News - 2024

കാലം ചെയ്ത കര്‍ദിനാളുമാരെയും ബിഷപ്പുമാരെയും അനുസ്മരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 05-11-2016 - Saturday

വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ രക്ഷാപദ്ധതിയില്‍ വിശ്വാസമര്‍പ്പിച്ച് ഇഹലോകവാസം വെടിഞ്ഞ കര്‍ദിനാളുമാരും, ബിഷപ്പുമാരും ജീവന്റെ സമൃദ്ധിയിലേക്കാണ് പ്രവേശിച്ചിരിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈ വര്‍ഷം കാലം ചെയ്ത കര്‍ദിനാളുമാരുടെയും, ബിഷപ്പുമാരുടെയും ഓര്‍മ്മയ്ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. വിശ്വാസത്തിന്റെ വെളിച്ചത്തില്‍ നമ്മില്‍ നിന്നും വേര്‍പ്പെട്ടു പോയവരുമായി നമുക്ക് ആത്മീയ ഐക്യത്തില്‍ കഴിയുവാന്‍ സാധിക്കുമെന്നും പരിശുദ്ധ പിതാവ് തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

"രക്ഷകനായ ക്രിസ്തുവിനെ സ്‌നേഹിക്കുകയും, സഭയെ സേവിക്കുകയും ചെയ്തവരാണ് നമ്മില്‍ നിന്നും അകന്നു പോയിരിക്കുന്നത്. നാം ഇന്നിവിടെ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ അവരെ നന്ദിപൂര്‍വ്വം ഓര്‍ക്കുക കൂടിയാണ് ചെയ്യുന്നത്. ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്നും ആര്‍ക്കാണ് നമ്മേ മാറ്റി നിര്‍ത്തുവാന്‍ സാധിക്കുന്നതെന്നാണ് പൗലോസ് അപ്പോസ്‌ത്തോലന്‍ ചോദിക്കുന്നത്".

"രോഗത്തിനും, ദുഃഖത്തിനും, വിചാരണയ്ക്കും, പീഡനങ്ങള്‍ക്കും, മരണത്തിനും തുടങ്ങി യാതൊന്നിനും ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്നും നമ്മേ മാറ്റി നിര്‍ത്തുവാന്‍ സാധിക്കില്ല. യേശുവിന്റെ ഈ സ്‌നേഹം മൂലമാണ് നമുക്ക് ഇഹലോകവാസം വെടിഞ്ഞവരുമായി വിശ്വാസ ഐക്യത്തില്‍ ജീവിക്കുവാന്‍ സാധിക്കുന്നത്". പാപ്പ വിശദീകരിച്ചു.

എല്ലാ ക്രൈസ്തവരെയും പോലെ തന്നെ, സഭയുടെ നേതൃസ്ഥാനങ്ങളില്‍ ഇരുന്ന കര്‍ദിനാളുമാരും, ബിഷപ്പുമാരും സ്വര്‍ഗീയ പിതാവിന്റെ ഭവനത്തിലേക്കുള്ള യാത്രക്കാരാണെന്ന് പാപ്പ പറഞ്ഞു. ക്രിസ്തു തങ്ങളെ ഏല്‍പ്പിച്ച ആട്ടിന്‍ കൂട്ടത്തെ ശ്രദ്ധയോടെ പരിപാലിച്ചവരാണ് ഇവരെന്നും പാപ്പ അനുസ്മരിച്ചു. തങ്ങള്‍ അനുഷ്ഠിച്ച കൂദാശകളിലൂടെ അവരിലേക്ക് പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ ഇറങ്ങി വസിച്ചിരുന്നതായി പറഞ്ഞ പാപ്പ, സുവിശേഷത്തെ അവര്‍ ശക്തിയോടെ പ്രസംഗിച്ചിരുന്നതായും ഓര്‍മ്മിപ്പിച്ചു.

More Archives >>

Page 1 of 102