News - 2025
രണ്ടാമത്തെ അത്ഭുതവും മാർപാപ്പ അംഗീകരിച്ചു; മദർ തെരാസ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയരും
സ്വന്തം ലേഖകൻ 19-12-2015 - Saturday
മദർ തെരാസേയുടെ മദ്ധ്യസ്ഥതയിൽ രോഗശാന്തി ലഭിച്ച അത്ഭുതം മാർപാപ്പ അംഗീകരിച്ചതോടെ, വിശുദ്ധരുടെ ഗണത്തിൽ മദർ തെരാസ കൂടി ചേരുകയാണ്. വാഴ്ത്തപ്പെട്ട തെരേസ, വിശുദ്ധപദവിക്ക് അർഹയായി തീരുന്ന കൽപ്പനയിൽ പിതാവ് ഒപ്പുവെച്ചു. ഇതോടൊപ്പം മറ്റു മൂന്ന് പേരുകൾ കൂടി വിശുദ്ധപദവയിലേക്ക് ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്- Catholic News റിപ്പോർട്ട് ചെയ്യുന്നു.
മദർ തെരേസയെ വിശുദ്ധയാക്കി പ്രഖ്യാപിക്കുന്ന ചടങ്ങ് എന്നായിരിക്കും എന്നുള്ളത്, ഫെബ്രുവരിയിൽ നടക്കുന്ന കർദ്ദിനാൾമാരുടെ കൺസിലായിരിക്കും തീരുമാനിക്കുക. ആ ദിവസം മിക്കവാറും സെപ്തംബർ 4-ാം തീയതി ആയിരിക്കും എന്ന്, കരുണയുടെ വർഷത്തിന്റെ സംഘാടക പ്രസിഡന്റ്, ആർച്ച് ബിഷപ്പ് റിനോ ഫിച്ചെല്ല സൂചിപ്പിച്ചു. മദർ തെരേസ 1997- സെപ്തംബർ 5-ന് ദേഹം വെടിഞ്ഞിട്ട് 19 വർഷം തികയുന്നതിന്റെ തലേ ദിവസമാണത്. ഒപ്പം തന്നെ കരുണയുടെ സന്നദ്ധ സേവകരുടെ ജൂബിലി ആഘോഷിക്കപ്പെടുന്ന ദിവസം കൂടിയാണ് സെപ്തംബർ നാല്.
ബ്രസീലിലെ സാന്റോസ് എന്നു പേരുള്ള, ഇപ്പോൾ 42 വയസുള്ള മെക്കാനിക്കൽ എഞ്ചിനീയറുടെ രോഗശാന്തിയാണ് രണ്ടാമത്തെ അത്ഭുതമായി കണക്കാക്കപ്പെടുന്നത് എന്ന്, തെരേസയുടെ വിശുദ്ധപദവിക്കുള്ള സ്വീകൃതപക്ഷവാദിയായ, മിഷിനറീസ് ഓഫ് ചാരിറ്റിയിലെ Fr. ബ്രയ്ൻ കെലോടിചെക് പറഞ്ഞു.
മസ്തിഷ്ക്കത്തിലെ അണുബാധയെ തുടർന്നുണ്ടായ വീക്കവും പരുക്കളുമായാണ് ഇയാളെ ആശുപതിയിൽ പ്രവേശിപ്പിച്ചത്. ചികിത്സകളെല്ലാം വൃഥാവിലായി. അയാൾ അബോധാവസ്ഥയിലേക്ക് (coma) വഴുതി വീണു. ഡോക്ടർമാർ കൈയൊഴിഞ്ഞു.
അയാളുടെ വിവാഹം കഴിഞ്ഞിട്ട് അധികം നാളായിരുന്നില്ല. അയാളുടെ ഭാര്യ, മാസങ്ങളോളം നിരന്തരമായി, വാഴ്ത്തപ്പെട്ടതെരേസ യോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും പ്രാർത്ഥനയിൽ അവളോടൊത്തു കൂടി. ആ സമയം, അവസാന ശ്രമമെന്ന നിലയിൽ, ഡോക്ടർമാർ, മരിച്ചു കൊണ്ടിരിക്കുന്ന രോഗിയിൽ ഒരു ശസ്ത്രക്രിയ കൂടി പരീക്ഷിക്കുവാൻ തയ്യാറായി. 2008 ഡിസംബർ 9-ന് രോഗിയെ തിയറ്ററിലേക്ക് നീക്കി.
