News - 2024

ഗള്‍ഫ് രാജ്യങ്ങളിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ 02-10-2016 - Sunday

ദുബായ്: ഗള്‍ഫ് സഹകരണ രാജ്യങ്ങളില്‍ (ജിസിസി) ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ പല രാജ്യങ്ങളില്‍ നിന്നും ക്രൈസ്തവര്‍ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുമ്പോഴാണ് ഇത്തരം ഒരു മുന്നേറ്റം ജിസിസി രാജ്യങ്ങളില്‍ നടക്കുന്നത്. മുസ്ലീം മതവിശ്വാസത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്കും യേശുവിലുള്ള രക്ഷയിലേക്കും ഈ മേഖലയിലെ ജനത ആകര്‍ഷിക്കപ്പെടുകയാണെന്നും മാധ്യമങ്ങള്‍ കണക്കുകള്‍ സഹിതം വിശദീകരിക്കുന്നു.

ഏഴ് എമിറേറ്റുകള്‍ കൂടിച്ചേര്‍ന്ന യുഎഇയിലും, മുസ്ലീങ്ങളുടെ മതപരമായ പരമ്മോന്നത കേന്ദ്രം സ്ഥിതി ചെയ്യുന്ന സൗദി അറേബ്യയിലുമാണ് കൂടുതലായും ക്രൈസ്തവ വിശ്വാസം വേരുറപ്പിക്കുന്നത്. 1910-ല്‍ യുഎഇയിലെ ക്രൈസ്തവരുടെ എണ്ണം 80 ആയിരുന്നു. സൗദിയില്‍ ഇതേ സമയം 50 ക്രൈസ്തവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍, നൂറു വര്‍ഷത്തിന് ശേഷം 2010-ല്‍ എത്തിയപ്പോള്‍ 12.6 ശതമാനം ക്രൈസ്തവര്‍ വസിക്കുന്ന സ്ഥലമായി യുഎഇ മാറി. ഇസ്ലാം ഒഴികെയുള്ള എല്ലാ മതങ്ങള്‍ക്കും കര്‍ശനമായ വിലക്കുള്ള സൗദിയില്‍ ക്രൈസ്തവരുടെ എണ്ണം രാജ്യത്തെ ആകെ ജനസംഖ്യയുടെ 4.4 ശതമാനമായി.

പരസ്യമായി ആരാധന നടത്തുവാനോ, പള്ളികള്‍ പണിയുവാനോ സൗദി അറേബ്യയില്‍ ക്രൈസ്തവര്‍ക്ക് അനുവാദമില്ല. വധശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഇത്. അതേ സമയം മുസ്ലീം മതം ഉപേക്ഷിച്ച് ഒരാള്‍ക്ക് ക്രൈസ്തവ മതം സ്വീകരിക്കുവാനും സൗദിയില്‍ വിലക്കുണ്ട്. ഇങ്ങനെ മതം മാറുന്നവര്‍ ശിരഛേദനം ചെയ്യപ്പെടും. ഇക്കാരണങ്ങളാല്‍ തന്നെ സൗദി സ്വദേശികളായ ക്രൈസ്തവര്‍ രഹസ്യമായിട്ടാണ് ആരാധന നടത്തുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ താമസിക്കുന്ന യുഎഇയില്‍ കാര്യങ്ങള്‍ക്ക് കുറച്ചു കൂടി വ്യത്യാസമുണ്ട്. യുഎഇയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ പണിയുവാനുള്ള അനുമതി സര്‍ക്കാര്‍ തന്നെ നല്‍കിയിട്ടുണ്ട്.

ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലും സ്വദേശികളായ മുസ്ലീം പൗരന്‍മാര്‍ സ്വന്തം വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്കു കടന്നു വരുന്നുണ്ട്. ദൈവവചനത്തില്‍ പറഞ്ഞിരിക്കുന്ന പ്രവചനത്തിന്റെ പൂര്‍ത്തീകരണമായി ഇതിനെ കാണുന്ന നിരീക്ഷകരും നിരവധിയാണ്.

യേശുക്രിസ്തുവിനേ കുറിച്ചുള്ള ഉള്‍കാഴ്ചകളാണ് തങ്ങളെ ക്രിസ്തുവിനെ കുറിച്ച് പഠിക്കുവാനും, ആ വഴിയിലേക്ക് ചേരുവാനും പ്രേരിപ്പിക്കുന്നതെന്ന് പല മുസ്ലീം വിശ്വാസികളും പറയുന്നുണ്ട്. ക്രൈസ്തവ വിശ്വാസത്തിന്റെ ആരംഭം കുറിച്ച പ്രദേശങ്ങളില്‍ നിന്നും അതിനെ വേരോടെ അറുക്കുവാന്‍ നോക്കുമ്പോഴാണ് മുസ്ലീം ജനസമൂഹത്തിനിടയില്‍ ക്രൈസ്തവ വിശ്വാസം ചേക്കേറുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.

More Archives >>

Page 1 of 87