News
സിനഡില്‍ ശക്തമായ സാന്നിധ്യം : വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പഴയ സെക്രട്ടറി അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവക്കുന്നു
ഷാജു പൈലി 23-10-2015 - Friday
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മരിച്ചിട്ട് ഇപ്പോള്‍ 10 വര്‍ഷമായെങ്കിലും, കുടുംബങ്ങളെ കുറിച്ചുള്ള സിനഡില്‍ സഭയുടെ പ്രബോധനങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ വിശുദ്ധന്റെ സ്വാധീനം ഇപ്പോഴും പ്രകടമാണെന്ന് അദ്ദേഹത്തിന്റെ പഴയ സെക്രട്ടറിയും ല്വിവ്വിലെ മെത്രാപ്പോലീത്തയും കൂടിയായ ആർച്ച് ബിഷപ്പ് മിയക്സിസ്ലോ മോക്രസിക്കി പ്രസ്താവിച്ചു.
“സഭാ പ്രബോധക സംഘത്തിന്റെയും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെയും പ്രബോധനങ്ങള്‍ ഇപ്പോഴും കാലിക പ്രാധാന്യം ഉള്ളതാണ്.” ആർച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു.
മാര്‍പാപ്പ ജോണ്‍ പോള്‍ രണ്ടാമന്‍ പറഞ്ഞിട്ടുള്ളതും എഴുതിയതുമായ പല കാര്യങ്ങളും സിനഡില്‍ വിവാഹത്തെകുറിച്ചുള്ള സഭാമൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് എപ്പോഴും മാര്‍ഗ്ഗനിര്‍ദ്ദേശിയായിരുന്നിട്ടുണ്ട് എന്ന്‍ സി.എന്‍.എ യുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സഭയില്‍ വിവാഹ മോചനത്തിനുശേഷം-പുനര്‍വിവഹിതരായവര്‍ക്ക് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നതിനുള്ള അവകാശം നല്‍കണം എന്ന ആവശ്യത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയും ഇത് സഭാ പ്രബോധനങ്ങള്‍ക്കും, ദിവ്യകര്‍മ്മങ്ങള്‍ക്കും, പരിഹാര പ്രാര്‍ത്ഥനയുടെ വിശുദ്ധിക്കും എതിരാണെന്ന് വളരെ വ്യക്തമായി പറഞ്ഞുവച്ചിട്ടുണ്ടെന്നുള്ള കാര്യം പല മെത്രാന്മാരും ഓര്‍മ്മിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സഭയിലെ കുടുംബങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സമ്മേളിച്ച, ഒക്ടോബര്‍ 4 മുതല്‍ 25 വരെ നീണ്ടുനില്‍ക്കുന്ന സിനഡില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു ഉക്രേനിയന്‍ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ അധ്യക്ഷനായ മോക്രസിക്കി.
എന്നാല്‍ മറ്റൊരു വേഷത്തിലാണ് പലരും ഇദ്ദേഹത്തെ ഓര്‍മ്മിക്കുന്നത് - വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജീവിതത്തിലെ അവസാന ഒമ്പത് വര്‍ഷക്കാലം അദ്ദേഹത്തിന്റെ സെക്രട്ടറിയായി വര്‍ത്തിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.
CNA യുടെ സഹോദര സ്ഥാപനമായ ACI സ്റ്റാമ്പാക്കിന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുനാൾ ദിനമായ ഒക്ടോബര്‍ 22ന് അനുവദിച്ച അഭിമുഖത്തിലാണ് മെത്രാപ്പോലീത്ത മോക്രസിക്കി വിശുദ്ധന്റെ ഐതീഹ്യങ്ങള്‍, സിനഡിന്‍റെ പ്രസക്തി, ഒരു വിശുദ്ധന്റെ കൂടെയുള്ള ജീവിതം എന്നിവയെ കുറിച്ച് തന്റെ മനസ്സ് തുറന്നത്. അദ്ദേഹവുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപത്തിലുളള തര്‍ജ്ജമ താഴെ കൊടുത്തിരിക്കുന്നു :
ചോദ്യം: പിതാവേ, ഇന്ന്‍ ഒക്ടോബര്‍ 22 വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ തിരുനാള്‍ ദിനം. ഈ ദിവസം ആഗോള സഭ മുഴുവനും വ്യക്തിപരമായി അങ്ങേക്കും പ്രധാനപ്പെട്ട ദിവസമാണല്ലോ, ഇത് വിവരിക്കുവാന്‍ അങ്ങേക്ക് ബുദ്ധിമുട്ടായിരിക്കുമെന്നറിയാം, എന്നിരുന്നാലും നമുക്കൊന്ന് ശ്രമിച്ചാലോ?
