News - 2024

വൈദികര്‍ക്ക് ആശംസകള്‍ നേര്‍ന്നും തന്റെ കത്തോലിക്ക വിശ്വാസം ഏറ്റുപറഞ്ഞും പ്രശസ്ത ഹോളിവുഡ് താരം മാര്‍ക്ക് വാൽബെർഗ്

സ്വന്തം ലേഖകന്‍ 06-10-2016 - Thursday

ബോസ്റ്റണ്‍: തന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും സഹായമായി നിന്നിട്ടുള്ളത് സഭയിലെ വൈദികരാണെന്ന് പ്രശസ്ത ഹോളിവുഡ് താരം മാർക്ക് വാൽബെർഗ്. ബോസ്റ്റണില്‍ നടക്കുന്ന വൊക്കേഷന്‍ ഡയറക്ടറുമാരായ വൈദികരുടെ ദേശീയ സമ്മേളനത്തിന് ആശംസ നേര്‍ന്നുകൊണ്ട് ഫേസ്ബുക്കില്‍ കൂടി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് മാര്‍ക്ക് ഇപ്രകാരം പറഞ്ഞത്.

കത്തോലിക്ക സഭയിലുള്ള തന്റെ ആഴമായ വിശ്വാസവും നടന്‍ വീഡിയോ സന്ദേശത്തിലൂടെ തുറന്നു പറയുന്നുണ്ട്. ട്രാന്‍സ്‌ഫോമേഴ്‌സ്, ദ ഇറ്റാലിയന്‍ ജോബ്, ഇന്‍വിന്‍സിബിള്‍ എന്നീ സിനിമകളിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടനാണ് മാർക്ക് വാൽബെർഗ്.

"വിവാഹം എന്ന കൂദാശയിലൂടെ കുടുംബ ജീവിതത്തിലേക്ക് എന്നെ പ്രവേശിപ്പിച്ചത് ഒരു വൈദികനാണ്. എന്റെ കുട്ടികളെ മാമോദിസ മുക്കിയത് ഒരു വൈദികനാണ്. എന്റെ പ്രിയപ്പെട്ടവര്‍ ഇഹലോകവാസം വെടിഞ്ഞപ്പോള്‍ അവരെ സംസ്‌കരിച്ചത് വൈദികരാണ്. എന്റെ കുമ്പസാരം കേട്ട ശേഷം എനിക്ക് പാപമോചനം ദൈവം നല്‍കുന്നത് ഒരു വൈദികനിലൂടെയാണ്. വിശുദ്ധ കുര്‍ബാനയില്‍ ഞാന്‍ ക്രിസ്തുവിന്റെ ശരീരവും രക്തവും സ്വീകരിക്കുന്നത് ഒരു വൈദികന്റെ കരങ്ങളില്‍ നിന്നുമാണ്. എന്റെ കത്തോലിക്ക വിശ്വാസത്തെ ബലപ്പെടുത്തുന്നതും, മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ സഹായിക്കുന്നതും വൈദികരാണ്". മാര്‍ക്ക് തന്റെ വീഡിയോ സന്ദേശത്തിലൂടെ വൈദികര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ടു പറഞ്ഞു

തന്റെ കുട്ടികള്‍ക്കും, വരുന്ന തലമുറകള്‍ക്കും തനിക്ക് ലഭിച്ചതു പോലെ തന്നെയുള്ള വൈദികരുടെ സേവനം സഭയില്‍ കൂടി ലഭിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും മാര്‍ക്ക് വീഡിയോയില്‍ പറയുന്നു. കത്തോലിക്ക വിശ്വാസമാണ് ജീവിതത്തിന്റെ എല്ലാ മേഖലകളിലും തന്നെ ഇളകാതെ പിടിച്ചു നിര്‍ത്തുന്നതെന്നും നടന്‍ വീഡിയോ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.

"നിങ്ങളിലൂടെയാണ് കത്തോലിക്ക വിശ്വാസം പ്രചരിക്കുന്നതും മുന്നോട്ട് നീങ്ങുന്നതും. എന്റെ പട്ടണത്തില്‍ സമ്മേളനത്തിനായി വന്നിരിക്കുന്ന എല്ലാ വൈദികര്‍ക്കും ആശംസകള്‍ നേരുന്നു. നിങ്ങള്‍ നല്‍കിയ എല്ലാ സേവനങ്ങള്‍ക്കും നന്ദി പറയുകയും, ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ". മാര്‍ക്ക് വാൽബെർഗ് പറഞ്ഞു.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 89