News - 2024

ദൈവീക ദാനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നവരായി നാം മാറാന്‍ പരിശുദ്ധ അമ്മയുടെ സഹായം തേടണമെന്നു ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 10-10-2016 - Monday

വത്തിക്കാന്‍ സിറ്റി: ജീവിതത്തില്‍ നമ്മുക്ക് ലഭിച്ചിരിക്കുന്ന ദൈവീക ദാനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നവരായി നാം മാറാന്‍ പരിശുദ്ധ അമ്മയുടെ സഹായം തേടണമെന്നു ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച മരിയന്‍ ജൂബിലി സമാപന ദിനത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തിലാണ് പരിശുദ്ധ പിതാവ് ഇങ്ങനെ പറഞ്ഞത്.

സാന്റാ മരിയ മഗിയോരെ ബസലിക്കയില്‍ സ്ഥാപിച്ചിട്ടുള്ള മാതാവിന്റെ തിരുസ്വരൂപത്തിന് മുന്നില്‍ അല്പ നേരം പ്രാര്‍ത്ഥനപൂര്‍വ്വം ധ്യാനിച്ച ശേഷമാണ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാനയിലേക്ക് പ്രവേശിച്ചത്. ലൂക്കായുടെ സുവിശേഷത്തില്‍ പത്ത് കുഷ്ഠരോഗികളെ യേശു സൗഖ്യമാക്കുന്നതും, അതില്‍ സമരിയാക്കാരനായ ഒരുവന്‍ മാത്രം തിരികെ വന്ന് നന്ദി പറയുന്നതുമായ സംഭവമായിരിന്നു സുവിശേഷ ഭാഗ വായന.

"ദൈവത്തോട് നാം എന്തെല്ലാം കാര്യങ്ങളാണ് ചോദിക്കുന്നത്. പലകാര്യങ്ങളും നാം ലഭിക്കുന്നതുവരെ ചോദിച്ചു കൊണ്ട് ഇരിക്കുന്നു. നാം ചോദിക്കുന്ന കാര്യങ്ങള്‍ ലഭിച്ച ശേഷം നാം ദൈവത്തോട് നന്ദി പറയാറുണ്ടോ? നന്ദി പറയാതെ സൗഖ്യം പ്രാപിച്ചു പോയ ഒന്‍പതു കുഷ്ഠരോഗികളെ പോലെയാണ് പലപ്പോഴും നാം. ദാനങ്ങള്‍ പ്രാപിച്ച ശേഷം, ദാതാവിനെ നാം മറക്കുന്നു". പാപ്പ പറഞ്ഞു.

പരിശുദ്ധ അമ്മയില്‍ വിളങ്ങിയ ഗുണങ്ങളെ കുറിച്ചും, ദൈവത്തിന്റെ കൃപകളെ മാതാവ് സ്വീകരിച്ചതിനെ കുറിച്ചും മാര്‍പാപ്പ വിവരിച്ചു. ദൈവം മനുഷ്യനാകുവാന്‍ തീരുമാനിച്ചപ്പോള്‍ നസ്രത്തിലെ ഒരു സാധാരണക്കാരിയും, പാവപ്പെട്ടവളുമായ കന്യകയെയാണ് തെരഞ്ഞെടുത്തത്. ദൈവത്തിന്റെ വാഗ്ദാനങ്ങളെ സംശയം കൂടാതെ മറിയം വിശ്വസിച്ചുവെന്നും, അനുഗ്രഹങ്ങള്‍ക്കായി ദൈവത്തോട് ഹൃദയപൂര്‍വ്വം പരിശുദ്ധ അമ്മ നന്ദി പറഞ്ഞതായും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

രാജാക്കന്‍മാരുടെ പുസ്തകത്തില്‍ കുഷ്ഠരോഗം സൗഖ്യമാക്കപ്പെടുന്ന നാമാന്റെ കാര്യവും പരിശുദ്ധ പിതാവ് തന്റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി. പ്രവാചകനായ ഏലീശ്വ നാമാനോട് ജോര്‍ദാനില്‍ പോയി പത്ത് പ്രാവശ്യം മുങ്ങുവാന്‍ പറയുമ്പോള്‍ ആദ്യം നാമാന്‍ സംശയിച്ചുവെങ്കിലും, പിന്നീട് ഈ വാക്കുകള്‍ അനുസരിച്ചതിനാല്‍ അയാള്‍ക്ക് സൗഖ്യം വന്ന കാര്യവും തന്റെ പ്രസംഗത്തില്‍ പാപ്പ പറഞ്ഞു. സൗഖ്യം ലഭിച്ച നാമാന്‍ ദൈവത്തോട് നന്ദി പറയുന്നതായും പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.

" നാം നമ്മുടെ കുടുംബാംഗങ്ങളോട് പോലും പലപ്പോഴും അവര്‍ ചെയ്തു നല്‍കിയ ഉപകാരത്തിന് നന്ദി പറയാത്തവരാണെന്ന കാര്യം ഓര്‍ക്കണം.നന്ദി ഉള്ള ഹൃദയങ്ങളുടെ ഉടമകളാണമെന്നതാണ് ദൈവം നമ്മേ കുറിച്ച് ആഗ്രഹിക്കുന്നത്. അതിനായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടാം ". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

More Archives >>

Page 1 of 90