ഉത്തരം: നമ്മെ സംബന്ധിച്ചിടത്തോളം ഇത് ആനന്ദമുളവാക്കുന്ന കാര്യമാണ്, പോളിഷ് ജനതയെ ഉദ്ദേശിച്ച് മാത്രമല്ല ഞാനിത് പറയുന്നത്, ആഗോള സഭക്കും പ്രത്യേകമായി ഇറ്റലിയിലെ ജനതക്കും. കാരണം, അദേഹത്തിന്റെ തിരഞ്ഞെടുപ്പ് ദിവസത്തെ കുറിച്ച് ആലോചിച്ചു നോക്കൂ, തിരഞ്ഞെടുപ്പില്‍ വിജയിച്ചു ലോകത്തിന്റെയും ഇറ്റലിയുടെയും നെറുകയിലായ അദ്ദേഹം മനോഹരവും പ്രസിദ്ധമായ ഈ വാക്കുകള്‍ പറഞ്ഞു “എനിക്കറിയില്ല ഞാന്‍ എങ്ങിനെ എന്നെ കുറിച്ച് നിങ്ങളോട് വിവരിക്കും - കാരണം എനിക്ക് നിങ്ങളുടെ ഭാഷ അറിയില്ല. ഞാന്‍ എന്തെങ്കിലും തെറ്റ് വരുത്തുകയാണെങ്കില്‍, ദയവായി എന്നെ തിരുത്തുക.” അപ്പോള്‍ തുടങ്ങി ഇറ്റലിയിലെ മുഴുവന്‍ കുട്ടികളും അദ്ദേഹത്തെ കാണുമ്പോള്‍ ഇപ്രകാരം പറയുക പതിവായിരുന്നു: തെറ്റ് പറയുമ്പോള്‍ തിരുത്തുവാന്‍ അങ്ങ് ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്, അതുകൊണ്ട് ശരിയായി പറയുക.
മുഴുവന്‍ സഭക്കും ഇതൊരു പ്രധാനപ്പെട്ട ദിവസം തന്നെയാണ്, മാര്‍പാപ്പാ പദവിയുടെ സമ്പൂര്‍ണ്ണത നാം കണ്ടതാണല്ലോ. അദ്ദേഹം ഒരു അസാധാരണ വ്യക്തിയായിരുന്നു.
ചോദ്യം: ഒരു വിശുദ്ധന്റെ കൂടെയുണ്ടായിരുന്ന ജീവിതം എങ്ങിനെയിരുന്നു? അത് ആനന്ദം നല്‍കുന്നതായിരുന്നോ അതോ വെറും ഒരു ജോലി മാത്രമായിരുന്നോ?
ഉത്തരം: രണ്ടും - സന്തോഷവും അതോടൊപ്പം അദ്ധ്വാനവും, കാരണം ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വളരെ ശക്തനായ ഒരു വ്യക്തിയായിരുന്നു. സ്വയവും മറ്റുള്ളവര്‍ക്കിടയിലും. ഞങ്ങള്‍ ഒരുപാട് നന്നായി ജോലി ചെയ്യുകയും മറ്റുള്ളവരെകൊണ്ട് ജോലി ചെയ്യിപ്പിക്കുകയും ചെയ്തു. ഇക്കാരണം കൊണ്ടാണ് അദേഹത്തിന്റെ പാപ്പാപദവിയിലുള്ള ഭരണകാലം വളരെയേറെ രസകരവും സമ്പന്നവും ആയത്.
ചോദ്യം: ഒരു മെത്രാനും ഒരു അജപാലകനും എന്ന നിലയില്‍ ഇന്നത്തെ അങ്ങയുടെ ദൗത്യത്തില്‍ സഹായകമാകുന്ന എന്തൊക്കെ കാര്യങ്ങളാണ് അദ്ദേഹം അങ്ങയെ പഠിപ്പിച്ചിട്ടുള്ളത്?
