News - 2024
ആസിയ ബീബിയെ മോചിപ്പിക്കുവാന്‍ പാക് സര്‍ക്കാരില്‍ നയതന്ത്ര സമ്മര്‍ദ്ധം ചെലുത്തണമെന്ന ആവശ്യവുമായി സിഡ്‌നിയില്‍ ക്രൈസ്തവരുടെ പ്രതിഷേധം
സ്വന്തം ലേഖകന്‍ 10-10-2016 - Monday
സിഡ്‌നി: മുസ്ലീം പ്രവാചകനായ മുഹമ്മദ് നബിയെ അവഹേളിച്ചു എന്ന കുറ്റത്തിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയ ബീബിയുടെ കേസില്‍, ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു ഓസ്‌ട്രേലിയയിലെ പാക് വംശജരായ ക്രൈസ്തവര്‍. ഈ ആവശ്യം ഉന്നയിച്ച് ഒക്ടോബര്‍ എട്ടാം തീയതി ശനിയാഴ്ച പാക്കിസ്ഥാന്‍ വംശജരായ ക്രൈസ്തവര്‍ ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. മുസ്ലിം ഇതര മതങ്ങളുടെ സ്വാതന്ത്ര്യത്തിനു പാക്കിസ്ഥാനിലുള്ള വിലക്ക് പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തങ്ങളുടെ നയതന്ത്രപരമായ സാധ്യത ഉപയോഗപ്പെടുത്തി ആസിയ ബീബിക്ക് നീതി ഉറപ്പാക്കണമെന്നതാണ് പ്രതിഷേധക്കാരുടെ മുഖ്യ ആവശ്യം. ഓരോ വര്‍ഷവും മില്യണ്‍ കണക്കിനു ഡോളറാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പാക്കിസ്ഥാനെ സഹായിക്കുന്നതിനായി ചെലവഴിക്കുന്നത്. പാക്കിസ്ഥാനിലെ പാവപ്പെട്ടവരുടെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനും തീവ്രവാദപ്രവര്‍ത്തനങ്ങളെ തടയുന്നതിനുമാണ് ഈ പണം നല്‍കപ്പെടുന്നത്. വര്‍ഷങ്ങളായി കോടി കണക്കിനു ഡോളറുകള്‍ ലഭിച്ചിട്ടും പാക്കിസ്ഥാനിലെ ക്രൈസ്തവരെല്ലാം തന്നെ ദാരിദ്ര രേഖയ്ക്കും താഴെയാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
അതേ സമയം ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്റെ ചെയര്‍മാന്‍ വില്‍സണ്‍ ചൗധരിയുടെ നേതൃത്വത്തില്‍, ആസിയാ ബീബിയുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്ന പരാതി സിഡ്‌നിയിലെ പാക്കിസ്ഥാന്‍ കോണ്‍സിലേറ്റില്‍ നല്‍കി. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ആസിയാ ബീബിയെ തങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കണമെന്നും വില്‍സണ്‍ ചൗധരി അഭ്യര്‍ത്ഥിച്ചു. ആസിയായ്ക്ക് നഷ്ടപ്പെട്ടു പോയ ദിനങ്ങളെ സര്‍ക്കാരിനു തിരികെ നല്‍കുവാന്‍ സാധിക്കില്ലെങ്കിലും, വൈകിയാണെങ്കിലും അവരുടെ മോചനം സര്‍ക്കാരിന്റെ ഇടപെടലുകള്‍ മൂലം സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാന്‍ സര്‍ക്കാര്‍ രാജ്യത്തെ ക്രൈസ്തവര്‍ക്ക് നീതിയോ, സാമൂഹിക സുരക്ഷയോ ഉറപ്പു വരുത്തുവാന്‍ വേണ്ട ഒരു നടപടികളും സ്വീകരിക്കാറില്ല. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍, ഇനി മുതല്‍ ഓസ്‌ട്രേലിയന്‍ പൗരന്‍മാരുടെ നികുതി പണത്തില്‍ നിന്നും പാക്കിസ്ഥാനെ സഹായിക്കുന്നതിനായി പണം നല്‍കണമോ എന്ന കാര്യം ചിന്തിക്കണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. എല്ലാവര്‍ക്കും തുല്യമായ നിയമം എന്നതാണ് ഓസ്‌ട്രേലിയായിലെ നയം. എന്നാല്‍, രാജ്യത്തെ മുസ്ലീങ്ങള്‍ക്കായി പ്രത്യേക ശരിയത്ത് നിയമം നടപ്പിലാക്കുവാനുള്ള ശ്രമങ്ങള്‍ തള്ളികളയണമെന്നും പ്രതിഷേധവുമായി എത്തിയവര്‍ ആവശ്യപ്പെട്ടു.
അഞ്ചു കുട്ടികളുടെ മാതാവായ ആസിയ ബീബി 2009 മുതല്‍ മതനിന്ദാ കുറ്റത്തിന്റെ പേരില്‍ ജയിലിലാണ്. ഇതിനിടെ കീഴ്‌ക്കോടതി ആസിയ ബീബിയെ വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ സുപ്രീം കോടതി ആസിയ ബീബിയുടെ വധശിക്ഷയ്‌ക്കെതിരെയുള്ള അപ്പീലില്‍, ഒക്ടോബര്‍ 13-ാം തീയതി അന്തിമവിധി പ്രഖ്യാപിക്കും. കീഴ്‌ക്കോടതി വിധി സുപ്രീം കോടതിയും ശരിവച്ചാല്‍ ആസിയാ ബീബിക്ക് ദയാഹര്‍ജി നല്‍കുക എന്ന വഴിമാത്രമാകും മുന്നില്‍ അവശേഷിക്കുക.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ മുന്‍ ഗവര്‍ണറായിരുന്ന സല്‍മാന്‍ തസീറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുസ്ലീം നേതാവായ മുമ്താസ് ഖ്വാദിയെ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ പേരില്‍ അടുത്തിടെ തൂക്കിലേറ്റിയിരുന്നു. തീവ്രവാദ നിലപാടുള്ള മുസ്ലീങ്ങള്‍ മുമ്താസ് ഖ്വാദിയുടെ ജീവന് പകരമായി തങ്ങള്‍ക്ക് ആസിയായെ തൂക്കിലേറ്റണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്. മതനിന്ദാ കുറ്റം എന്ന ഭരണഘടനയിലെ വകുപ്പില്‍ മാറ്റം വരുത്തുവാന്‍ അടുത്തിടെ സര്‍ക്കാര്‍ നടത്തിയ ചില ശ്രമങ്ങളേയും ഇവര്‍ എതിര്‍ത്തിരുന്നു.