു. വത്തിക്കാന്റെ പൊന്തിഫിക്കൽ കൗസിൽ ഫോർ ഫാമിലി യാ ണ് ലോക കുടുംബ സമ്മേളനം സംഘടിപ്പിക്കാൻ സഹായിക്കുന്നത്. മൂന്നുവർഷത്തിലൊരിക്കൽ ഏതെങ്കിലും ഒരു ലോക നഗരത്തിൽ വെച്ചാണ് സമ്മേളനം സംഘടിക്കപ്പെടുന്നത്.

ഫിലഡെൽഫിയ സമ്മേളനത്തിൽ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക, യൂറോപ്പ് എന്നീ ഭാഗങ്ങളിലുള്ള നൂറോളം രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു. 8500 മൈൽ അകലെയുള്ള ഫിലിപ്പൈൻസിൽ നിന്നു വരെ പ്രതിനിധികൾ ഉണ്ടായിരുന്നു.

More Archives >>

Page 1 of 8