News - 2024

ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തിയെ പറ്റി ലോകത്തോട് പ്രഘോഷിച്ച പതിനഞ്ചുകാരന്‍ കാര്‍ളോ അക്യൂറ്റിസിന്റെ നാമകരണനടപടികള്‍ പൂര്‍ത്തിയായി

സ്വന്തം ലേഖകന്‍ 05-12-2016 - Monday

റോം: ദിവ്യകാരുണ്യത്തിനു നല്‍കേണ്ട അതീവപ്രാധാന്യത്തെ പറ്റി ലോകത്തിന് മുന്നില്‍ പ്രഘോഷിച്ച് പതിനഞ്ചാം വയസില്‍ മരണമടഞ്ഞ കാര്‍ളോ അക്യൂറ്റിസിന്റെ രൂപത തലത്തിലുള്ള നാമകരണ നടപടികള്‍ പൂര്‍ത്തിയായി. കഴിഞ്ഞ മാസം 24-ാം തീയതി കര്‍ദിനാള്‍ ആഞ്ചലോ സ്‌കോളയാണ്, കാര്‍ളോ അക്യൂറ്റിസിന്റെ നാമകരണനടപടികളുടെ രൂപതയിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാം അവസാനിച്ചതായി അറിയിച്ചത്. 2006-ല്‍ ലുക്കീമിയ ബാധിച്ച് ഇഹലോകവാസം വെടിഞ്ഞ കാര്‍ളോ അക്യൂറ്റിസ് എന്ന ഇറ്റാലിയന്‍ ബാലന്റെ ജീവിതത്തിന് ആരെയും അതിശയിപ്പിക്കുന്ന നിരവധി പ്രത്യേകതകള്‍ ഉണ്ടായിരുന്നു.

അനുദിനം വിശുദ്ധ ബലിയില്‍ സംബന്ധിക്കുന്നതിനും പ്രാര്‍ത്ഥനകള്‍ക്കുമായി പ്രത്യേക ഉത്സാഹം കാണിച്ചിരുന്ന കാര്‍ളോ, ദിവ്യകാരുണ്യത്തിന്റെ അതീവഭക്തനായിരിന്നു. ചെറുപ്രായത്തില്‍ തന്നെ കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ കൈകാര്യം ചെയ്യുന്നതില്‍ കാര്‍ളോയ്ക്ക് അസാമാന്യ കഴിവ് ദൈവം നല്‍കിയിരുന്നു. ഏഴാം വയസ്സില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ കാര്‍ളോ ഒരിയ്ക്കലും ദിവ്യബലികള്‍ മുടക്കിയിരിന്നില്ല.

കംപ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനിയറിംഗ് ബിരുദം നേടിയ വ്യക്തിയ്ക്ക് സമാനമായ അറിവുണ്ടായിരുന്ന കാര്‍ളോ, ആ അറിവിനെ ദൈവനാമ മഹത്വത്തിനായി ഉപയോഗിച്ചു. ലോകത്തെ എല്ലാ ദിവ്യകാരുണ്യ അത്ഭുതങ്ങളേയും ഒരുമിച്ച് ചേര്‍ക്കുന്ന തരത്തിലുള്ള ഒരു വിര്‍ച്വല്‍ ലൈബ്രറി, സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ നിര്‍മ്മിക്കുവാനുള്ള ധീരമായ തീരുമാനം കാര്‍ളോ അക്യൂറ്റീസ് ഏറ്റെടുത്തത് 11-ാം വയസിലാണ്.

"നമ്മള്‍ എത്രതവണ ദിവ്യകാരുണ്യം സ്വീകരിക്കുന്നുവോ, അത്രയും അധികമായി നമ്മള്‍ ക്രിസ്തുവിന്റെ അസ്ഥിത്വത്തോട് ചേര്‍ക്കപ്പെടുകയാണ്. അത് ഭൂമിയില്‍ സ്വര്‍ഗം രുചിച്ചറിയുവാന്‍ സഹായിക്കും"- കാര്‍ളോ പറഞ്ഞ വാക്കുകളാണ് ഇവ. ഇതില്‍ നിന്നും തന്നെ ദിവ്യകാരുണ്യത്തോടുള്ള ബാലന്റെ അടങ്ങാത്ത സ്‌നേഹവും, ഭക്തിയും മാതാപിതാക്കളും സുഹൃത്തുക്കളും മനസിലാക്കിയിരുന്നു. കാര്‍ളോ അക്യൂറ്റീസിന്റെ പദ്ധതിക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുവാന്‍ മാതാപിതാക്കള്‍ തന്നെ മുന്‍കൈ എടുത്തു.