സർജൻ ഓപ്പറേഷന് തയ്യാറായി എത്തിയപ്പോൾ അദ്ദേഹം കണ്ടത്, അല്പംപോലും വേദനയില്ലാതെ രോഗി ഉണർന്നിരിക്കുന്നതാണ്. അയാൾ ഡോക്ടറോട് ചോദിച്ചു: "ഞാനെന്താ ഇവിടെ?" എല്ലാ രോഗലക്ഷണങ്ങളും അയാളെ വിട്ടകന്നിരുന്നതായി ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു. വത്തിക്കാന്റെ മെഡിക്കൽ കമ്മിഷൻ കേസ് പഠിച്ചതിനു ശേഷം, ഇത് വിശദീകരിക്കാനാവാത്ത രോഗശാന്തിയാണെന്ന് വിധിയെഴുതി.
സാധാരണഗതിയിൽ, വിശുദ്ധപദവിക്ക് പരിഗണിക്കപ്പെടണമെങ്കിൽ, ആ വ്യക്തി മരിച്ച് അഞ്ചു വർഷം കഴിഞ്ഞിരിക്കണം. പക്ഷേ, മദർ തെരേസയുടെ കാര്യത്തിൽ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആ നിയമത്തിൽ ഇളവ് അനുവദിക്കുകയും, അഞ്ചു വർഷം തികയുന്നതിനു മുമ്പുതന്നെ തെരേസയെ വിശുദ്ധപദവിയിലേക്ക് പരിഗണനയ്ക്ക് എടുക്കുകയും ചെയ്തു. 2003-ൽ അദ്ദേഹം മദർ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
ദരിദ്രരിൽ ദരിദ്രരായവർക്ക് സേവനം ചെയ്തു കൊണ്ട്, മദർ തെരേസ സ്ഥാപിച്ച മിഷിനറ്റീസ് ഓഫ് ചാരിറ്റി, ലോകത്തെല്ലായിടത്തും പ്രവർത്തനം തുടരുകയാണ്.
വിശുദ്ധ ഗണത്തിലേക്ക് ഉയർത്തപ്പെടുന്ന മറ്റു മൂന്നു പേർ ഇവരൊക്കെയാണ്:
ഉഗാണ്ടയിൽ ആതുരസേവനം നടത്തിയിരുന്ന ഇറ്റാലിയൻ സർജൻ Fr.ഗഡിപ്പെ അബ്രോസ്ലി. ജീവിതകാലം മുഴുവനും തന്റെ മിഷിനറി പ്രവർത്തനങ്ങൾ തുടർന്ന അദ്ദേഹം, ഉഗാണ്ടയിൽ ഒരു ആശുപത്രിയും ഒരു സൂതി കർമ്മ വിദ്യാലയവും (midwifery school) നടത്തിയിരുന്നു. 1987-ൽ അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിന്റെ പിതാവ് വലിയൊരു തേൻ കമ്പനിയുടെ ഉടമസ്ഥനായിരുന്നു.
വിശുദ്ധപദവിയിലേക്കുയർത്തപ്പെട്ട മറ്റൊരാൾ ഹെന്റി റിച്ച് ഹാൻ എന്ന ജർമ്മൻ ഡോക്ടറാണ്. പത്തു കുട്ടികളുടെ പിതാവായിരുന്ന ഹാൻ, അധിക സമയവും പാവങ്ങൾക്ക് വൈദ്യ ശുശ്രുഷ നൽകാനാണ് ചെലവൊഴിച്ചത്. ജർമ്മൻ പാർലിമെന്റിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. St. ഫ്രാൻസിസ് സേവ്യർ മിഷൻ സൊസൈറ്റിയുടെ സ്ഥാപകനാണ്. മാറാരോഗങ്ങൾക്ക് ചികിത്സ നടത്തുന്ന ഗെസിപ്പിനോ ഇൻസ്റ്റിറ്റ്യൂട്ടും അദ്ദേഹം സ്ഥാപിച്ചതാണ്.1882-ൽ അദ്ദേഹം മരണമടഞ്ഞു.
മദർ തെരേസയെ കൂടാതെ വിശുദ്ധപദവിയിലേക്കുയർത്തപ്പെടുന്ന മൂന്നാമൻ, ധീരവും മാതൃകാപരവുമായ ക്രൈസ്തവ ജീവിതം നയിച്ച സ്പെയിൻകാരൻ ബ്രദർ ലിയനാർഡോലാൻസുല്ല മാർട്ടിനെസ്സാണ് (1894-1976).