ഉത്തരം: പരിശുദ്ധ പിതാവ്, ആഗോള സഭയുടെ തലവന്‍, വത്തിക്കാന്‍റെ തലവന്‍ എന്നിവ മാത്രമായിരുന്നില്ല വിശുദ്ധന്‍, മറിച്ച് എല്ലാത്തിനുമുപരിയായി അദ്ദേഹം നല്ലൊരു അജപാലകനും, റോമന്‍ രൂപതയുടെ മെത്രാനുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം തന്നെ അടിവരയിടുന്നതായിരുന്നു അദ്ദേഹത്തിന്റെ പാപ്പാ പദവിയിലുള്ള ഭരണകാലം. രൂപതയിലെ എല്ലാ ഇടവകകളും സന്ദര്‍ശിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അവസാനം തിരക്കേറിയ ജോലികള്‍ മൂലം മുഴുവന്‍ ഇടവകകളും സന്ദര്‍ശിക്കുവാന്‍ കഴിയാതെ വന്നപ്പോള്‍, താന്‍ സന്ദര്‍ശിച്ചിട്ടില്ലാത്ത 20 ഓളം ഇടവകകളെ പോള്‍ ആറാമന്‍ എന്നു പേരായ വിശാലമായ മുറിയിലേക്ക് ക്ഷണിച്ച് വരുത്തിയത് നാം കണ്ടതാണല്ലോ. തങ്ങളോട് പാപ്പാ കാണിച്ച ഈ സ്നേഹത്തിലും, തങ്ങളെ അവഗണിക്കുകയും മറക്കുകയും ചെയ്തില്ല എന്നാ കാരണത്തിലും റോമന്‍ ജനത അദ്ദേഹത്തോട് നന്ദിയുള്ളവരായിരുന്നു എന്നതും നാം കണ്ടതാണല്ലോ. തനിക്ക് സന്ദര്‍ശിക്കുവാന്‍ കഴിയാത്തവരെ അദ്ദേഹം തന്റെ വസതിയിലേക്ക് ക്ഷണിക്കുമായിരുന്നു.
അദ്ദേഹം നല്ല ഒരു അജപാലകാനും കൂടിയായിരുന്നു. എല്ലാ മേഖലകളിലും ഉള്ളവരെ പരിഗണിക്കുക, അയല്‍ക്കാരോട് സ്നേഹപൂര്‍വ്വം പെരുമാറുക, കാരുണ്യം കാണിക്കുക, പാപികള്‍ക്ക് പാപമോചനം സാധ്യമാക്കുക തുടങ്ങി അജപാലന ജീവിതത്തിന്റെ പല നല്ല ദര്‍ശനങ്ങളും അദ്ദേഹത്തില്‍ നിന്നും എനിക്ക് ലഭിച്ചിട്ടുണ്ട്. വലിയവരെയും, ദരിദ്രരെയും, പാപികളെയും കുഞ്ഞുങ്ങളും എത്രമാത്രം സ്നേഹത്തോടെയാണ് അദ്ദേഹം ആശ്ലേഷിച്ചിരുന്നത്.
ചോദ്യം: ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സഭാ പ്രബോധനങ്ങളുടെ സിംഹഭാഗവും കുടുംബജീവിതത്തെ സംബന്ധിക്കുന്നതായിരുന്നു. ഇപ്പോള്‍ സഭാമക്കളുടെ കുടുംബജീവിത പ്രശ്നങ്ങളെകുറിച്ചുള്ള സിനഡില്‍ ആണ് അങ്ങും. എങ്ങനെയാണ് വിശുദ്ധന്റെ പ്രബോധനങ്ങള്‍ സിനഡിലെ ചര്‍ച്ചയില്‍ കടന്ന് വന്നത്?
