News - 2024
കത്തോലിക്ക സഭയില്‍ ഒരിക്കലും പ്രൊട്ടെസ്റ്റന്റ് ആശയങ്ങള്‍ നടപ്പിലാക്കില്ല: വിമർശനങ്ങൾക്കുള്ള മറുപടിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 19-11-2016 - Saturday
വത്തിക്കാന്‍: തനിക്കെതിരെ ചിലകോണുകളില്‍ നിന്നും ഉയരുന്ന വിമര്‍ശനങ്ങളില്‍, മൗനം വെടിഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ കത്തോലിക്ക പത്രമായ 'അവിനീറി'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ മനസ് തുറന്നത്. തന്റെ അപ്പോസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെത്തീസിയ'യുമായി ബന്ധപ്പെട്ട് നാലു കര്‍ദിനാളുമാര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയും, അവര്‍ അതിനെ ആഗോള സഭയുടെ മുന്നില്‍ ചര്‍ച്ചയ്ക്കായി സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യം നിലിനില്‍ക്കുമ്പോഴാണ് മാർപാപ്പ അഭിമുഖം നല്‍കിയിരിക്കുന്നത്. എന്നാല്‍, കര്‍ദിനാളുമാരുടെ പേരെടുത്തുള്ള ഒരു പരാമര്‍ശവും അദ്ദേഹം നടത്തിയിട്ടില്ല. കത്തോലിക്ക സഭയിലേക്ക് പ്രൊട്ടെസ്റ്റന്റ് വിശ്വാസം കൊണ്ടുവരുവാന്‍, താന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിനും അഭിമുഖത്തില്‍ അദ്ദേഹം മറുപടി നല്‍കുന്നുണ്ട്.
"രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം തന്നെയാണ് ഞാന്‍ കത്തോലിക്ക സഭയെ നയിക്കുന്നത്. ആദര്‍ശപരമായ വസ്തുതകള്‍ പരിശോധിച്ച ശേഷമാണ് ചില കാര്യങ്ങളില്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ചിലര്‍ക്ക് അമോരിസ് ലെത്തീസിയയുടെ ഉദ്ദേശം ഇതുവരെ മനസിലായിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ അഭിപ്രായത്തോട് വിയോജിക്കുന്നവര്‍ ചിലകാര്യങ്ങളില്‍ മാത്രം വിരള്‍ ചൂണ്ടിയാണ് വിമര്‍ശനം നടത്തുന്നത്. ഒരോ വ്യക്തികളുടെ സാഹചര്യങ്ങളെ മനസിലാക്കി വേണം അവര്‍ക്കു വേണ്ടിയുള്ള ശുശ്രൂഷകള്‍ ചെയ്തു നല്‍കുവാന്‍. വിമര്‍ശിക്കുന്നവര്‍ അത് വിസ്മരിക്കുന്നു". ഫ്രാന്‍സിസ് മാർപാപ്പ അവനീറിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
വിവിധ ക്രൈസ്തവ സഭകളുമായുള്ള തന്റെ എക്യൂമിനിക്കല്‍ ബന്ധങ്ങളെ കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കുള്ള മറുപടിയും അദ്ദേഹം അഭിമുഖത്തില്‍ നല്‍കുന്നുണ്ട്. താന്‍ കത്തോലിക്ക സഭയില്‍ ഒരു തരത്തിലും പ്രൊട്ടെസ്റ്റന്റ് ആശയങ്ങള്‍ നടപ്പിലാക്കുവാന്‍ ശ്രമിച്ചിട്ടില്ലെന്നും, ഒരിക്കലും ശ്രമിക്കുകയുമില്ലെന്നും മാർപാപ്പ വിശദീകരിക്കുന്നു.
"ഇത്തരം ആരോപണങ്ങൾ എന്റെ ഉറക്കം കെടുത്താറില്ല. സത്യസന്ധവും, ക്രിയാത്മകവുമായ വിമര്‍ശനങ്ങള്‍ എല്ലായ്‌പ്പോഴും ഗുണം ചെയ്യും. എന്നാല്‍, വിലകുറഞ്ഞ വിമര്‍ശനങ്ങള്‍ ഒരു ഗുണവും ചെയ്യുന്നില്ല. ഒരു കാര്യത്തെ കുറിച്ച് പൂര്‍ണ്ണമായും മനസിലാക്കുന്നതിനു മുമ്പു തന്നെ, ചില മുന്‍ധാരണകള്‍ സൃഷ്ടിച്ച ശേഷം നടത്തുന്ന പ്രതികരണങ്ങള്‍ സത്യസന്ധമല്ല. ഇവ വിഭാഗീയത സൃഷ്ടിക്കുവാന്‍ മാത്രമേ ഉപകരിക്കു". മാർപാപ്പ പറഞ്ഞു.
കരുണയുടെ ജൂബിലി വര്‍ഷം പ്രഖ്യാപിക്കുമ്പോള്‍ അതിനായി ഒരു പ്രത്യേക രൂപരേഖയൊന്നും താന്‍ നിര്‍മ്മിച്ചിരുന്നില്ലെന്നും, പരിശുദ്ധാത്മ ശക്തിയാലാണ് താന്‍ ജൂബിലി വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ നയിച്ചതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
മാര്‍ട്ടിന്‍ ലൂഥറിനോട് തനിക്ക് ബഹുമാനമുണ്ടെന്നും, എന്നാല്‍ അദ്ദേഹത്തിന്റെ ചില നിലപാടുകളോട് തനിക്ക് വിയോജിപ്പുണ്ടെന്നും മാർപാപ്പ തുറന്നു പറഞ്ഞു. സഭയെന്നത് കേവലമൊരു പ്രസ്താനം മാത്രമാണെന്നും, ദൈവകൃപയില്ലാതെയും ഒരു പ്രസ്താനത്തിന് മുന്നോട്ടു പോകുവാന്‍ കഴിയുമെന്നുമുള്ള മാര്‍ട്ടിന്‍ ലുഥറിന്റെ അഭിപ്രായത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ എതിർത്തു തള്ളി.
"ഒരു സ്വതന്ത്രമായ സഭയെ ഉണ്ടാക്കണമെന്ന തോന്നല്‍ എല്ലായ്‌പ്പോഴും ഭിന്നിപ്പിലേക്കാണ് നയിക്കുന്നത്. തര്‍ക്കങ്ങളും, കലഹവും അവിടെ വേരൂന്നും. എന്നാൽ, എല്ലായ്‌പ്പോഴും തിരികെ വരൂവാനുള്ള സാധ്യത അവിടെ ഉണ്ടായിരിക്കും". മാർപാപ്പ വിശദീകരിച്ചു.