News - 2024
അഭയാര്‍ത്ഥികളായ മുസ്ലീങ്ങള്‍ യേശുക്രിസ്തുവിനെ സ്വപ്‌നത്തില്‍ ദര്‍ശിച്ചതിനെ തുടര്‍ന്ന് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു
സ്വന്തം ലേഖകന്‍ 23-12-2016 - Friday
ലണ്ടന്‍: അഭയാര്‍ത്ഥികളായ നിരവധി മുസ്ലീം വിശ്വാസികള്‍ യേശുക്രിസ്തുവിനെ സ്വപ്‌നത്തില്‍ ദര്‍ശിച്ചതിനെ തുടര്‍ന്നു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. സ്റ്റാഫോര്‍ഡ്‌ഷൈറിലെ സെന്റ് മാര്‍ക്ക്‌സ് ദേവാലയത്തിലെ പാസ്റ്ററായ സാലി സ്മിത്താണ് ഇതു സംബന്ധിക്കുന്ന വിവരങ്ങള്‍ 'ക്രിസ്ത്യന്‍ ടുഡേ' എന്ന ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തിയത്. 'സാന്‍ക്റ്റസ്' എന്ന പ്രത്യേക പദ്ധതിയിലൂടെ അഭയാര്‍ത്ഥികള്‍ക്ക് വിവിധ സൗകര്യങ്ങള്‍ ദേവാലയം ഒരുക്കിയിരിന്നു. ഈ പദ്ധതിയിലൂടെ രാജ്യത്ത് എത്തിയ മുസ്ലിം മതസ്ഥരാണ് തങ്ങള്‍ക്ക് വ്യക്തിപരമായി ഉണ്ടായ അനുഭവത്തിലൂടെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതെന്ന്‍ സാലി സ്മിത്ത് വെളിപ്പെടുത്തി.
"ഹസന്‍ എന്ന മുസ്ലീം അഭയാര്‍ത്ഥി യേശുക്രിസ്തുവിലേക്ക് കടന്നു വന്നത് അദ്ദേഹത്തിനുണ്ടായ ഒരു സ്വപ്‌നത്തിന്റെ അടിസ്ഥാനത്തിലാണ്. അതീവ പ്രകാശരൂപത്തില്‍ വന്ന യേശുവിന്റെ ദര്‍ശനം ലഭിച്ച ഹസനോട് ഈ ദേവാലയത്തില്‍ വന്ന്‍ മാമോദീസ വഴിയായി സഭയോട് ചേരുവാന്‍ വെളിപാട് ലഭിക്കുകയായിരിന്നു. തന്നെ പൊതിഞ്ഞു പിടിച്ച ആ പ്രകാശം യേശുവാണെന്ന് അദ്ദേഹം മനസിലാക്കുകയും വിശ്വാസത്തിലേക്ക് വരുകയും ചെയ്തു". സാലി സ്മിത്ത് പറഞ്ഞു.
മറ്റൊരു മുസ്ലീം വിശ്വാസിയുടെ സ്വപ്‌നത്തില്‍ ദര്‍ശനം ഉണ്ടാകുകയും, ഇതിനെ തുടര്‍ന്ന് അദ്ദേഹം സെന്റ് മാര്‍ക്ക്‌സ് ദേവാലയത്തില്‍ എത്തിചേര്‍ന്ന് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും ചെയ്തുവെന്നും സാലി വെളിപ്പെടുത്തുന്നു. ആളുകളെ മതം മാറ്റുക എന്ന ലക്ഷ്യത്തോടെയല്ല തങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് വിവിധ സഹായങ്ങള്‍ ചെയ്തു നല്‍കുന്നതെന്നും, ശക്തമായ ദൈവീക ഇടപെടലുകള്‍ മൂലം അവര്‍ സ്വമേധയാ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയാണെന്നും സാലി സ്മിത്ത് പറഞ്ഞു.
ഞായറാഴ്ചകളില്‍ ദേവാലയത്തിലേക്കു കടന്നുവരുന്ന ഇറാനികള്‍ക്കു മനസിലാകുന്ന തരത്തില്‍ ഫാര്‍സി ഭാഷയില്‍ പലരും തങ്ങളുടെ ജീവിത സാക്ഷ്യം പറയാറുണ്ട്. സ്വന്തമായുള്ളതെല്ലാം മതത്തിന്റെ പേരില്‍ നഷ്ടപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ക്രൈസ്തവസമൂഹം പ്രകടിപ്പിക്കുന്ന ദയയും സ്‌നേഹവും പുതിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് അവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഇറാനില്‍ നിന്നുള്ള മുസ്ലീം മതസ്ഥര്‍ക്ക് സ്വപ്‌നത്തില്‍ യേശുവിന്റെ ദര്‍ശനാനുഭവങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെന്ന് പല സുവിശേഷകരും നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. 'സിബിഎന്‍ ന്യൂസി'ന് നല്‍കിയ അഭിമുഖത്തില്‍ ഇറാനിയന്‍ പാസ്റ്ററായ റഹ്മാന്‍ സാലേസഫാരി ഇതിനെ കുറിച്ച് വ്യക്തമായി പരാമര്‍ശിച്ചിരിന്നു.
"പരിശുദ്ധാത്മാവിന്റെ ശക്തമായ പ്രവര്‍ത്തനത്താലാണ് ഈ ദര്‍ശനങ്ങള്‍ സംഭവിക്കുന്നത്. ക്രൈസ്തവരുടെ എണ്ണം രാജ്യത്ത് ശക്തിയായി വര്‍ദ്ധിക്കുന്നു. 1994 മുതലാണ് ഇത്തരം അനുഭവങ്ങള്‍ ഇറാനില്‍ സര്‍വ്വസാധാരണമായത്. ഒരു ലക്ഷത്തില്‍ താഴെ മാത്രമായിരുന്നു ക്രൈസ്തവരുടെ അന്നത്തെ ജനസംഖ്യ. ഇന്ന് അത് മൂന്നു മില്യണ്‍ കടന്നിരിക്കുന്നു. ഭരണകൂടത്തിന്റെ ശക്തമായ നടപടികള്‍ ഭയന്ന് പലരും ക്രൈസ്തവ വിശ്വാസം, ആദിമക്രൈസ്തവരെ പോലെ രഹസ്യമായിട്ടാണ് സൂക്ഷിക്കുന്നത്". റഹ്മാന്‍ സാലേസഫാരി 'സിബിഎന്‍ ന്യൂസി'നോട് പറഞ്ഞു.