News - 2024

ക്രിസ്തുവിന് സാക്ഷ്യം വഹിക്കുവാന്‍ യുവജനങ്ങള്‍ക്കു മൂന്ന് ആത്മീയ നിര്‍ദ്ദേശങ്ങള്‍ നല്‍കി കൊണ്ട് ബിഷപ്പ് റോബര്‍ട്ട് ബാരന്‍

സ്വന്തം ലേഖകന്‍ 04-11-2016 - Friday

ലോസാഞ്ചല്‍സ്: യുവജനങ്ങളായ ക്രൈസ്തവര്‍ക്ക് ജീവിതവിജയം നേടി എങ്ങനെ ഉത്തമ ക്രൈസ്തവ സാക്ഷ്യം വഹിക്കാം, എന്ന വിഷയത്തേ സംബന്ധിച്ചു ലോസാഞ്ചലസ് അതിരൂപതയുടെ സഹായമെത്രാനായ ബിഷപ്പ് റോബര്‍ട്ട് ബാരന്‍ നടത്തിയ ക്ലാസ്സ് ശ്രദ്ധേയമായി.

യുവാക്കളുടെ ഇടയില്‍ ഏറെ സ്വാധീനമുള്ള ബിഷപ്പ് ബാരന്‍, ഒന്‍പതിനായിരത്തോളം സ്‌കൂള്‍ കുട്ടികള്‍ പങ്കെടുത്ത പ്രത്യേക ക്യാമ്പിലാണ് ക്രിസ്തീയ ജീവിത ശൈലികളിലൂടെ വിജയം വരിക്കുവാനുള്ള മൂന്ന് ആത്മീയ മാര്‍ഗങ്ങളെ കുറിച്ച് സംസാരിച്ചത്. കൗമാര പ്രായക്കാരും യുവാക്കളും പങ്കെടുത്ത ക്യാമ്പ് സൗത്ത് കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ക്യാവര്‍ണസ് ഗ്യലന്‍ സെന്ററിലാണ് നടത്തപ്പെട്ടത്.

ക്രിസ്തുവിന് പ്രീതികരമായി ജീവിക്കുവാന്‍ നാം സ്വീകരിക്കേണ്ട ആദ്യത്തെ ചുവടുവയ്പ്പ് സ്വയം ശൂന്യവത്ക്കരിക്കുകയാണെന്ന്‍ ബിഷപ്പ് റോബര്‍ട്ട് പറഞ്ഞു. "ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാവരും എല്ലാത്തിനേയും നിറച്ചുവയ്ക്കുവാന്നുള്ള താല്‍പര്യമാണ് കാണിക്കുന്നത്. നാം നമ്മുടെ ഹൃദയങ്ങളെ ശൂന്യമാക്കുമ്പോഴാണ് ക്രിസ്തുവിന്റെ സ്‌നേഹം നമ്മുടെ ഉള്ളിലേക്കു വന്നു നിറയുക. ലോകത്തിന്റെ വിവിധ സംസ്‌കാരങ്ങള്‍ സന്തോഷത്തിനുള്ള വഴികള്‍ പലതാണെന്ന് നമ്മളോട് പറയും".

"ഇത്തരക്കാരിലേക്ക് പണവും, അധികാരവും, പദവിയുമെല്ലാമാണ് സന്തോഷം കൊണ്ടുവരുന്നത്. എല്ലായ്‌പ്പോഴും ഈ ഘടകങ്ങള്‍ അവരുടെ ജീവിതത്തില്‍ നിറഞ്ഞു കവിയണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു. ദൈവസ്‌നേഹത്തെ ഉള്ളിലേക്ക് നിറയ്ക്കുവാന്‍ വേണ്ടി തങ്ങളുടെ ഹൃദയത്തെ ശൂന്യമാക്കുവാന്‍ പലര്‍ക്കും കഴിയുന്നില്ല". ബിഷപ്പ് ബാരന്‍ വിശദീകരിച്ചു.

