News

യു‌കെയുടെ നാനാഭാഗങ്ങളില്‍ ചിതറി കിടന്നിരിന്ന സീറോ മലബാര്‍ വിശ്വാസികള്‍ പുതിയ രൂപതയിലൂടെ ഒന്നായി തീരുന്നുവെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

സ്വന്തം ലേഖകന്‍ 10-10-2016 - Monday

പ്രസ്റ്റണ്‍: യു‌കെയിലേക്കുള്ള കുടിയേറ്റം ആരംഭിച്ചത് മുതല്‍ നാളിതു വരെ ബ്രിട്ടനിലെ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ പല സ്ഥലങ്ങളിലായി ഒറ്റപ്പെട്ടും ചെറിയ കൂട്ടായ്മകളുമായി കഴിഞ്ഞു വരികയായിരിന്നു. എന്നാല്‍ ബ്രിട്ടനിലെ പുതിയ രൂപതയിലൂടെ എല്ലാ സീറോ മലബാര്‍ വിശ്വാസികളും ഒന്നായി തീരുന്നുവെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു കൊണ്ട് നല്കിയ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

കരുണയുടെ ഈ അസാധാരണ ജൂബിലി വര്‍ഷത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുവദിച്ച പുതിയ രൂപതാ ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് തീര്‍ത്തും ആവശ്യമായ ഒന്നായിരിന്നുവെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ പ്രത്യേകം എടുത്ത് പറഞ്ഞു. പ്രാര്‍ത്ഥനയിലും ഉപവാസത്തിലും അധിഷ്ഠിതമായ ശക്തമായ കുടുംബ ബന്ധങ്ങളാണ് സീറോ മലബാര്‍ സഭയെ മറ്റ് സഭകളില്‍ നിന്ന്‍ വ്യത്യസ്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

പുതിയ രൂപത ലഭിച്ചതിലൂടെ നമ്മുടെ ഉത്തരവാദിത്വം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. പാരമ്പര്യമായി ലഭിച്ച വിശ്വാസവും കുടുംബജീവിതത്തിന്റെ ഭദ്രതയും കാത്തുസൂക്ഷിച്ചു കൊണ്ട് ഈ ദേശത്തിന് മാതൃകയാകാനും ദൈവവിളികളുള്ള ധാരളം കുടുംബങ്ങളെ രൂപപ്പെടുത്താനും നമ്മുക്ക് ഓരോരുത്തര്‍ക്കും കടമയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനായി എല്ലാ ഭവനങ്ങളില്‍ നിന്നും കുടുംബപ്രാര്‍ത്ഥനകള്‍ ഉയരണമെന്നും സുവിശേഷത്തെ മുറുകെ പിടിക്കുന്ന ജീവിതരീതി കുടുംബങ്ങള്‍ ശീലിക്കണമെന്നും കര്‍ദ്ദിനാള്‍ നിര്‍ദ്ദേശിച്ചു.

ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിനു ഇന്ന്‍ മുതല്‍ പ്രാദേശിക സഭയുടെ സ്വഭാവം കൈവന്നിരിക്കുകയാണെന്നും അതിനാല്‍ നമ്മുടെ മക്കളെയും കൊച്ചു മക്കളെയും നമ്മുടെ പാരമ്പര്യത്തില്‍ അധിഷ്ഠിതമായ വിശ്വാസത്തില്‍ വളര്‍ത്തണമെന്നും അദ്ദേഹം വിശ്വാസികളെ ഉത്ബോധിപ്പിച്ചു.

ബ്രിട്ടനിലേക്ക് കുടിയേറിയതിന് ശേഷവും നമ്മുടെ വിശ്വാസം നഷ്ട്ടപ്പെടാതെ കാത്തുസൂക്ഷിക്കുവാന്‍ ഇവിടുത്തെ ഇംഗ്ലീഷ് പാരീഷുകളും വൈദികരും നല്കിയ സംഭാവനകള്‍ വിലമതിക്കാനാവത്തതാണെന്ന്‍ അദ്ദേഹം എടുത്ത് പറഞ്ഞു. സ്നേഹത്തിന് അതിര്‍വരമ്പുകള്‍ ഇല്ലെന്നും അതിനാല്‍ ഈ രാജ്യത്തെ രോഗികളെയും സങ്കടം അനുഭവിക്കുന്നവരെയും പ്രത്യേക പരിഗണനയോടെ സഹായിച്ചു കൊണ്ട് ഈ രാജ്യത്തോടുള്ള നമ്മുടെ സ്നേഹം പ്രകടമാക്കണമെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ പ്രത്യേകം നിര്‍ദ്ദേശിച്ചു.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ബ്രിട്ടനിലെ പ്രസ്റ്റൺ നോർത്ത് എൻഡ് സ്റ്റേഡിയത്തിൽ നടന്ന മെത്രാഭിഷേക ചടങ്ങുകളുടെ ചിത്രങ്ങൾ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 90