News
അമേരിക്കയിൽ കാട്ടുതീ പടര്‍ന്നു പിടിച്ച സ്ഥലത്തു നിന്നും കാട്ടുതീയെ കുറിച്ചു പ്രവചിക്കുന്ന ബൈബിൾ ഭാഗം കണ്ടെടുത്തു
സ്വന്തം ലേഖകന്‍ 01-12-2016 - Thursday
ഗാറ്റ്‌ലിന്‍ബര്‍ഗ്: അമേരിക്കയിലെ ടെന്നസിയിൽ ശക്തമായ കാട്ടുതീ പടര്‍ന്നു പിടിക്കുന്ന സ്ഥലത്തു നിന്നും, കണ്ടെത്തിയ ബൈബിള്‍ ഭാഗം നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. 'ഡോളിവുഡ്' എന്ന അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ജീവനക്കാരനാണ് ബൈബിളിലെ പകുതി കത്തിയ പേജുകള്‍ കണ്ടെത്തിയത്. ജോയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ ദേശത്തെ മരങ്ങള്‍ കത്തി നശിക്കുന്നതിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗമാണ് ഈ പേജില്‍ പരാമര്‍ശിക്കുന്നത്.
പ്രദേശത്ത് ആഴ്ചകളായി കാട്ടുതീ പടര്‍ന്നു പിടിക്കുകയാണ്. കെട്ടിടങ്ങളിലേക്കും ജനവാസ കേന്ദ്രത്തിലേക്കും പടരുന്ന തീ അണയ്ക്കുന്നതിനായി ശക്തമായ ശ്രമങ്ങളാണ് നടക്കുന്നത്. ഡോളിവുഡ് പാര്‍ക്കിലെ ഹ്യൂമന്‍ റിസോഴ്‌സ് മാനേജറും സംഘവും തീ അണച്ച ഭാഗങ്ങൾ വൃത്തിയാക്കാൻ ശ്രമിക്കുമ്പോഴാണ് ബൈബിളിന്റെ പേജ് അവരുടെ ശ്രദ്ധയില്‍ പെട്ടത്. ഒരു ബെഞ്ചിന്റെ അടിയില്‍ വെള്ളം നനഞ്ഞ രീതിയിലാണ് ബൈബിളിന്റെ പേജുകള്‍ കിടന്നിരുന്നത്. കത്തിനശിക്കാത്ത ഈ പേജിലെ വചനങ്ങള്‍ വായിച്ച പാര്‍ക്കിലെ ജീവനക്കാര്‍ അത്ഭുതപെട്ടു.
ജോയേല്‍ പ്രവാചകന്റെ പുസ്തകത്തിലെ ഒന്നാം അധ്യായത്തില്‍ നിന്നുള്ള ഭാഗങ്ങളും, രണ്ടാം അധ്യായത്തിന്റെ ആദ്യത്തെ വാക്യം വരെയുമാണ് ബൈബിളിന്റെ പേജില്‍ ഉണ്ടായിരുന്നത്. 'കര്‍ത്താവിന്റെ ദിനം സമീപിച്ചിരിക്കുന്നു, വിജന പ്രദേശത്തെ പുല്‍പുറങ്ങളെ അഗ്നി വിഴുങ്ങുന്നു, വയലിലെ മരങ്ങള്‍ എല്ലാം കത്തി നശിക്കുന്നു, വന്യമൃഗങ്ങള്‍ അവിടുത്തെ നോക്കി കേഴുന്നു', തുടങ്ങിയ വാക്യങ്ങളാണ് പാര്‍ക്കിന്റെ മാനേജറായ ഐസക്ക് മാക്‌കോര്‍ഡും സംഘവും ബഞ്ചിന്റെ കീഴില്‍ നിന്നും കണ്ടെടുത്തത്.
തനിക്ക് ലഭിച്ച ബൈബിള്‍ ഭാഗത്തിന്റെ ചിത്രം ഐസക്ക് മാക് കോര്‍ഡ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഒന്നരലക്ഷത്തില്‍ അധികം പേര്‍ ഇതിനോടകം തന്നെ ഐസക് മാക് കോര്‍ഡിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തു കഴിഞ്ഞു. കാട്ടുതീ പടര്‍ന്നു പിടിക്കുന്ന ഒരു പ്രദേശത്ത്, കാട്ടുതീയേ കുറിച്ച് പരാമര്‍ശിക്കുന്ന ബൈബിളിന്റെ ഒരു പേജ് മാത്രം ലഭിച്ചതിനെ ഏറെ അത്ഭുതത്തോടെയാണ് എല്ലാവരും നോക്കി കാണുന്നത്.