News - 2025

യേശു വാഗ്‌ദാനം ചെയ്തിട്ടുള്ള മോക്ഷം വിൽപ്പനയ്ക്കുള്ളതല്ല: ഫ്രാൻസിസ് മാർപാപ്പ

അഗസ്റ്റസ് സേവ്യർ 18-12-2015 - Friday

യേശുവിന്റെ കരുണ വിലയിട്ട് വിൽക്കാനാകില്ലെന്ന്, ഫ്രാൻസിസ് മാർപാപ്പ പ്രതിവാര പ്രഭാഷണത്തിൽ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ജൂബിലി വർഷത്തിൽ യേശുവിലൂടെയുള്ള മോക്ഷം വിലയിട്ട് വിൽക്കാൻ നടക്കുന്നവരെ പറ്റി കരുതിയിരിക്കാൻ, മാർപ്പാപ്പ ഭക്തജനങ്ങളെ ഉത്ബോധിപ്പിച്ചു. "മോക്ഷം വിലയ്ക്ക് വാങ്ങാനാവില്ല" അദ്ദേഹം പറഞ്ഞു.

"യേശുവാണ് മോക്ഷത്തിലേക്കുള്ള വഴി; യേശു വാഗ്‌ദാനം ചെയ്തിട്ടുള്ള മോക്ഷം വിൽപ്പനയ്ക്കുള്ളതല്ല."

വത്തിക്കാനടുത്തുള്ള ഒരു സോവനീർ കടയിൽ നിന്നും, 70000 യൂറോ വില മതിക്കുന്ന വ്യാജ തോൽക്കടലാസുകൾ, റോമൻ സാമ്പത്തീക പോലീസ് പിടിച്ചെടുത്തു എന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ്, മാർപാപ്പയുടെ മുന്നറിയിപ്പ്.

വിവാഹം, ജ്ഞാനസ്നാനം, എന്നിവയോടനുബന്ധിച്ച് യേശു ശിഷ്യർ നേരിട്ടെഴുതിയത് എന്ന പേരിലാണ്, 3500 തോൽക്കടലാസുകൾ കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നത്.

ജൂബിലി വർഷം തുടങ്ങുന്നതിനു മുമ്പു തന്നെ, ആർച്ച് ബിഷപ്പ് റിനോ ഫിച്ചെല്ലോ, ഭീകരാക്രമണ സാധ്യതകളെ പറ്റിയും പണം തട്ടിക്കാൻ നടക്കുന്ന വ്യാജ കലാകാരന്മാരെ പറ്റിയും മുന്നറിയിപ്പ് നൽകിയിരുന്നു.

"ISIS - ന്റെ ഭീഷിണി മാത്രമല്ല വത്തിക്കാനിലുള്ളത്. ഭക്തജനങ്ങളെ കബിളിപ്പിക്കാൻ തയ്യാറെടുക്കുന്ന, വ്യാജ സംഘങ്ങളെ പറ്റിയും കരുതിയിരിക്കണം" അദ്ദേഹം പറഞ്ഞിരുന്നു.

ഈ വിശുദ്ധവർഷം, ലോകമെങ്ങുമുള്ള ക്രിസ്തീയ സമൂഹങ്ങളിൽ, ദൈവത്തിന്റെ സ്നേഹത്തിന്റെയും, കരുണയുടെയും തണലിൽ, ഒരു അഖിലലോക സഹവർത്തിത്വം ഉടലെടുക്കുമെന്ന്, പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു.

വിശുദ്ധ വർഷവും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ 50-ാം വാർഷികവും ഒരുമിച്ചു ചേരുന്ന ഈ സമയം, കൗൺസിൽ, അമ്പതു വർഷം മുൻപ് പ്രവചിച്ച 'ക്രൈസ്തവ ലോക സഹവർത്തിത്വം' ആരംഭിച്ചു കഴിഞ്ഞു എന്നദ്ദേഹം പ്രസ്താവിച്ചു .

വിവിധ ക്രൈസ്തവ സഭകൾ ഇപ്പോൾ പലതായി പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുകയാണെങ്കിലും, യേശുവിന്റെ സഭ ഒന്നേയുള്ളു എന്നും, എല്ലാ ക്രൈസ്തവരും യേശുവിന്റെ ആ സഭയിൽ പങ്കാളികളാണെന്നും പിതാവ് ഓർമ്മിപ്പിച്ചു.

"വിശുദ്ധ കവാടം യേശുവാകുന്നു. വിശുദ്ധ കവാടം തുറക്കപ്പെട്ടിട്ടുള്ള ലോകത്തിലെ ഏത് ദേവാലയത്തിലും, വേണ്ടുന്ന ഒരുക്കങ്ങളോടെ നിങ്ങൾ പ്രവേശിക്കുകയാണെങ്കിൽ, നിങ്ങൾ യേശുവിൽ എത്തിച്ചേരുകയാണ്."

"ഹൃദയത്തിന്റെ കവാടങ്ങൾ തുറന്നിട്ടു വേണം, നിങ്ങൾ വിശുദ്ധ കവാടത്തിലൂടെ യേശു സമക്ഷം എത്തേണ്ടത്."

വിശുദ്ധവർഷത്തിന്റെ മറ്റൊരു പ്രധാന ഘടകമാണ് കുമ്പസാരം എന്ന കൂദാശ. കരുണ നേരിട്ട് അനുഭവവേദ്യമാകുന്ന നിമിഷമാണത്. "ദൈവസ്നേഹവും മാപ്പും ലഭിക്കണമെങ്കിൽ, നിങ്ങൾ നിങ്ങളുടെ സഹോദരങ്ങളോട് ക്ഷമിച്ചിരിക്കണം എന്നോർക്കുക. നിങ്ങൾ പശ്ചാത്തപിക്കുമ്പോൾ, സ്വർഗ്ഗത്തിൽ ആഘോഷമുണ്ടാകും! നിരാശപ്പെടാതെ മുന്നോട്ടു പോകുക!"

പ്രഭാഷണത്തിനു മുമ്പ് , തീർത്ഥാടകർ, 79 വയസ് തികയുന്ന ഫ്രാൻസിസ് പാപ്പയ്ക്ക്, ജന്മദിനാശംസകൾ നേർന്നിരുന്നു. മെക്സിക്കോ പത്രപ്രവർത്തകയായ വലന്റീന അലാസ്‌കി, മെക്സിക്കോയിലെ ജനങ്ങളുടെ സ്നേഹോപഹാരമായി മാർപ്പാപ്പയ്ക്ക് ഒരു ബെർത്ത് ഡേ കേക്ക് സമ്മാനിക്കുകയുണ്ടായി- Catholic Herald റിപ്പോർട്ട് ചെയ്യുന്നു.

More Archives >>

Page 1 of 18