News
ഞാന്‍ നിരീശ്വരവാദിയല്ല: ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബര്‍ഗ്
സ്വന്തം ലേഖകന്‍ 31-12-2016 - Saturday
കാലിഫോര്‍ണിയ: താൻ നിരീശ്വരവാദിയല്ലെന്ന വെളിപ്പെടുത്തലുമായി ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബര്‍ഗ്. ക്രിസ്തുമസ് ദിനത്തിൽ ആശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള പോസ്റ്റിന് താഴെയായി ഒരാൾ ഉന്നയിച്ച കമന്റിന്റെ മറുപടിയായിട്ടാണ് താന്‍ നിരീശ്വരവാദിയല്ലയെന്ന കാര്യം സക്കർബർഗ് വെളിപ്പെടുത്തിയത്. സക്കർബർഗിന്റെ ക്രിസ്തുമസ് സന്ദേശത്തിനു താഴെ ജോസ് അന്‍റോണിയോ എന്നയാള്‍ 'താങ്കൾ ഒരു നിരീശ്വരവാദിയല്ലേ' എന്നു കമന്‍റ് ഇടുകയായിരിന്നു. ഇതിനുള്ള മറുപടിയായി സക്കർബർഗ് നല്‍കിയ കമന്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
"ഞാൻ ഒരു നിരീശ്വരവാദിയല്ല. ഒരു യഹൂദനായിട്ടാണ് ഞാൻ വളർന്നത്. ഒരു പ്രായത്തിൽ എല്ലാറ്റിനേയും ചോദ്യം ചെയ്യുന്ന ഒരു വ്യക്തിയായി ഞാൻ മാറി. എന്നാൽ മതം ഏറെ പ്രധാനപ്പെട്ടതാണെന്ന് ഇന്ന്‍ ഞാന്‍ മനസ്സിലാക്കുന്നു". ഫേസ്ബുക്ക് ഉടമ സക്കർബർഗ് കുറിച്ച കമന്റില്‍ പറയുന്നു. യേശുക്രിസ്തുവിന്റെ ജന്മദിനം എന്തുകൊണ്ടാണ് ഫേസ്ബുക്ക് നോട്ടിഫിക്കേഷനിലൂടെ അറിയിക്കാതിരുന്നതെന്ന് മറ്റൊരാൾ സക്കർബർഗിനോട് കമന്‍റിലൂടെ ചോദ്യമുന്നയിച്ചു. ഫേസ്ബുക്കില്‍ യേശു നിങ്ങളുടെ സുഹൃത്തല്ലായെന്ന രസകരമായ മറുപടിയാണ് സക്കർബർഗ് ഇതിനു നൽകിയത്.
ഇക്കഴിഞ്ഞ ആഗസ്റ്റില്‍ വത്തിക്കാനിൽ എത്തിയ മാര്‍ക്ക് സക്കർബർഗ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടികാഴ്ച നടത്തിയിരിന്നു. നൂതന ആശയവിനിമയ സംവിധാനങ്ങള്‍ വഴി ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് എന്തു ചെയ്യാന്‍ കഴിയുമെന്നതിനെ പറ്റിയും പ്രത്യാശയുടെയും സൗഹൃദത്തിന്റെയും സന്ദേശം ആളുകള്‍ക്കിടയില്‍ വ്യാപിപ്പിക്കുന്നതിനെ സംബന്ധിച്ചും അന്ന്‍ ചര്‍ച്ചകള്‍ നടന്നിരിന്നു. ഭാര്യ പ്രിസില്ലാ ചാനുമൊപ്പമാണ് സക്കർബർഗ് മാര്‍പാപ്പയെ കണ്ടത്. കാരുണ്യ പ്രവർത്തികൾ ചെയ്യുവാൻ പരിശുദ്ധ പിതാവ് കാണിക്കുന്ന താൽപര്യം അനുഭവിച്ചറിയാന്‍ കഴിയുമെന്നും മാര്‍പാപ്പയുമായുള്ള കൂടികാഴ്ച താന്‍ ഒരിക്കലും മറക്കില്ലായെന്നും സക്കർബർഗ് ഫേസ്ബുക്കില്‍ കുറിച്ചിരിന്നു.