News - 2024

ജീവന്റെ സംരക്ഷണത്തിനും മതസ്വാതന്ത്ര്യത്തിനുമായി കത്തോലിക്ക സഭയ്ക്കൊപ്പം താന്‍ ഉണ്ടാകുമെന്ന് ഡൊണാള്‍ഡ് ട്രംപ്

സ്വന്തം ലേഖകന്‍ 08-10-2016 - Saturday

വാഷിംഗ്ടണ്‍: ജീവന്റെ സംരക്ഷണത്തിനും, മതസ്വാതന്ത്ര്യത്തിനുമായി കത്തോലിക്ക സഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എല്ലായ്‌പ്പോഴും താന്‍ ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഡെന്‍വറില്‍ നടക്കുന്ന കാത്തലിക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന കത്തോലിക്ക നേതാക്കന്‍മാര്‍ക്ക് അയച്ച കത്തിലാണ് ഡൊണാള്‍ഡ് ട്രംപ് തന്റെ പിന്‍തുണ പ്രഖ്യാപിച്ചത്. സഭ നടത്തുന്ന വിവിധ കാരുണ്യ, സമൂഹിക പ്രവര്‍ത്തനങ്ങളെ അദ്ദേഹം തന്റെ കത്തിലൂടെ പ്രശംസിക്കുന്നുണ്ട്.

"ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ കത്തോലിക്ക വിശ്വാസികള്‍ക്ക് സുപ്രധാനമായ ഒരു സ്ഥാനമുണ്ട്. കത്തോലിക്ക വിശ്വാസികളായ പുരുഷന്‍മാരും, സ്ത്രീകളും, പുരോഹിതരും, കന്യാസ്ത്രീകളും അമേരിക്കയ്ക്ക് നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. മനുഷ്യരുടെ അവകാശങ്ങള്‍ക്കായും, വിദ്യാഭ്യാസത്തിനായും, ആരോഗ്യ മേഖലയ്ക്കായും സഭ നല്‍കിയത് വലിയ സേവനങ്ങളാണ്. ജീവന്റെ സംരക്ഷണത്തിനായി എന്നും സഭ മുന്നിട്ട് നിന്നിട്ടുണ്ട്. മതസ്വാതന്ത്ര്യത്തിനും, ജീവന്റെ സംരക്ഷണത്തിനും, വിദ്യാഭ്യാസത്തിനായും കത്തോലിക്ക സഭ നടത്തുന്ന പോരാട്ടങ്ങളോടൊപ്പം എല്ലായ്‌പ്പോഴും ഞാനുമുണ്ടാകുമെന്ന ഉറപ്പ് ഈ അവസരത്തില്‍ അറിയിക്കട്ടെ". ഡൊണാള്‍ഡ് ട്രംപ് തന്റെ കത്തില്‍ പറയുന്നു.

ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് പൂവര്‍ പോലെയുള്ള കോണ്‍ഗ്രിഗേഷനുകള്‍ക്ക് എതിരെ രാജ്യത്ത് നടപ്പാക്കിയ ചില നിയമങ്ങള്‍ താന്‍ അധികാരത്തില്‍ എത്തിയാല്‍ എടുത്തു മാറ്റുമെന്നും ട്രംപ് പറയുന്നു. കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീകള്‍ ആരോഗ്യമേഖല കേന്ദ്രീകരിച്ചാണ് കൂടുതല്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. തങ്ങള്‍ സേവനം ചെയ്യുന്ന സ്ഥലങ്ങളില്‍ കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ നടപ്പിലാക്കുവാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രിഗേഷന്‍ മുമ്പ് പറഞ്ഞിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ രംഗത്തുവന്നത് പല വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

ആരോഗ്യമേഖലയിലെ ചെലവ് കുറഞ്ഞ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും താന്‍ ഭരണത്തില്‍ എത്തിയാല്‍ മുന്നോട്ട് നടത്തി കൊണ്ടു പോകുമെന്ന് ട്രംപ് കത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ടിം കെയിന്‍ വരുന്നത് കത്തോലിക്കരുടെ താല്‍പര്യങ്ങള്‍ക്കെതിരാകുമെന്ന മുന്നറിയിപ്പും ട്രംപ് തന്റെ കത്തിലൂടെ നല്‍കുന്നു. സ്വവര്‍ഗ്ഗ വിവാഹത്തേയും, ഗര്‍ഭനിരോധനത്തേയുമെല്ലാം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ടിം കെയിന്‍ സ്വീകരിക്കുന്നതെന്നും ഡൊണാള്‍ഡ് ട്രംപ് കത്തില്‍ ചൂണ്ടികാണിക്കുന്നു.

More Archives >>

Page 1 of 89