നൂറ്റാണ്ടുകളായി വിവിധ രാജ്യങ്ങളില്‍ സംഭവിച്ചതും സഭയുടെ അംഗീകാരം ലഭിച്ചതുമായ 136 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വിവരങ്ങള്‍ കാര്‍ളോയുടെ വിര്‍ച്വല്‍ ലൈബ്രറിക്കായി അവര്‍ ശേഖരിച്ചു നല്‍കി. രണ്ടു വര്‍ഷം സമയമെടുത്താണ് നൂതനരീതിയില്‍ ഏവരെയും ആകര്‍ഷിക്കുന്ന ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വിര്‍ച്വല്‍ ലൈബ്രറി കാര്‍ളോ അക്യൂറ്റീസ് നിര്‍മ്മിച്ചത്.

അഞ്ചു ഭൂഖണ്ഡങ്ങളില്‍ ഈ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം നടത്തപ്പെട്ടു. നിരവധി രാജ്യങ്ങളില്‍ ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ച് ആഴത്തില്‍ മനസിലാക്കുവാന്‍ കാര്‍ളോയുടെ ഈ പദ്ധതി മൂലം ഇടയായി. അമേരിക്കയില്‍ തന്നെ 100-ല്‍ അധികം സര്‍വകലാശാലയിലാണ് ദിവ്യകാരുണ്യഭക്തിയും സാങ്കേതിക മികവും, ഒരുപോലെ പ്രകടിപ്പിക്കുന്ന വിര്‍ച്വല്‍ ലൈബ്രറി പ്രദര്‍ശിപ്പിക്കപ്പെട്ടത്. തന്റെ ജീവിതത്തിന്റെ ഏക ലക്ഷ്യം യേശുക്രിസ്തുവുമായി അടുത്ത് ജീവിക്കുക എന്നതാണെന്ന് കാര്‍ളോ അക്യൂറ്റീസ് പലപ്പോഴും പറഞ്ഞിരുന്നു.

"എല്ലാ മനുഷ്യരും ജനിക്കുമ്പോള്‍ യഥാര്‍ത്ഥ മനുഷ്യരായി തന്നെയാണ് ജനിക്കുന്നത്. എന്നാല്‍ മരിക്കുമ്പോള്‍ അവര്‍ മറ്റു മനുഷ്യരുടെ പകര്‍പ്പുകളായി തീരുന്നു. എനിക്ക് മരിക്കുമ്പോഴും ജനിച്ച അതേ യഥാര്‍ഥ സ്വഭാവത്തോടെ ഇരിക്കണം. ഇതിന് യേശുക്രിസ്തുവിന്റെ സഹായം ആവശ്യമാണ്. ഈ വാക്കുകള്‍ കാര്‍ളോ പലപ്പോഴും പറഞ്ഞിരുന്നു. എന്റെ മകനും സാധാരണ ഒരു കുട്ടിയേ പോലെ തന്നെയായിരുന്നു. സന്തോഷിക്കുകയും, കളിക്കുകയും എല്ലാം ചെയ്യുന്ന ഒരു സാധാരണ കുട്ടി. പക്ഷേ അവന്‍ വിശുദ്ധിയോടെ ജീവിക്കണമെന്ന് താല്‍പര്യപ്പെട്ടിരുന്നു. ക്രിസ്തുവിന്റെ സാനിധ്യം എല്ലായ്‌പ്പോഴും വേണമെന്ന് കുരുതിയിരുന്നു". കാര്‍ളോ അക്യൂറ്റിസിന്റെ മാതാവ് പറയുന്നു.

രൂപതയില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ റോമിലേക്ക് അയച്ചു നല്‍കുകയാണ് നാമകരണനടപടികളുടെ അടുത്തഘട്ടം. നാമകരണനടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന വത്തിക്കാന്‍ സമിതി ഇത് ആഴമായി പഠിക്കും. കാര്‍ളോ അക്യൂറ്റീസിന്റെ ജീവിതത്തിലെ പ്രവര്‍ത്തികള്‍ എല്ലാം തിരുസഭയുടെ നടപടിപ്രകാരവും ക്രിസ്തുവിന് യോജിച്ചവണ്ണവുമാണെന്ന് സമിതി അറിയിക്കുന്ന മുറയ്ക്ക് മാര്‍പാപ്പ, അക്യൂറ്റീസ് വണക്കത്തിന് യോഗ്യനാണെന്ന് പ്രഖ്യാപിക്കും.

More Archives >>

Page 1 of 113