ഉത്തരം: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പദവിയിലിരുന്ന കാലത്ത്, പ്രത്യേകിച്ച് ഞാന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന കാലത്ത്, അദ്ദേഹം തന്റെ കുടുംബത്തെ കുറിച്ച് അധികമൊന്നും പറഞ്ഞിരുന്നില്ല. തന്റെ പിതാവിനെ കുറിച്ച്, കുട്ടിയായിരുന്നപ്പോള്‍ നഷ്ടപ്പെട്ട തന്റെ സഹോദരിയെ കുറിച്ച്, യുവാവായിരിക്കെ മരിച്ച ചികിത്സകനായ തന്റെ സഹോദരനെ കുറിച്ചെല്ലാം ചിലപ്പോഴൊക്കെ അദ്ദേഹം പറയുമായിരുന്നു. പക്ഷെ അദ്ദേഹത്തിന് ചുറ്റും സുഹൃത്തുക്കള്‍ എന്ന വലിയ കുടുംബം ഉണ്ടായിരുന്നു കൂടാതെ സഭയെന്ന മഹാ കുടുംബവും. പോളണ്ട്, ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങില്‍ നിന്നെല്ലാം ധാരാളം കുടുംബങ്ങള്‍ അദ്ദേഹത്തെ കാണുവാന്‍ വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അനേകം ആളുകളോടും കുടുംബങ്ങളോടും നല്ല ബന്ധം വച്ച് പുലര്‍ത്തുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക വൈഭവം ഉണ്ടായിരുന്നു. ക്രിസ്ത്യാനികള്‍ മാത്രമല്ല ജൂതസമൂഹത്തില്‍പ്പെട്ട കുടുംബങ്ങള്‍ വരെ അദ്ദേഹത്തിന്റെ സുഹൃത്ത് വലയത്തില്‍ ഉണ്ടായിരുന്നു. കുടുംബങ്ങളുമായി ബന്ധത്തിലിരിക്കേണ്ടതിന്റെ പ്രാധാന്യം ഇതില്‍ നിന്നുമാണ് ഞാന്‍ മനസ്സിലാക്കിയത്. സഭയിലും സമൂഹത്തിലും കുടുംബത്തിനുള്ള പ്രാധാന്യം ഒരു പാപ്പാ എന്ന നിലയില്‍ അദ്ദേഹം തുറന്ന് കാട്ടി.
താന്‍ പാപ്പാ പദവിയില്‍ തുടരുന്ന കാലത്ത് കുടുംബത്തിന്റെ പ്രാധന്യത്തിനായി അദ്ദേഹം ഒരുപാട് ശ്രദ്ധ ചെലുത്തിയിരുന്നു. ഉല്‍പ്പത്തി പുസ്തകത്തിലെ ‘സ്ത്രീയെയും, പുരുഷനേയും ഞാന്‍ സൃഷ്ടിച്ചതാണ്’ എന്ന വാക്യം ചൂണ്ടികാട്ടി, ബുധനാഴ്ച തോറുമുള്ള തന്റെ പതിവ് പ്രസംഗ പരമ്പരയില്‍ കുടുംബത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഒരുപാട് പറഞ്ഞിട്ടുണ്ട്. കുടുംബങ്ങള്‍ക്കായി ‘ഫാമില്യാരിസ് കൊണ്സോര്‍ഷ്യോ’ എന്ന അപ്പോസ്തോലിക ലേഖനവും അദ്ദേഹത്തിന്റേതായിട്ടുണ്ട്. കുടുംബം എന്ന സങ്കല്‍പ്പത്തിന്റെ പ്രാധാന്യത്തിനായി അദ്ദേഹം ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്, നിത്യജീവിതത്തില്‍ കുടുംബത്തിന്‍റെ പ്രാധാന്യം എടുത്ത് കാട്ടുന്നതിനായി, തങ്ങളുടെ കുടുംബ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി കുടുംബത്തോട് ചേര്‍ന്ന്‍ നില്‍ക്കേണ്ടതാവശ്യമാണെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു. കാരണം എല്ലാവര്‍ക്കും ഓരോ നിയോഗങ്ങള്‍ ഉണ്ട്, അത് വൈദികനായാലും, സന്യാസിനിയായാലും അല്ലെങ്കില്‍ ഒരു ചികിത്സകനായാലും ശരി. പക്ഷെ ഒരു കുടുംബമാവുക എന്നത് വളരെ മനോഹരമായ നിയോഗമാണ്. തങ്ങളുടെ കുടുംബ നിയോഗങ്ങളോട് നീതി പുലര്‍ത്തുക എന്നത് ഭാരിച്ച ഉത്തരവാദിത്വവും ബുദ്ധിമുട്ടുമാണ്. അതുകൊണ്ടാണ് പാപ്പാ ഈ നിയോഗത്തെ വളര്‍ത്തുന്നതിനായി പരിശ്രമിച്ചത്.
ചോദ്യം: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മരിച്ചിട്ട് പത്തുവര്‍ഷത്തോളമായി, ഇന്ന്‍ അദ്ദേഹത്തിന്റെ പ്രബോധനങ്ങളുടെ പ്രസക്തി എന്താണ്?
ഉത്തരം: സഭയുടെയും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെയും പ്രബോധനങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്. തീര്‍ച്ചയായും സമൂഹം ഒരുപാട് മാറിയിട്ടുണ്ട്. സാംസ്കാരിക മാറ്റങ്ങള്‍, സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ തുടങ്ങി ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കൂടാതെ, ഈ സിനഡിന്‍റെ ആരംഭത്തില്‍ തന്നെ മെത്രാന്‍മാര്‍ കുടുംബവുമായി ബന്ധപ്പെട്ട ഒരുപാട് ബുദ്ധിമുട്ടുകള്‍ വെളിച്ചത്ത് കൊണ്ടുവന്നു. ചിലര്‍ പുരോഗമന വാദികളായി വിവാഹ മോചനം നേടി പുനര്‍വിവാഹിതരായവരെ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുവാന്‍ അനുവദിക്കണമെന്ന് വാദിക്കുന്നു. എന്നാല്‍ ഒരുപാട് മെത്രാന്മാര്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയും ഇത് സഭാ പ്രബോധനങ്ങള്‍ക്കും, ദിവ്യകര്‍മ്മങ്ങള്‍ക്കും, പരിഹാര പ്രാര്‍ത്ഥനയുടെ വിശുദ്ധിക്കും എതിരാണെന്ന് വളരെ വ്യക്തമായി പറഞ്ഞുവച്ചിട്ടുണ്ടെന്നുള്ള കാര്യം ഓര്‍മ്മിപ്പിച്ചു. തീര്‍ച്ചയായും വിശുദ്ധ ജോണ്‍ പോളിന്റെ പ്രബോധനങ്ങള്‍ ഒരുപക്ഷെ വളരെ ബുധിമുട്ടുള്ളവയായിരിക്കാം പക്ഷെ അവ യഥാര്‍ത്ഥ്യമാണ്. നമ്മുടെ വിശ്വാസത്തിനു മൂല്യമുണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കുറച്ചൊക്കെ ബുദ്ധിമുട്ടുകള്‍ നാം അനുഭവിക്കേണ്ടതായിവരും, എന്നാല്‍ മാത്രമേ യേശു പഠിപ്പിച്ച കാര്യങ്ങളോട് വിശ്വസ്തരായിരിക്കുവാന്‍ നമുക്ക് കഴിയുകയുള്ളൂ.
ചോദ്യം: താങ്കളുടെ രൂപതക്ക് ഈ സിനഡില്‍ എന്താണ് നല്‍കുവാനുള്ളത്?
ഉത്തരം: എന്നെ സംബന്ധിച്ചിടത്തോളം, ഇതൊരു വലിയ അനുഭവമാണ്. കാരണം പല ഭൂഖണ്ഡങ്ങളിലെ നിരവധി പള്ളികളില്‍ ഒരുപാട് ജീവിത സാക്ഷ്യങ്ങള്‍ കേള്‍ക്കുവാനും കാണുവാനും എനിക്ക് സാധിച്ചിട്ടുണ്ട്. എല്ലാത്തിനുമുപരിയായി എനിക്ക്പറയുവാനുള്ളത് ഞങ്ങള്‍ മെത്രാന്മാര്‍ കുടുംബങ്ങളുമായി വളരെ അടുപ്പത്തില്‍ നില്‍ക്കുന്നു. വിവാഹബന്ധത്തിലൂടെ ലഭിച്ച കുടുംബ ജീവിതമെന്ന നിയോഗത്തില്‍ നിങ്ങളെ സഹായിക്കുന്നതിനു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ നിയോഗം വളരെ നല്ലതും പ്രാധാന്യമുള്ളതുമാണെന്ന് ഞങ്ങള്‍ക്കറിയാം, പക്ഷെ ഈ നിയോഗത്തെ മനസ്സിലാക്കുന്നതിനും ഭംഗിയായി നിറവേറ്റുന്നതിനും കുടുംബങ്ങളെ സഹായിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.