ദൈവത്തിന്റെ സന്ദേശവാഹകരാകുന്ന നാം അവിടുത്തെ സ്‌നേഹത്തിന്റെ വാഹകരാകണം. ലോകത്തിന്റെ വിവിധ മോഹങ്ങളും സന്തോഷവും നമ്മുടെ ഹൃദയത്തെ എല്ലാക്കാലത്തും ആനന്ദിപ്പിക്കുകയില്ലെന്നും ബിഷപ്പ് തന്റെ സന്ദേശത്തിന്റെ ആദ്യഭാഗത്ത് കൂട്ടിച്ചേര്‍ത്തു.

ജീവിതവിജയവും സന്തോഷവും നേടുവാനുള്ള രണ്ടാമത്തെ ആത്മീയ മാര്‍ഗ്ഗം മറ്റെല്ലാ പ്രവര്‍ത്തികളെക്കാള്‍ ഉപരിയായി ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നുള്ളതാണെന്ന്‍ ബിഷപ്പ് ബാരന്‍ പറയുന്നു. "പഠനം, സ്‌പോര്‍ട്ട്‌സ്, ആരോഗ്യം, ബിസിനസ്, കലാ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒന്നാമതാകണമെന്നതാണ് എല്ലാ മനുഷ്യരുടെയും ആഗ്രഹം".

"എന്നാല്‍ ആത്മീയകാര്യങ്ങളിലേക്ക് നാം എത്തുമ്പോള്‍ ആര്‍ക്കും ഒന്നാമതാകണം എന്ന ആഗ്രഹമില്ല. അവിടെ എല്ലാവര്‍ക്കും ഇടത്തരക്കാരായാല്‍ മാത്രം മതി. പേരിനു മാത്രമുള്ള ആത്മീയതയാണ് എല്ലാവര്‍ക്കുമുള്ളത്. എന്നാല്‍ ആത്മീയകാര്യങ്ങളിലെ തീഷ്ണത, നമ്മേ ലോകകാര്യങ്ങളിലും ഒന്നാമതാക്കും". ബിഷപ്പ് ബാരന്‍ വിശദീകരിച്ചു.

വിപ്ലവകാരികളേ പോലെ ജീവിതം നയിക്കുക എന്നതാണ് ബിഷപ്പ് ബാരന്‍ യുവജനങ്ങളോട് മൂന്നാമതായി പറഞ്ഞ സന്ദേശം. ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുവാനും, അവനെ ആരാധിക്കുവാനുമുള്ള ആര്‍ജ്ജവം എല്ലായ്‌പ്പോഴും യുവാക്കള്‍ കാണിക്കണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. അപ്പസ്‌ത്തോലന്‍മാരില്‍ വിശുദ്ധ യോഹന്നാന്‍ ഒഴികെ ബാക്കിയെല്ലാവരും രക്തസാക്ഷികളാകുകയായിരുന്നുവെന്ന കാര്യവും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

ആദ്യ നൂറ്റാണ്ടുകളിലെ ബിഷപ്പുമാരും രക്തസാക്ഷിത്വമാണ് വരിച്ചത്. സത്യത്തേ സംരക്ഷിക്കുവാന്‍ ശ്രമിക്കുമ്പോള്‍ മാത്രമേ രക്തസാക്ഷിത്വം വരിക്കേണ്ടി വരുകയുള്ളുവെന്നും ബിഷപ്പ് ബാരന്‍ പറഞ്ഞു. ഇന്നത്തെ കാലത്ത് രക്തസാക്ഷിത്വം വഹിക്കേണ്ടത് സത്യത്തേ സംരക്ഷിച്ചും, ക്രിസ്തുവിനെ ആരാധിക്കുവാനുള്ള തീഷ്ണതയും കാണിച്ചു കൊണ്ടാകണമെന്നും ബിഷപ്പ് ബാരന്‍ യുവാക്കളോട് പറഞ്ഞു.

More Archives >>

Page 1 of 101