News - 2026

മാനവികതയുടെ ഭാവിയെ കരുതി എ‌ഐ ഉപയോഗത്തിന് ആഗോള നിയന്ത്രണം അനിവാര്യം: കർദ്ദിനാൾ പിയട്രോ പരോളിൻ

പ്രവാചകശബ്ദം 18-09-2026 - Friday

വത്തിക്കാന്‍ സിറ്റി: നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയെ നിയന്ത്രിക്കാൻ ആഗോളതലത്തിൽ പൊതുവായ നിയമങ്ങൾ രൂപീകരിക്കണമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ. റോമിൽ നടന്ന "നിർമ്മിതബുദ്ധിയുടെ യുഗത്തിലെ വിശ്വാസവും യുക്തിയും" എന്ന സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരിന്നു അദ്ദേഹം. ചില രാജ്യങ്ങൾ ഇക്കാര്യത്തിൽ ഒറ്റയ്ക്ക് മുന്നോട്ട് പോകാൻ ശ്രമിക്കുന്നത് ആശങ്കാജനകമാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

സാങ്കേതികവിദ്യയുടെ അനന്തരഫലങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും കൃത്യമായ പഠനം ആവശ്യമാണെന്നും, മാനവികതയുടെ ഭാവിയെക്കരുതി ഇത്തരം സാങ്കേതിക മുന്നേറ്റങ്ങളുടെ അതിവേഗത കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സാങ്കേതികവിദ്യയെ ശരിയായ രീതിയിൽ നയിക്കാൻ അന്താരാഷ്ട്രതലത്തിൽ ഉത്തരവാദിത്തം വേണം. ഇനി വരാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ യോഗങ്ങളിൽ സാങ്കേതിക പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിന് പകരം ധാർമ്മിക തത്ത്വങ്ങൾ ഓർമ്മിപ്പിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിപരമായ കാര്യങ്ങളിൽ നിർമിത ബുദ്ധിയുടെ സഹായം ഉപയോഗിക്കാറുണ്ടെങ്കിലും സുവിശേഷ പ്രസംഗങ്ങൾ തയ്യാറാക്കാൻ താന്‍ എ‌ഐ ഉപയോഗിക്കാറില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സാങ്കേതികവിദ്യയ്ക്ക് അറിവുണ്ടാകാമെങ്കിലും 'ഹൃദയം' ഉണ്ടാകില്ലെന്നും ഓർമ്മിപ്പിച്ചു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »