News - 2024

മാതാപിതാക്കള്‍ മക്കളുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 02-12-2016 - Friday

വത്തിക്കാന്‍ സിറ്റി: പ്രഭാതത്തിലും പ്രദോഷത്തിലും കുട്ടികളുടെ ശിരസ്സില്‍ കരങ്ങള്‍വച്ച് അവരെ അനുഗ്രഹിച്ച് മാതാപിതാക്കള്‍ പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ആഗമനകാലഘട്ടത്തിലെ ആദ്യത്തെ ബുധനാഴ്ച്ച ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചുപോയവര്‍ക്കും വേണ്ടിയുള്ള ആത്മീയവും ഭൗതികവുമായ കാരുണ്യപ്രവര്‍ത്തികളെ കുറിച്ച് പ്രസംഗിച്ചപ്പോഴാണ് പാപ്പ ഇങ്ങനെ പറഞ്ഞത്. നമ്മുടെ ചുറ്റുമുള്ളവര്‍ക്കു വേണ്ടി നാം പ്രാര്‍ത്ഥിക്കുമ്പോള്‍, ഹൃദയത്തില്‍ നിന്നുമാണ് ഇത്തരം പ്രാര്‍ത്ഥനകള്‍ ഉയരുന്നതെങ്കില്‍ തീര്‍ച്ചയായും ദൈവം അത് കേള്‍ക്കുമെന്നും പാപ്പ വിശ്വാസികളോട് പറഞ്ഞു.

"എല്ലാ ദിവസവും രാവിലെയും, രാത്രിയിലും കുട്ടികളുടെ തലയില്‍ കൈവച്ച് അവരെ അനുഗ്രഹിച്ചുകൊണ്ട് മാതാപിതാക്കള്‍ പ്രാര്‍ത്ഥിക്കണം. ചില ഭവനങ്ങളില്‍ ഈ പതിവ് ഇപ്പോഴും തുടരുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഓരോരുത്തരും അവരുടെ മക്കളെ അനുഗ്രഹിക്കുന്നത് തന്നെ മനോഹരമായ ഒരു പ്രാര്‍ത്ഥനയാണ്. രോഗികള്‍ക്കു വേണ്ടിയും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കു വേണ്ടിയും മൗനമായി കണ്ണീരോടെ മധ്യസ്ഥം നടത്തുന്നവര്‍ നിരവധി പേരാണ്". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ദിവസങ്ങള്‍ക്കു മുമ്പു തന്നെ സന്ദര്‍ശിച്ച ഒരു യുവ ബിസിനസുകാരന്റെ ജീവിതകഥയും പാപ്പ വിശ്വാസികളോട് പങ്കുവച്ചു. "ചില സാമ്പത്തിക പ്രശ്‌നം മൂലം 50-ല്‍ അധികം കുടുംബങ്ങള്‍ക്ക് ജോലി നല്‍കുന്ന തന്റെ ബിസിനസ് അടച്ചുപൂട്ടേണ്ട ഗതികേടിലായിരുന്നു ആ യുവാവ്. തന്റെ സ്ഥാപനം അടച്ചുപൂട്ടിയിട്ട് ശേഷിക്കുന്ന പണവുമായി അയാള്‍ക്ക് സ്വന്തം വീട്ടിലേക്ക് പോകുവാന്‍ അവസരമുണ്ട്. എന്നാല്‍ തന്റെ ബിസിനസിനെ ആശ്രയിച്ചു ജീവിക്കുന്ന 50 കുടുംബങ്ങളെ കണ്ണുനീരിലേക്ക് തള്ളിയിട്ടിട്ട് പോകുവാന്‍ അയാള്‍ക്ക് സാധിക്കുന്നില്ല".

"തന്റെ പ്രശ്‌നങ്ങളെ നേരിടുവാനുള്ള കരുത്തും, സഹായവും ദൈവം നല്‍കുമെന്നാണ് യുവാവ് എന്നോട് പറഞ്ഞത്. ബിസിനസിനെ പ്രാര്‍ത്ഥനയായി കാണുന്ന ഒരു മനുഷ്യനെയാണ് ഞാന്‍ നേരില്‍ കണ്ടത്. അവശേഷിക്കുന്ന പണവുമായി പ്രശ്‌നങ്ങളില്ലാതെ പോകുവാന്‍ സാധിക്കുന്ന അവസ്ഥയിലും തന്നെ ആശ്രയിക്കുന്നവര്‍ക്കു വേണ്ടി കരുതുന്ന യുവാവ്, ഒരു ക്രൈസ്തവന്‍ നടത്തുന്ന നല്ല പ്രാര്‍ത്ഥനയ്ക്ക് ഉദാഹരണമാണ്. തന്റെ അയല്‍ക്കാരനെ എങ്ങനെ കരുതണമെന്നും, അയാള്‍ക്കു വേണ്ടി എങ്ങനെ പ്രാര്‍ത്ഥിക്കണമെന്നും ഈ യുവാവിന് നല്ലതു പോലെ അറിയാം". പാപ്പ വിശദീകരിച്ചു. നാം നമ്മേ തന്നെ മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്കായി സമര്‍പ്പിക്കണമെന്ന സന്ദേശത്തോടെയാണ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

More Archives >>

Page 1 of 112